റിയാദ് : പ്രമുഖ ചരിത്രകാരനും ഇന്ത്യ ഇരുളും വെളിച്ചവും, മഹാത്മാ ഗാന്ധി കാലവും കര്‍മ്മപര്‍വവും എന്നീ ഗ്രന്ഥങ്ങളിലൂടെ ഏറെ ശ്രദ്ധേയനുമായ പി ഹരീന്ദ്രനാഥ് റിയാദിലെത്തുന്നു മെയ് 10ന് വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് ബത്ത ഡിപാലസ് ഓഡിറ്റോറിയത്തില്‍ ഒ ഐ സി സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന “ഗാന്ധിസം സമകാലികം” എന്ന വിഷയത്തില്‍ അദ്ദേഹം മുഖ്യ പ്രഭാഷണം നടത്തും

ഇന്ന് ഏറ്റവുമധികം തമസ്കരണത്തിനും വളച്ചൊടിക്കലിനും ദുർവ്യാഖ്യാനങ്ങൾക്കും വിധേയമാകുന്നത് നമ്മുടെ ദേശീയപ്രസ്ഥാനവും ദേശീയത എന്ന സങ്കൽപവും ഒപ്പം, മഹാത്മാ ഗാന്ധിയെപ്പോലുള്ള നേതാക്കളുടെ സംഭാവനകളുമാണ്. നമ്മുടെ നാട്ടിലെ സാധാരണക്കാരുടെ മനസ്സിലേക്ക് വികലമായ ചരിത്രസങ്കൽപങ്ങൾ ബോധപൂർവം അടിച്ചേൽപിക്കപ്പെടുകയാണ്. യഥാർഥ ചരിത്രം കഥയായി, പുരാവൃത്തമായി, ഐതിഹ്യമായി തിരുത്തിയെഴുതപ്പെടുകയാണ്. ഇതിനെതിരെയുള്ള വസ്തുനിഷ്ഠവും യുക്തിഭദ്രവുമായ ഇടപെടലുകളാണ് കാലം ആവശ്യപ്പെടുന്നത്.

വളരെ ആസൂത്രിതവും തന്ത്രപരവുമായ നീക്കങ്ങളിലൂടെ നമ്മുടെ രാജ്യത്തെ, ജനാധിപത്യത്തിന്റെ മറ ഉപയോഗിച്ച് ഒരു ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾ ശക്തിപ്രാപിക്കുകയാണ്. സംവാദങ്ങൾക്ക് ഇടമില്ലാത്ത ഒരു അടഞ്ഞ ലോകത്തിലാണ് മതമൗലികവാദികളുടെ അതിജീവനം. എല്ലാ മതവിശ്വാസികൾക്കും ഒരുപോലെ ചിന്തിക്കാനും പ്രവർത്തിക്കാനും സ്വാതന്ത്ര്യമുള്ള ബഹുസ്വരസമൂഹമായിരുന്നു നമ്മുടേത്. ഗാന്ധിജിയെപ്പോലുള്ള നേതാക്കളുടെ സ്വപ്നവും അതായിരുന്നു. ജാതി വിരുദ്ധവും മതനിരപേക്ഷവുമാവുക എന്നതാണ് ഇന്ത്യയിലെ പൗര സമൂഹ നിർമിതിയുടെ ആദ്യപാഠം.
പക്ഷേ, നാമിന്ന് അപകടം പിടിച്ച ഒരിടത്താണ്. ഇവിടെയാണ് ചരിത്രത്തിന്റെ പുനർവായന അനിവാര്യമായിരിക്കുന്നത്. ചരിത്രങ്ങള്‍ പഠിക്കാനും ഓര്‍മിക്കാനും പുതുതലമുറക്ക് കൈമാറാനും കഴിയുന്ന അവസരമാണ് ഈ പ്രഭാഷണമെന്നും എല്ലാ ജനാധ്യപത്യ വിശ്വാസികളും ചടങ്ങില്‍ പങ്കെടുക്കണമെന്ന് ഒ ഐ സി സി സെന്‍ട്രല്‍ കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു