
ന്യൂഡല്‍ഹി: രാജ്യത്തെത്തിച്ച മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി പാകിസ്ഥാന്‍ വംശജനായ കനേഡിയന്‍ പൗരന്‍ തഹാവൂര്‍ റാണയെ ചോദ്യം ചെയ്യുക പന്ത്രണ്ടംഗ എന്‍ഐഎ സംഘം. എന്‍ഐഎ മേധാവി, രണ്ട് ഐജിമാര്‍, ഒരു ഡിഐജി, ഒരു എസ്പി ഉള്‍പ്പടെ പന്ത്രണ്ട് അംഗങ്ങളാണ് ചോദ്യം ചെയ്യുന്ന ഉന്നതതല സംഘത്തിലുള്ളത്. ഇവര്‍ക്ക് മാത്രമേ റാണയെ പാര്‍പ്പിക്കുന്ന സെല്ലിലേക്ക് പ്രവേശനമുള്ളു.
എന്‍ഐഎ മേധാവി സദാനന്ദ് ദാതേ, ഐജി ആശിഷ് ബത്ര, ഡിഐജി ജയ റോയ് എന്നിവര്‍ അതില്‍ ഉള്‍പ്പെടുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. മറ്റാര്‍ക്കെങ്കിലും റാണയെ സന്ദര്‍ശിക്കണ മെങ്കില്‍ അതിന് മുന്‍കൂട്ടി അനുമതി ആവശ്യമാണ്. എന്‍ഐഎ മേധാവിയായ സദാനന്ദ് ദാതേ 1990 ബാച്ച് മഹാരാഷ്ട്ര കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് 2008-ലെ മുംബൈ ഭീകരാക്രമണ സൂത്രധാരന്‍മാരായ അജ്മല്‍ കസബിനെയും ഇസ്മയലിനെയും ധീരമായി നേരിട്ട ഉദ്യോഗസ്ഥന്‍ കൂടിയാണ്. അതിനിടെ അദ്ദേഹത്തിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം റാണയെ യുഎസില്‍ നിന്ന് രാജ്യത്തെത്തിക്കുന്നതില്‍ നിര്‍ണായകപങ്കാണ് അദ്ദേഹം വഹിച്ചത്.
2008 ലെ മുംബൈ ആക്രമണത്തിന്റെ മറ്റാരു സൂത്രധാരനായ പാകിസ്ഥാന്‍ ഭീകരന്‍ സാജിദ് മിറുമായുള്ള ആശയവിനിമയത്തെക്കുറിച്ചുള്ള വിശദാംശങ്ങളും തേടും. ആ സമയത്ത് സാജിദ് മിര്‍ രാജ്യത്തുണ്ടായി രുന്നതായാണ് റിപ്പോര്‍ട്ടുകള്‍.