പ്രവാസികളെ കൊണ്ട് വിസയില്ലാതെ ജോലി ചെയ്യിക്കുന്നു; തൊഴിലുടമകൾക്കെതിരേ മുന്നറിയിപ്പുമായി അധികൃതർ


സൗദി പൗരന്മാരെ നിയമിക്കുന്നതിനുള്ള നിയമങ്ങള്‍ മറികടന്ന് തൊഴില്‍ ലൈസന്‍സില്‍ രേഖപ്പെടുത്തിയിട്ടില്ലാത്ത ജോലികള്‍ ചെയ്യാന്‍ പ്രവാസികളെ അനുവദിക്കുന്ന തൊഴിലുടമകള്‍ക്ക് മുന്നറിയിപ്പ്ുമായി സൗദി അറേബ്യ. ഒരു വിദേശ തൊഴിലാളിയെ അവരുടെ ലൈസന്‍സില്‍ പറഞ്ഞിട്ടില്ലാത്ത തൊഴിലില്‍ ഏര്‍പ്പെടാന്‍ അനുവദിക്കുന്നത് സൗദി തൊഴില്‍ നിയമങ്ങളുടെ ലംഘനമാണെന്ന് സൗദി മനുഷ്യ വിഭവ സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.

ഇത്തരം നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ അക്കാര്യം ഔദ്യോഗിക ആപ്പുകള്‍ വഴി റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രാലയം ആഹ്വാനം ചെയ്തു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജ്യത്ത് വിവിധ തൊഴില്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം സൗദി അധികൃതര്‍ ശക്തമാക്കിയിരുന്നു. പൊതുമേ ഖലയ്ക്കു പുറമെ, സ്വകാര്യ മേഖലയിലും സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ തൊഴിലുകള്‍ സൗദികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു.

ഉദാഹരണമായി വിദ്യാഭ്യാസം, ടെലികമ്മ്യൂണിക്കേഷന്‍, റിയല്‍ എസ്റ്റേറ്റ്, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ സ്വദേശികളുടെ തൊഴില്‍ വര്‍ധിപ്പിക്കുന്നതിനും വിദേശ തൊഴിലാളികളെ ആശ്രയി ക്കുന്നത് കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി സംരംഭങ്ങള്‍ സൗദി അറേബ്യ ആരംഭിച്ചിട്ടുണ്ട്. ‘സൗദിവല്‍ക്കരണം’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ തൊഴില്‍ നയം സൗദി പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് പലവിധ പ്രോത്സാഹനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.

പൗരന്മാര്‍ക്ക് ജോലി നല്‍കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സ്വകാര്യ മേഖലയില്‍ നാല് ആരോഗ്യ മേഖലകളില്‍ ജോലി ചെയ്യുന്ന സൗദികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനായി സൗദി അറേബ്യ കഴിഞ്ഞ ഒക്ടോബറില്‍ പുതിയ പദ്ധതി അവതരിപ്പിക്കുകയുണ്ടായി. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച്, റേഡിയോളജി (64 ശതമാനം), മെഡിക്കല്‍ ലാബ് ഫീല്‍ഡുകള്‍ (70 ശതമാനം), ചികിത്സാ പോഷകാഹാരം (80 ശതമാനം), ഫിസിയോതെറാപ്പി (80 ശതമാനം) എന്നിവയില്‍ പ്രാദേശികവല്‍ക്കരണ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചു.

അടുത്ത വര്‍ഷം രണ്ട് ഘട്ടങ്ങളിലായി ഈ മാറ്റങ്ങള്‍ നടപ്പിലാക്കും. റിയാദ്, മക്ക, മദീന, ജിദ്ദ, ദമാം, ഖോബാര്‍ തുടങ്ങിയ സൗദിയിലെ പ്രധാന നഗരങ്ങളിലെ മെഡിക്കല്‍ സ്ഥാപനങ്ങളെയും മറ്റ് പ്രദേശങ്ങളിലെ പ്രധാന സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി ഏപ്രില്‍ 17 ന് ആദ്യ ഘട്ടം ആരംഭിക്കും. രണ്ടാം ഘട്ടം ഒക്ടോബര്‍ 17-ന് ആരംഭിക്കും. രാജ്യത്തുടനീളമുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും ഈ ഘട്ടത്തില്‍ സ്വദേശിവല്‍ക്കരണ നിരക്ക് നിര്‍ബന്ധമാകും.

എന്നാല്‍ ഇങ്ങനെ സ്വദേശികള്‍ക്ക് സംവരണം ചെയ്യപ്പെട്ട മേഖലകളില്‍ പ്രവാസികള്‍ക്ക് വിസ ലഭിക്കില്ല എന്നതിനാല്‍, മറ്റ് വിസകളില്‍ പ്രവാസികളെ കൊണ്ടുവന്ന ശേഷം സൗദികള്‍ക്ക് വേണ്ടി നീക്കിവെക്ക പ്പെട്ട ജോലികള്‍ ചെയ്യിക്കുന്നതായുള്ള പരാതികള്‍ ഉയര്‍ന്നുവന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയം പുതിയ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം കേസുകളില്‍ പിടിക്കപ്പെടുന്ന പ്രവാസി തൊഴിലാളികള്‍ മാത്രമല്ല, ഇവരെ കൊണ്ടുവന്ന തൊഴിലുടമകളും നടപടികള്‍ നേരിടേണ്ടിവരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.


Read Previous

ഉദ്യോഗസ്ഥ ചുവപ്പുനാടകൾ ലഘൂകരിക്കാൻ സഹായിക്കുന്നവർക്ക് 70 ലക്ഷം ദിർഹം അവാർഡ് പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി

Read Next

റെസിഡൻസി, തൊഴിൽ നിയമ ലംഘനം: കുവൈത്തിൽ 610 പേരെ നാടുകടത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »