പ്രതീക്ഷകള്‍ പാളി, സംഘടന ചിലരുടെ കൈകളിലായി; സുധാകരൻ്റെ മാറ്റത്തില്‍ എഐസിസിയുടേത് ഗൗരവമായ കണ്ടെത്തലുകള്‍


തിരുവനന്തപുരം: തുടര്‍ച്ചയായി രണ്ടു തവണ അധികാരത്തില്‍ നിന്നു പുറത്തായ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിച്ചു അധികാരത്തിലെത്തിക്കുന്ന നിലയിലേക്കുയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് 2021 ല്‍ മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റി കെ സുധാകരനെ കെപിസിസി അധ്യക്ഷ പദവിയിലേക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എത്തിക്കുന്നത്. തുടര്‍ച്ചയായി അധികാരം നഷ്‌ടപ്പെട്ട് നിരാശയിലായ അണികള്‍ക്ക് ആത്മവശ്വാസവും ആവേശവും നല്‍കി പാര്‍ട്ടി പ്രവര്‍ത്തകരെ ഊര്‍ജ്ജസ്വലമാക്കാന്‍ ഈ ഘട്ടത്തില്‍ സുധാകരനല്ലാതെ മറ്റൊരു നേതാവില്ലെന്ന വിലയിരുത്തലിലായിരുന്നു ഹൈക്കമാന്‍ഡ് സുധാകരന് ഈ പദവി ഏല്‍പ്പിച്ചു നല്‍കുന്നത്.

തുടക്കത്തില്‍ നേതൃത്വത്തിൻ്റെ പ്രതീക്ഷകളേക്കാളേറെ ആവേശത്തില്‍ സുധാകരന്‍ മുന്നോട്ടു നീങ്ങി. നിയമസഭാ കക്ഷി നേതാവ് വി ഡി സതീശനുമായി കൈകോര്‍ത്ത് മുന്നോട്ടു നീങ്ങി. പാര്‍ട്ടിയിലെ പരമ്പ രാഗത ഗ്രൂപ്പുകളെയെല്ലാം തച്ചുടച്ച് ഇരുവരും മുന്നോട്ടു നീങ്ങുന്ന കാഴ്‌ച പാര്‍ട്ടിയിലെ സാധാരണ പ്രവര്‍ ത്തകര്‍ക്കും അണികള്‍ക്കും ആവേശമായി. പാര്‍ട്ടിയില്‍ കര്‍ശനമായ അച്ചടക്ക നടപടികള്‍ ആവിഷ്‌ക രിച്ചും കോണ്‍ഗ്രസിന് തികച്ചും അപരിചിതമായ സെമി കേഡറാക്കി പാര്‍ട്ടിയെ മാറ്റാനുള്ള ശ്രമങ്ങള്‍ നടത്തിയും തന്നെ തിരഞ്ഞെടുത്തത് എന്തു കൊണ്ടും ശരിയായ തീരുമാനമായിരുന്നെന്ന് തെളിയിക്കുക യായിരുന്നു സുധാകരന്‍. അണികളും ഇതേറ്റെടുത്തു. എവിടെയും കോണ്‍ഗ്രസില്‍ പുതുവസന്തത്തിൻ്റെ ഒരിളം തെന്നല്‍. പാര്‍ട്ടി ഹൈക്കമാന്‍ഡും ആഹ്ളാദത്തിലായി.

ദക്ഷിണേന്ത്യയില്‍ അഞ്ച് വര്‍ഷം കൂടുമ്പോള്‍ അധികാരം ലഭിച്ചിരുന്ന ഒരു സംസ്ഥാനത്ത് പാര്‍ട്ടിക്ക് വീണ്ടും അധികാരത്തിലേറാനുള്ള വഴികളൊന്നൊന്നായി വെട്ടിത്തുറക്കുകയാണ് പരിചയ സമ്പന്നനായ കെ സുധാകരനും പ്രഗത്ഭനായ വി ഡി സതീശനുമെന്ന് നേതൃത്വം കരുതി. എല്ലായിടത്തു നിന്നും അഭിന ന്ദന പ്രവാഹം. പാരമ്പര്യ ഗ്രൂപ്പുകള്‍ നിലംപരിശായി. സുധാകരന് ഹൈക്കമാന്‍ഡ് കയ്യയച്ച് അധികാര ങ്ങള്‍ നല്‍കി. പക്ഷേ ഈ സ്വാതന്ത്ര്യത്തില്‍ മറ്റ് ഗ്രൂപ്പുകളെ വെട്ടിനിരത്തി സ്വന്തം ഗ്രൂപ്പുണ്ടാക്കാനായി ഇരുവരുടെയും നീക്കം. ഈ ശാക്തിക ബലപരീക്ഷണത്തിനിടയിലാണ് സുധാകരനും സതീശനും തമ്മില്‍ തെറ്റുന്നത്. ഈ ബല പരീക്ഷയ്ക്കിടെ സുധാകരന്‍ സംഘടനാ പ്രവര്‍ത്തനം മറന്നു. പാര്‍ട്ടി ആസ്ഥാനത്ത് വല്ലപ്പോഴുമെത്തുന്ന പ്രസിഡൻ്റായി മാറിയ അദ്ദേഹം ഇന്ദിരാഭവൻ്റെ നിയന്ത്രണം ജനറല്‍ സെക്രട്ടറിമാരായ ജയന്തിനും ടി യു രാധാകൃഷ്‌ണനും കൈമാറി. പിന്നാലെ കെ സി വേണുഗോപാലിൻ്റെ നോമിനിയായി എം ലിജു സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി എത്തിയതോടെ ഇരുവര്‍ സംഘം മൂവര്‍ സംഘമായി. പിന്നാലെ അസുഖ ബാധിതനായ രാധാകൃഷ്‌ണന്‍ പിന്‍വാങ്ങി.

മണ്ഡലം, ബ്ലോക്ക് തലങ്ങളില്‍ പ്രസിഡൻ്റുമാരെ നിയമിക്കുന്നതില്‍ വരെ കൈക്കൂലി ആരോപണുമ ണ്ടായി. കെപിസിസി ആസ്ഥാനത്ത് എന്തു നടക്കുന്നുവെന്ന ഒരു വിവരവും പ്രസിഡൻ്റ് തേടാതെയായി. കെപിസിസി ജനറല്‍ ബോഡിയോഗങ്ങളോ രാഷ്ട്രീയ കാര്യ സമിതിയോഗങ്ങളോ ഭാരവാഹി യോഗങ്ങ ളോ തീര്‍ത്തും വിളിച്ചു ചേര്‍ക്കാതെയായി. ഡിസിസി പ്രസിഡൻ്റുമാര്‍ സ്വന്തം വഴിക്കു നീങ്ങിയപ്പോഴും കെപിസിസിക്ക് ഒരു നിയന്ത്രണവുമുണ്ടായില്ല. എംഎല്‍എ മാരുടെയും എംപി മാരുടെയും യോഗങ്ങള്‍ തീര്‍ത്തും കൂടാതെയായി. പോഷക സംഘടനകളുടെ പ്രവര്‍ത്തനത്തില്‍ ഒരു തരത്തിലുമുള്ള ഇടപെടലു മില്ലാതെയായി. യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു, മഹിളാ കോണ്‍ഗ്രസ്, ഐഎന്‍ടിയുസി തുടങ്ങിയ പോഷക സംഘടനകളെ ആരും ശ്രദ്ധിക്കാതെയായി. അവരും പ്രവര്‍ത്തനം സ്വന്തം നിലയിലാക്കി.

മൊത്തത്തില്‍ കുത്തഴിഞ്ഞ അവസ്ഥ. ഈ നിലയില്‍ ഇനിയും ഒരു സംഘടനയ്ക്ക് മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന ബോധ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് രണ്ട് സുപ്രധാന തിരഞ്ഞെടുപ്പുകളിലേക്ക് ഈ നേതൃത്വം ഇനിയും വേണ്ടെന്ന നിഗമനത്തില്‍ എഐസിസി നേതൃത്വം എത്തിച്ചേര്‍ന്നത്. ആര് കെപി സിസി പ്രസിഡൻ്റായി വന്നാലും സുധാകരനെക്കാള്‍ മികച്ച പ്രസിഡൻ്റായിരിക്കുമെന്നും കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് പാര്‍ട്ടി നേതൃത്വം അടിമുടി നിര്‍ജ്ജീവമായെന്നുമാണ് പേരു വെളിപ്പെടുത്താന്‍ തയ്യാറല്ലാത്ത ഒരു മുതിര്‍ന്ന നേതാവ് ഇടിവി ഭാരതിനോടു പറഞ്ഞത്.

പാഴായ ഈഴവ നേതൃ പരീക്ഷണത്തിനു വിരാമം

വയലാര്‍ രവിക്കു ശേഷം ഈഴവ വിഭാഗത്തില്‍ നിന്ന് ഒരു കെപിസിസി പ്രസിഡൻ്റ് വരുന്നത് ദീര്‍ഘ നാളുകള്‍ക്കു ശേഷം വി എം സുധീരനിലൂടെയായിരുന്നു. 2014 ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ മന്ത്രിസഭാംഗമായ രമേശ് ചെന്നിത്തലയ്ക്കു പകരക്കാരനായിട്ടായിരുന്നു സുധീരൻ്റെ വരവ്. പക്ഷേ 2016 ല്‍ തുടര്‍ഭരണം പ്രതീക്ഷിച്ചിരുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തൂത്തെറിയപ്പെട്ടു എന്നു മാത്രമല്ല, ഉമ്മന്‍ ചാണ്ടിയുമായി നിരന്തരം ശീതസമരത്തിലേര്‍പ്പെട്ട് സര്‍ക്കാരിൻ്റെ പ്രതിച്‌ഛായയെ വല്ലാതെ മോശ മാക്കി. 2016ലെ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പരാജയപ്പെട്ടതോടെ 2017 ല്‍ സുധീരന്‍ സ്വയം രാജിവച്ചൊഴിഞ്ഞു.

പിന്നാലെ ചെറിയൊരിടവേളയില്‍ എം എം ഹസന്‍ എത്തിയെങ്കിലും 2018 ല്‍ വീണ്ടും ഈഴവ സമുദായ ത്തില്‍ നിന്നുള്ള മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസിഡൻ്റായി. 2021 ല്‍ മുല്ലപ്പള്ളിയുടെ നേതൃത്വത്തില്‍ തിര ഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസ് വെറും 22 സീറ്റിലൊതുങ്ങി. തുടര്‍ച്ചയായി രണ്ടാം തവണയും പ്രതിപക്ഷത്ത്. 2021 ല്‍ മുല്ലപ്പള്ളിയെ മാറ്റി സുധാകരനെ പരീക്ഷിച്ചു. ഇവിടെയും ഇതേ സമുദായ സമവാക്യം തന്നെയായിരുന്നു. പക്ഷേ 11 വര്‍ഷം നടത്തിയ പരീക്ഷണത്തിന് റിസള്‍ട്ട് ഒന്നുമില്ലെന്ന വിലയിരുത്തലിലാണ് ദേശീയ നേതൃത്വം. ഈഴവ നേതൃത്വത്തിലോ എസ്‌എന്‍ഡിപി അണികളിലോ ആര്‍ക്കും ഒരു ചലനമോ വിള്ളലോ ഉണ്ടാക്കാനായില്ല. അതിനാലാണ് ഈ കോമ്പിനേഷന്‍ ഒന്നു മാറ്റിപ്പി ടിച്ചാലോ എന്ന ചിന്ത കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിൻ്റെ പരിഗണയ്ക്കു വന്നത്.

ഉമ്മന്‍ചാണ്ടിക്കു ശേഷം പാര്‍ട്ടിക്കും ക്രൈസ്‌തവ നേതൃത്വത്തിനുമിടയില്‍ നികത്താനാകാത്ത വിടവ്അതിശക്തരായ ക്രിസ്ത്യന്‍ നേതാക്കളാല്‍ സമ്പന്നമായിരുന്നു ഒരു കാലത്ത് സംസ്ഥാന കോണ്‍ഗ്രസ്. എ കെ ആൻ്റണി, ഉമ്മന്‍ചാണ്ടി, പി ജെ കുര്യന്‍, കെ വി തോമസ്, പി സി ചാക്കോ തുടങ്ങിയ മുന്‍ നിര നേതാക്കള്‍ ക്രിസ്ത്യന്‍ നേതാക്കള്‍ക്കും കോണ്‍ഗ്രസ് നേതൃത്വത്തിനും പ്രത്യേകിച്ച് ദേശീയ നേതൃത്വത്തിനുമിടയിലെ പാലമായിരുന്നു. ഡല്‍ഹിയില്‍ നിന്നു മടങ്ങിയെത്തിയ എ കെ ആൻ്റണി സജീവ രാഷ്ട്രീയത്തില്‍ നിന്നു മാറിയെങ്കിലും ഉമ്മന്‍ചാണ്ടി ശക്തമായ സാന്നിധ്യമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ നിര്യാണം കൂടിയായതോടെ ക്രിസ്ത്യന്‍ സഭകളും കോണ്‍ഗ്രസ് നേതൃത്വവുമായുള്ള കണ്ണിയറ്റു. പരമ്പരാഗത ക്രിസ്ത്യന്‍ മേഖലകള്‍ പാര്‍ട്ടിയില്‍ നിന്ന കന്നു. ഒരിക്കലും സിപിഎമ്മിനും ബിജെപിക്കും കടന്നു ചെല്ലാന്‍ കഴിയില്ലെന്നു കരുതിയ ഇടങ്ങളില്‍ ബിജെപിയും സിപിഎമ്മും കടന്നു കയറി. പ്രത്യേകിച്ചും മധ്യ തിരുവിതാംകൂര്‍ മേഖലകളിലും കുടിയേറ്റ മേഖലകളിലും. സഭാ നേതൃത്വുമായി ബന്ധമുണ്ടായിരുന്ന മാണി കോണ്‍ഗ്രസിനെ എല്‍ഡിഎഫ് അടര്‍ത്തിയെടുത്തു കൊണ്ടു പോയതിൻ്റെ ക്ഷീണം ഇനിയും മാറാനിരിക്കുന്നതേയുള്ളൂ.

സഭാ നേതൃത്വവുമായി നയതന്ത്രമുണ്ടായിരുന്ന കെ വിതോമസ് സിപിഎം സഹയാത്രികനായി. പി സി ചാക്കോ എന്‍സിപിയിലേക്കു പോയി. പി ജെ കുര്യനാകട്ടെ പ്രായാധിക്യത്താല്‍ കോണ്‍ഗ്രസ് രാഷ്ട്രീയ ത്തില്‍ മുന്നത്തെപ്പോലെ സജീവവുമല്ല. നിര്‍ണായക ഘട്ടങ്ങളില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കി ബിജെ പിക്ക് അനുകൂല തീരുമാനമെടുത്തു കൂടി കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന അവസ്ഥയില്‍ ക്രിസ്‌തീയ സഭാ നേതൃത്വം പ്രത്യേകിച്ചും കത്താലിക്കാ സഭാ നേതൃത്വം സമീപകാലത്ത് നീങ്ങിയത് ഗൗരവത്തോ ടെയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം കാണുന്നത്. കത്തോലിക്കാ സഭയെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങള്‍ ബിജെപി ഈ മേഖലകളില്‍ തന്ത്രപൂര്‍വം അഴിച്ചു വിട്ടിട്ടും അതിനെ പ്രതിരോധി ക്കാനാകാത്ത വിധം കോണ്‍ഗ്രസ് ഒറ്റപ്പെട്ടു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ തുടങ്ങിയ ഈ ബിജെപി അനുകൂല നീക്കം ഏറ്റവും ഒടുവില്‍ വഖഫ് ബില്ലിലെത്തുമ്പോള്‍ കത്തോലിക്കാ സഭ പരസ്യമായി ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ചു എന്നു മാത്രമല്ല, ബിജെപിക്കനുകൂലമായി കോണ്‍ഗ്രസ് വോട്ടു ചെയ്യണമെന്നുവരെ പറയാന്‍ തയ്യാറായി. ഈ നിലയിലേക്കു കാര്യങ്ങള്‍ പോയാല്‍ അധികാരത്തിലേക്കു തിരിച്ചു കയറുക അത്ര സുഗമമാകില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തി. അതാണ് ഒരു കത്തോലിക്കാ സഭാ വിശ്വാസിയിലേക്ക് നേതൃത്വം എത്തിച്ചേര്‍ന്നതും അത് സണ്ണി ജോസഫിന് അനുകൂലമായതും. മാത്രമല്ല, സഭാ നേതൃത്വത്തിൻ്റെ മനസറിഞ്ഞു പ്രവര്‍ത്തിക്കാന്‍ കണ്ണൂരിലെ കുടിയേറ്റ മേഖലയില്‍ നിന്നുള്ള നേതാവുകൂടിയായ സണ്ണി ജോസഫിനു കഴിഞ്ഞേക്കുമെന്നും കോണ്‍ഗ്രസ് കരുതുന്നു. മുന്‍ കാലങ്ങളില്‍ പരീക്ഷിച്ചു വിജയിച്ച നായര്‍-ക്രിസ്ത്യന്‍ കൂട്ടുകെട്ട് പരീക്ഷണത്തിനു കൂടിയാണ് ഒരിടവേളയ്ക്കു ശേഷം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുതിരുന്നതെന്നതും ശ്രദ്ധേയം.

33 വര്‍ഷങ്ങള്‍ക്കു ശേഷം കെപിസിസി തലപ്പത്ത് കത്താലിക്ക സഭാംഗം1992 ലെ കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ അന്ന് പ്രസിഡൻ്റായിരുന്ന എ കെ ആൻ്റണിയെ പരാജയപ്പെടുത്തി വയലാര്‍ രവി പ്രസിഡൻ്റാകുന്നു. അന്ന് എ കെ ആൻ്റണി പുറത്തു പോയ ശേഷം ഇതാദ്യമായാണ് 33 വര്‍ഷത്തിനു ശേഷം ക്രിസ്‌തീയ സഭയില്‍ നിന്നുള്ള ഒരാള്‍ കെപിസിസി പ്രസിഡൻ്റാകുന്നത്. 1987 മുതല്‍ 1992 വരെ പ്രസിഡൻ്റായിരുന്ന ആൻ്റണിയെയാണ് കെ കരുണാകരൻ്റെ സ്ഥാനാര്‍ഥിയായ വയലാര്‍ രവി സംഘടനാ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുന്നത്. ഇതൊക്കെയാണ് വരവിനുള്ള വഴികളെങ്കിലും പിന്നിടാനുള്ള പാതകള്‍ സണ്ണി ജോസഫിന് കല്ലും മുള്ളും നിറഞ്ഞതാകും. കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യ ക്ഷന്‍ എന്ന നിലയിലുള്ള പരിചയം ഈ പാതകളില്‍ കരുത്താകുമെങ്കിലും ലക്ഷ്യം നേടാന്‍ ആ പരിചയം മാത്രം സണ്ണി ജോസഫിന് മതിയാകില്ലെന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.


Read Previous

ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം തടയാന്‍ ശ്രമം; രാത്രികാല കർഫ്യൂ ഏര്‍പ്പെടുത്തി മേഘാലയ

Read Next

അതിർത്തി കടന്നെത്തിയ ഇന്ത്യയുടെ 3 പോർ വിമാനങ്ങളും 77 ഡ്രോണുകൾ ഇതുവരെ വെടിവച്ചിട്ടെന്ന് പാക് വാദം, ഒന്നിനും തെളിവ് ഹജരക്കുന്നില്ല; ഇന്ത്യയുടെ തിരിച്ചടി, ഷഹബാസ് ഷെരീഫിനെയും അസീം മുനീറിനെയും കുറിച്ച് വിവരമില്ല, മൗനം പാലിച്ച് പാക് സൈന്യവും സർക്കാരും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »