
മക്ക: ഹജ്ജ് സീസണിൽ രാജ്യത്ത് ജോലി ചെയ്യുന്ന താമസക്കാർക്കായി ഇലക്ട്രോണിക് രീതിയിൽ മക്കയിലേക്കുള്ള എൻട്രി പെർമിറ്റുകൾക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് ആരംഭിച്ചതായി പാസ്പോർട്ട് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്ഫോമായ ‘അബ്ഷിർ’ മുഖേനയും ‘മുഖീം പോർട്ടൽ’ വഴിയുമാണ് പെർമിറ്റുകൾ നൽകുന്നതെന്ന് പാസ്പോർട്ട് വകുപ്പ് വിശദീകരിച്ചു. ഇതിനായി പാസ്പോർട്ട് ഓഫീസുകൾ സന്ദർശിക്കേണ്ട ആവശ്യമില്ല. ഹജ്ജ് പെർമിറ്റുകൾ നൽകുന്നതിനുള്ള ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമായ തസ്രീഹ് പ്ലാറ്റ്ഫോമുമായി ഈ സംവിധാനം സാങ്കേതികമായി സംയോജിപ്പിച്ചിരിക്കുന്നുവെന്നും പാസ്പോർട്ട് ഡയറക്ട്രേറ്റ് വ്യക്തമാക്കി.
ഗാർഹിക തൊഴിലാളികൾ, ആശ്രിതർ, പ്രീമിയം റസിഡൻസി ഉടമകൾ, നിക്ഷേപകർ, ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ പൗരന്മാർ എന്നിവർക്ക് ആവശ്യമായ രേഖകൾ അറ്റാച്ച് ചെയ്തശേഷം പെർമിറ്റുകൾ അബ്ഷിൽ പ്ലാറ്റ്ഫോമിലുടെ നൽകുന്നു. മുഖീം ഇലക്ട്രോണിക് പോർട്ടലിലൂടെ മക്ക ആസ്ഥാനമായുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും സീസണൽ വർക്ക് വിസയുള്ളവർക്കും ഹജ്ജ് സീസണിൽ ഈ സ്ഥാപനങ്ങളുമായി തൊഴിൽ കരാറുള്ളവർക്കും മക്കയിലേക്കുള്ള എൻട്രി പെർമിറ്റ് നൽകുന്നുവെന്നും പാസ്പോർട്ട് ഡയറക്ടറേറ്റ് പറഞ്ഞു.
അതേസമയം, ഇന്ത്യക്കുള്ള ഹജ്ജ് ക്വാട്ടയും വർധിപ്പിച്ചു. 10,000 പേർക്ക് കൂടിയാണ് ഹജ്ജിന് അവസരം അനുവദിച്ചത്. ഇതോടെ ഇന്ത്യയിൽ നിന്നുള്ള ഹാജിമാരുടെ എണ്ണം 175,025 ആയി ഉയർന്നു. കേന്ദ്ര സർക്കാരിന്റെ അപേക്ഷയെ തുടർന്നാണ് എണ്ണം കൂട്ടിയത്. ഇന്ത്യയിൽ നിന്നുള്ള വാർഷിക ഹജ്ജ് ക്വാട്ട 2014ലെ 136,020ൽ നിന്ന് 2025ലെത്തുമ്പോൾ 175,025 ആയി വർധിച്ചതായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പറഞ്ഞു. ഇതിൽ 1,22,518 തീർഥാടകർക്കുള്ള ക്രമീകരണങ്ങൾ ഇന്ത്യൻ ഹജ്ജ് കമ്മിറ്റിയാണ് കൈകാര്യം ചെയ്യുന്നത്. ബാക്കിയുള്ളവ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്കാണ്.