ന്യൂഡല്‍ഹി: സൂപ്പര്‍ താരം വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. സാമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചാണ് താരം വിരമിക്കുന്ന വിവരം ആരാധകരെ അറിയിച്ചത്. ഇത് എളുപ്പമല്ലെന്നും ടെസ്റ്റ് ക്രിക്കറ്റ് താന്‍ പ്രതീക്ഷിച്ചതിലേറെ തനിക്ക് തിരിച്ചുതന്നെന്നും കോലി പോസ്റ്റിൽ പറഞ്ഞു. രോഹിത് ശർമയ്ക്ക് പിന്നാലെയാണ് കോലിയും ടെസ്റ്റ് ക്രിക്കറ്റിന്‍റെ പടിയിറങ്ങുന്നത്.

കഴിഞ്ഞ വർഷം ബാർബഡോസിൽ ഇന്ത്യ ലോകകപ്പ് വിജയിച്ചതിന് ശേഷം രോഹിതും കോലിയും നേരത്തെ ടി20 മത്സരങ്ങളിൽ നിന്ന് വിരമിച്ചിരുന്നു. നിലവില്‍ പുതിയൊരു ലോക ടെസ്റ്റ് ചാമ്പ്യൻഷി പ്പിന് തുടക്കം കുറിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി ഇരുവരും ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും പിന്മാറി. ടെസ്റ്റിൽ കോലിയുടെ അരങ്ങേറ്റം 2011-ൽ വെസ്റ്റ് ഇൻഡീസിനെതിരേയായിരുന്നു. ഈ വർഷ മാദ്യം ഓസ്‌ട്രേലിയക്കെതിരേ ബോർഡർ-ഗാവസ്‌കർ ട്രോഫിയിലാണ് അവസാനമായി കളിച്ചത്.
2024-25 ടെസ്റ്റ് സീസണിലെ കോലിയുടെ പ്രകടനം
ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിൽ താരത്തിന് സ്ഥിരത കണ്ടെത്താൻ കഴിഞ്ഞില്ലായിരുന്നു. പരമ്പരയിലെ ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടിയെങ്കിലും അഞ്ച് ടെസ്റ്റുകളിൽ നിന്ന് 186 റൺസ് മാത്രമേ കോലിക്ക് നേടാൻ കഴിഞ്ഞുള്ളൂ. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള താരത്തിന്‍റെ തീരുമാനത്തിന് പിന്നിലെ ഒരു ഘടകമായി ഈ മോശം ഫോം കണക്കാക്കപ്പെടുന്നു.
ടെസ്റ്റിൽ കോലിയുടെ ബാറ്റിംഗ്
ഇന്ത്യയ്ക്കായി 123 ടെസ്റ്റ് മത്സരങ്ങളിൽ കളിച്ച കോലി 46.85 ശരാശരിയിൽ 9,230 റൺസ് നേടിയിട്ടുണ്ട്. 30 സെഞ്ച്വറികളും 31 അർദ്ധസെഞ്ച്വറികളും താരത്തിന്‍റെ പേരിലുണ്ട്. 55 ഹോം ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 55.58 ശരാശരിയിൽ 4,336 റൺസും 66 എവേ മത്സരങ്ങളിൽ നിന്ന് 41.51 ശരാശരിയിൽ 4,774 റൺസും കോലി നേടിയിട്ടുണ്ട്.
ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയിൽ കൂടുതൽ വിജയങ്ങൾ
68 ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ച കോലി ഒരു ഇന്ത്യൻ നായകൻ നേടുന്ന ഏറ്റവും കൂടുതൽ ടെസ്റ്റുകൾ താരത്തിന്‍റെ പേരില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ക്യാപ്റ്റനെന്ന നിലയിൽ 40 വിജയങ്ങളും 17 തോൽവികളും 11 സമനിലകളുമാണ് കോലിയുടെ സമ്പാദ്യം. താരത്തിന്‍റെ വിജയശതമാനം 58.82 ആണ്. ടീം ഇന്ത്യ ക്യാപ്റ്റനെന്ന നിലയിൽ കോലി 5,864 റൺസ് നേടിയിട്ടുണ്ട്. 2014 മുതൽ 2022 വരെയാണ് കോലി ഇന്ത്യയെ നയിച്ചത്.