ഇവിഎം പരിശോധന: തോറ്റ സ്ഥാനാര്‍ഥികള്‍ നല്‍കേണ്ടത് 40,000 രൂപയും ജിഎസ്ടിയും: മാര്‍ഗരേഖ പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍


ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനത്തിന് ശേഷം വോട്ടിങ് മെഷിനുകളിലെ മൈക്രോ കണ്‍ട്രോളര്‍ യൂണിറ്റ് പരിശോധിക്കുന്നതിനുള്ള മാര്‍ഗരേഖ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി.

രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്ന സ്ഥാനാര്‍ഥികള്‍ക്കാണ് ആവശ്യമെങ്കില്‍ വോട്ടിങ് മെഷിനുകളിലെ കണ്‍ട്രോളര്‍ യൂണിറ്റ് പരിശോധിക്കുന്നതിനുള്ള അവസരം ഉണ്ടാകുക. ഇതിനായി സ്ഥാനാര്‍ഥികള്‍ 40,000 രൂപയും 18 ശതമാനം ജിഎസ്ടിയും നല്‍കണം. കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് യൂണിറ്റ് എന്നിവയുടെ പരിശോധനയ്ക്കാണ് ഈ തുക സ്ഥാനാര്‍ഥികള്‍ നല്‍കേണ്ടത്.

ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ ഈ തുക സ്ഥാനാര്‍ഥികള്‍ക്ക് മടക്കി നല്‍കും. വോട്ടിങ് മെഷിനില്‍ ക്രമക്കേട് ഉണ്ടെന്ന സംശയം ഉണ്ടെങ്കില്‍ ഫലപ്രഖ്യാപനം നടന്ന് ഏഴ് ദിവസത്തിനുള്ളില്‍ കണ്‍ട്രോളര്‍ യൂണിറ്റ് പരിശോധിക്കണമെന്ന് രണ്ടും മൂന്നും സ്ഥാനത്തെത്തിയ സ്ഥാനാര്‍ഥികള്‍ക്ക് ആവശ്യപ്പെടാം. ജൂണ്‍ 10 വരെയാണ് പരിശോധന ആവശ്യപ്പെടാനുള്ള സമയ പരിധി.

ലോക്‌സഭ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന ഓരോ നിയമസഭാ മണ്ഡലത്തിലേയും അഞ്ച് ശതമാനം വോട്ടിങ് മെഷിനുകള്‍ പരിശോധിക്കാന്‍ സ്ഥാനാര്‍ഥികള്‍ക്ക് ആവശ്യ പ്പെടാം. സ്ഥാനാഥികളുടേയും വോട്ടിങ് മെഷിന്‍ നിര്‍മ്മാതാക്കളായ ഇസിഐഎല്‍, ബിഇഎല്‍ എന്നീ സ്ഥാപനങ്ങളിലെ എന്‍ജിനിയര്‍മാരുടെയും സാന്നിധ്യത്തിലാകും പരിശോധന നടക്കുന്നത്.

രണ്ട് മാസത്തിനുള്ളില്‍ പരിശോധന നടപടികള്‍ പൂര്‍ത്തിയാക്കണം എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗരേഖയില്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് കേസുകള്‍ ഉണ്ടെങ്കില്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പരിശോധന നടക്കുകയുള്ളൂ.

സ്ഥാനാര്‍ഥികള്‍ പരിശോധന ആവശ്യപ്പെട്ടുളള അപേക്ഷ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കാണ് നല്‍കേണ്ടത്. ലഭിക്കുന്ന അപേക്ഷകള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാര്‍ക്ക് കൈമാറണം. ഈ അപേക്ഷകള്‍ തുടര്‍ന്ന് ഇവിഎം നിര്‍മ്മാതാക്കള്‍ക്ക് കൈമാറും. ഒരു മാസത്തിനുള്ളില്‍ ഈ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കണം എന്നും മാര്‍ഗ രേഖയില്‍ നിര്‍ദേശിക്കുന്നു.

പ്രത്യേകം സജ്ജീകരിച്ച മുറികളില്‍ ആണ് ഈ പരിശോധനകള്‍ നടത്തേണ്ടത്. സ്ഥാനാര്‍ഥികളുടെ സാന്നിധ്യത്തില്‍ മാത്രമേ വോട്ടിങ് മെഷിനുകള്‍ തുറക്കാനും സീല്‍ ചെയ്യാനും പാടുള്ളൂ. എല്ലാ നടപടിക്രമങ്ങളും വീഡിയോ ആയി ചിത്രീകരിക്കണം. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആണ് മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്.


Read Previous

യഥാര്‍ത്ഥ ഫലം എക്‌സിറ്റ് പോളുകള്‍ക്ക് നേര്‍ വിപരീതമായിരിക്കും; കാത്തിരുന്ന് കാണാമെന്ന് സോണിയ ഗാന്ധി

Read Next

സ്വകാര്യത ലംഘനം; 70 ലക്ഷം ഇന്ത്യൻ ഉപയോക്താക്കളെ ബാൻ ചെയ്ത് വാട്സ്ആപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »