
കുവൈത്ത് സിറ്റി: ആഹ്ലാദ പ്രകടനങ്ങള്‍ ഉള്‍പ്പെടെ റോഡുകളിലൂടെയും തെരുവുകളിലൂടെയും നടത്തുന്ന മാര്‍ച്ചുകളില്‍ പങ്കെടുക്കുന്ന പ്രവാസികള്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തി. അത്തരം പ്രകടനങ്ങളില്‍ പങ്കെടുക്കുന്നവരെ കുവൈറ്റില്‍ നിന്ന് ‘ഭരണപരമായ നാടുകടത്തലിന്’ വിധേയരാക്കുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
സിറിയയില്‍ ബശ്ശാറുല്‍ അസദ് ഭരണകൂടത്തെ പുറത്താക്കിയ വിമത സേനയുടെ നടപടികളില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സിറിയക്കാര്‍ പ്രകടനം നടത്തിയ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പെന്നാണ് സൂചന. സുരക്ഷാ പ്രശ്‌നങ്ങള്‍, ഗതാഗതക്കുരുക്ക്, പൊതു മര്യാദയുമായി ബന്ധപ്പെട്ട ലംഘനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകളുടെ വെളിച്ചത്തിലാണ് ഈ നടപടിയെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇത്തരത്തിലുള്ള ഒത്തുചേരലുകളില്‍ പങ്കെടുക്കുന്നത് അധികാരികളുടെ ഭാഗത്തു നിന്നുള്ള നിര്‍ണായക നടപടികള്‍ക്ക് കാരണമായേക്കാമെന്ന് മന്ത്രാലയത്തിന്‍റെ സെക്യൂരിറ്റി മീഡിയ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ട പ്രസ്താവനയില്‍ അധികൃതര്‍ അറിയിച്ചു. നാടുകടത്തല്‍ പോലുള്ള കര്‍ശന നടപടികള്‍ ഇവര്‍ക്കെതിരെ സ്വീകരിക്കുമെന്നും രാജ്യത്തെ ക്രമസമാധാനവും നിയമപാലനവും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമാണിതെന്നും അധികൃതര്‍ വ്യക്തമാക്കി.
പൊതു സുരക്ഷ ഉറപ്പുവരുത്തുന്നതിന് പ്രവാസികളും താമസക്കാരും സുരക്ഷാ സേനയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയും പ്രാദേശിക നിയമങ്ങള്‍ പാലിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുകയും ചെയ്യണമെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. അനധികൃത ഒത്തുചേരലുകളിലോ പരിപാടികളിലോ പങ്കെടുക്കുന്നത് ഒഴിവാക്കുന്നതുള്‍പ്പെടെ കുവൈറ്റ് നിയമങ്ങള്‍ പ്രവാസികള്‍ കര്‍ശനമായി പാലിക്കണം. ഔദ്യോഗിക അംഗീകാരമില്ലാത്ത പൊതു ജാഥകള്‍ ഗതാഗത തടസ്സത്തിന് കാരണമാവും എന്നതിനാല്‍ ഇതില്‍ പങ്കെടുത്തവര്‍ക്കെതിരേ കനത്ത പിഴകള്‍ ചുമത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.