ഹമാസിനെയും ഹിസ്ബുള്ളയേയും ഇല്ലാതാക്കിയാലും സമാധാനം പുലരില്ല’; ഇറാന്‍ നടപടികളെ അപലപിക്കുന്നത് ചില സര്‍ക്കാരുകള്‍ക്ക് എളുപ്പമാണ്. ഇസ്രായേല്‍ അനധികൃത അധിനിവേശം അവസാനിപ്പിക്കണമെന്ന് ഒമാന്‍.


മസ്‌കറ്റ്: മേഖലയില്‍ സമാധാനം കൈവരിക്കുന്നതിന് പലസ്തീന് എതിരായ ഇസ്രായേല്‍ അനധികൃത അധിനിവേശം ഉടന്‍ അവസാനിപ്പിക്കണമെന്ന് ഒമാന്‍ ലോക നേതാക്ക ളോട് അഭ്യര്‍ഥിച്ചു. എക്സിലെ ഒരു പോസ്റ്റില്‍ ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനെ തടഞ്ഞതു കൊണ്ടോ ഹമാസിനെ ഇല്ലാതാക്കിയോ ഹിസ്ബുള്ളയെ പരാജയപ്പെടുത്തിയോ മേഖലയില്‍ യഥാര്‍ത്ഥ സമാധാനം കൈവരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇറാന്‍ നടപടികളെ അപലപിക്കുന്നത് ചില സര്‍ക്കാരുകള്‍ക്ക് എളുപ്പമാണ്. പക്ഷെ അതിലൂടെ പ്രശ്നം പരിഹരിക്കപ്പെടുകയില്ല. ഇറാനെ അപലപിക്കുകയും അതേസമയം ഇസ്രായേലിൻ്റെ അതിക്രമങ്ങൾക്ക് നിരുപാധികമായ പിന്തുണ നൽകുകയും ചെയ്യുന്ന ചില രാജ്യങ്ങളുടെ രീതിയെ വിമര്‍ശിച്ച സയ്യിദ് ബദര്‍, ഇത്തരം നയങ്ങള്‍ പ്രതിസന്ധി യെ അര്‍ഥവത്തായ രീതിയില്‍ അഭിമുഖീകരിക്കുന്നതില്‍ പരാജയപ്പെടുന്നുവെന്നും വ്യക്തമാക്കി. പലസ്തീന്‍ രാഷ്ട്രത്വം രൂപീകരിക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം കാണിക്കുന്ന ദീര്‍ഘകാല വിമുഖതയെ മന്ത്രി അപലപിച്ചു. നിയമവിരുദ്ധമായ കുടി യേറ്റങ്ങളിലൂടെ പലസ്തീൻ്റെ അവകാശങ്ങളെ കവർന്നെടുക്കുകയാണ് ഇസ്രായേലെന്ന വര്‍ണ വിവേചന ഭരണ കൂടമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നിയമത്തോടുള്ള ആത്മാര്‍ഥമായ ബഹുമാനം പ്രകടിപ്പിക്കാൻ അദ്ദേഹം ലോക രാഷ്ട്രങ്ങളെ ആഹ്വാനം ചെയ്തു.

ഇസ്രയേലിന്റെ സൈനിക പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച് അധിനിവേശം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പലസ്തീന്റെ കാര്യത്തില്‍ അന്താരാഷ്ട്ര നിയമങ്ങൾ നടപ്പാക്കുന്നത് ആവര്‍ത്തിച്ച് തടയുന്നവരാണ് ഇസ്രയേലിൻ്റെ കാര്യത്തിൽ അന്താരാഷ്ട്ര നിയമങ്ങളെ കുറിച്ച് സംസാരിക്കുന്നത്. ഈ സ്ഥിതിക്ക് ഇനിയെങ്കിലും മാറ്റമുണ്ടാവണം. എല്ലാ കാര്യങ്ങളിലും അന്താരാഷ്ട്ര നിയമത്തെ മാനിക്കാൻ തയ്യാറാവണം. മേഖലയിലെ യാഥാർഥ്യം ഉൾക്കൊണ്ടുള്ള പരിഹാര ശ്രമങ്ങളാണ് ഉണ്ടാവേണ്ടത്.

എന്നാൽ പല പാശ്ചാത്യ ഗവണ്‍മെന്റുകളും ഈ യാഥാര്‍ത്ഥ്യം കൈകാര്യം ചെയ്യുന്നത് മാറ്റിവയ്ക്കുകയും പലസ്തീനികളുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്ന കാര്യ ത്തിൽ നിഷ്ക്രിക്രിയത്വം പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അധിനി വേശത്തിന്‍ കീഴിലുള്ള പലസ്തീന്‍ ജനതയുടെ അവകാശങ്ങളും ജീവിതവും ക്രമേണ ഇല്ലാതായത് അനധികൃത കുടിയേറ്റങ്ങളുടെ വ്യാപനവും വംശീയ വിവേചനം അടിച്ചേല്‍പ്പിക്കുന്ന നയങ്ങളുമാണെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽ പറത്തുന്ന ഇസ്രായേലിനെ പിന്തുണയ്ക്കുന്നവര്‍ക്ക് അന്താരാഷ്ട്ര നിയമത്തിന്റെ പേരില്‍ സംസാരിക്കാൻ അർഹതയില്ല. അന്താരാഷ്ട്ര നിയമത്തോടുള്ള ആദരവ് വാക്കുകളിലൂടെയല്ല, മറിച്ച് പ്രവൃത്തിയിലൂടെ ആയിരി ക്കണം പ്രകടിപ്പിക്കേണ്ടത്. ഗസ, വെസ്റ്റ് ബാങ്ക്, ലെബനന്‍ എന്നിവിടങ്ങളിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ ഇസ്രായേല്‍ നിര്‍ത്തിവയ്ക്കണം. പലസ്തീനില്‍ ഇസ്രയേലിന്റെ അനധികൃത അധിനിവേശം അവസാനിപ്പിക്കാന്‍ കൂട്ടായ അന്താരാഷ്ട്ര നടപടി ഇതിന് പിന്നാലെ വേണം. അന്താരാഷ്ട്ര സമൂഹത്തിന്റെ എല്ലാ സ്രോതസ്സുകളുടെയും പിന്തുണയോടെ പൂര്‍ണമായ പരമാധികാര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കപ്പെടണം. എങ്കിൽ മാത്രമേ മേഖലയിൽ സമാധാനത്തോടെയുള്ള ജീവിതം സാധ്യമാവൂ എന്നും ഒമാൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.


Read Previous

അഭയാര്‍ഥി ക്യാമ്പിന് നേരെ ഇസ്രയേല്‍ വ്യോമാക്രമണം; ഹമാസ്‌ നേതാവും കുടുംബവും കൊല്ലപ്പെട്ടു; ഇസ്രയേല്‍ -ഹമാസ് സംഘര്‍ഷം ഒരാണ്ട് തികയ്ക്കുമ്പോള്‍ 41,000 പലസ്‌തീനികള്‍ കൊല്ലപ്പെട്ടുവെന്ന് കണക്കുകള്‍.

Read Next

സൗദിയില്‍ വരുംദിവസങ്ങളില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »