
തിരുവനന്തപുരം: ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാൻ തങ്ങളുടെ വ്യോമമേഖലയിൽ പ്രവേശനം നിഷേധിച്ചത് കേരളത്തിൽ നിന്നുള്ള വിമാന സർവീസുകളെ ബാധിക്കില്ല. ഇവിടെ നിന്നുള്ള 80 ശതമാനം സർവീസുകളും ഗൾഫ് രാജ്യങ്ങളിലേക്കാണ്. ഇവയൊന്നും പാകിസ്ഥാന് മുകളിലൂടെയല്ല പറക്കുന്നത്. അറബിക്കടലിന് മുകളിലൂടെ ഗൾഫ് രാജ്യങ്ങളിലേക്ക് പറക്കുന്ന പാതയാണ് വിമാനങ്ങളു ടേത്. അതേസമയം ഉത്തരേന്ത്യയിൽ നിന്ന് ഗൾഫിലേക്കുള്ള വിമാനങ്ങളുടെ യാത്രാപാതയിൽ മാറ്റം വരുത്തേണ്ടി വരും.
കൊച്ചിയിൽ നിന്ന് ലണ്ടനിലേക്കടക്കം സർവീസുകളുണ്ടെങ്കിലും ഇവ പാകിസ്ഥാന് മുകളിലൂടെയല്ല പറക്കുന്നത്. കൊച്ചി ലണ്ടൻ സർവീസിനെ പാകിസ്ഥാന്റെ വ്യോമപാത നിരോധനം ബാധിക്കില്ലെന്ന് സിയാൽ അറിയിച്ചു. അതേസമയം,വ്യോമപാത മാറ്റേണ്ടി വരുന്ന ദീർഘദൂര സർവീസുകൾക്ക് വലിയ വിമാനങ്ങൾ ഉപയോഗിക്കേണ്ടി വരും. ഇന്ധനച്ചെലവ് കൂടുമെന്നതിനാൽ നിരക്കും ഉയരും. എന്നാൽ നേരത്തേയുള്ള ടിക്കറ്റ് ബുക്കിംഗുകൾക്ക് കമ്പനികൾ അധിക നിരക്കീടാക്കുന്നില്ല.