അഗ്നിരക്ഷാസേനയിലെ പെൺകരുത്ത്


ണായാലും പെണ്ണായാലും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് ഏകാഗ്രതയും ധൈര്യവുമുള്ള മനസ്സും ആരോഗ്യമുള്ള ശരീരവും മതി’-പത്തനംതിട്ട ജില്ലയുടെ ചരിത്രത്തിലാദ്യമായി അഗ്‌നിരക്ഷാ സേനയില്‍ എത്തിയ നാല് പെണ്‍കരുത്തുകളുടെ ആത്മവിശ്വാസത്തോടെയുള്ള വാക്കുകളാണിത്. ഓമല്ലൂര്‍ സ്വദേശിനി ആന്‍സി ജെയിംസ് (25), എരുമേലി സ്വദേശിനികളായ പി.എം.അഞ്ജു (26), അഞ്ജലി അനില്‍കുമാര്‍ (25), കരുനാഗപ്പള്ളി സ്വദേശിനി എം.മായ (26) എന്നിവരാണ് ചരിത്രത്തിലേക്ക് നടന്നുകയറുന്നത്.

തൃശ്ശൂര്‍ അഗ്‌നിരക്ഷാ അക്കാദമിയില്‍ നിന്നും ആറു മാസത്തെ കഠിന പരിശിലനത്തിന് ശേഷം പത്തനംതിട്ടയിലെ സ്റ്റേഷന്‍ പരിശീലനത്തിലാണ് ഇവരിപ്പോള്‍. മുളന്തുരുത്തിയിലുണ്ടായ തീപിടിത്തം, മണ്ണാറക്കുളഞ്ഞിയിലെ ഇന്ധന അപകടം എന്നിവിടങ്ങളിലെ രക്ഷാദൗത്യങ്ങളില്‍ ഇവരുടെ സാന്നിധ്യമുണ്ടായിരുന്നു.

പുരുഷന്മാര്‍ക്ക് നല്‍കുന്ന രീതിയിലായിരുന്നു പരിശീലനമെന്ന് അഞ്ജു പറഞ്ഞു. ആദ്യം എത്രയും വേഗം പരിശീലനം കഴിഞ്ഞാല്‍ മതിയെന്ന മനോഭാവമായിരുന്നു. എന്നാല്‍ പരിശീലകരും കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും പിന്തുണ നല്‍കി. അതാണ് ധൈര്യം നല്‍കിയത്-അഞ്ജു പറയുന്നു.

രാവിലെ ഫിസിക്കല്‍ ട്രെയിനിങ്ങോടെ ആരംഭിക്കുന്ന പരിശീലനത്തില്‍ പിന്നീട് പരേഡ്, ഇന്‍ഡോര്‍ ക്‌ളാസുകള്‍, മറ്റ് രക്ഷാപ്രവര്‍ത്തന കോഴ്‌സുകള്‍, ഉച്ചയ്ക്ക് ശേഷം ഡ്രില്‍, ഗെയിംസ് എന്നിവ ഉണ്ടായിരുന്നെന്ന് മായ പറഞ്ഞു. പരിശീലനത്തിലെ ഏറ്റവും പ്രയാസമേറിയ ബ്രീത്തിങ് അപ്പാരറ്റസ് ടെസ്റ്റ് പൂര്‍ത്തിയാക്കാനായത് ആത്മവിശ്വാസം ഇരട്ടിയാക്കി.

തീപിടിത്തം പോലുള്ള അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ശക്തമായ ചൂടും വായുസഞ്ചാരമില്ലാത്തതും വിഷ പുകയുള്ളതുമായ സന്ദര്‍ഭങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തേണ്ട രീതിയാണ് പരിശീലിപ്പിച്ചതെന്നും മായ പറഞ്ഞു.

‘മലയിടുക്കുകളിലും പരിശീലനം’

പരിശീലന ഘട്ടത്തില്‍ ഉയര്‍ന്ന താപനിലയിലാണ് പരിശീലിച്ചതെന്ന് അഞ്ജലി പറഞ്ഞു. കൂടാതെ മലയിടുക്കുകളില്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങളുടെ പരിശീലനവും വലിയൊരു അനുഭവമായിരുന്നു. ഉയര്‍ന്ന പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനം ആദ്യമായാണ് കാണുന്നത്. ഇത്തരം പരീക്ഷണങ്ങളിലൂടെ നമ്മുടെ തന്നെ ഉള്ളിലുള്ള പലതരം പേടികളെ തരണംചെയ്യുവാന്‍ ഞങ്ങള്‍ സാധിച്ചിട്ടുണ്ടെന്ന് അഞ്ജലി പറഞ്ഞു.

സ്‌കൂബാ ഡൈവിങ്ങ് ക്‌ളാസുകള്‍ അക്കാദമിയിലെ പൂളുകളില്‍ ആയിരുന്നുവെങ്കിലും 22 അടിതാഴ്ചയില്‍ ഡൈവ് ചെയ്തിരുന്നെന്ന് ആന്‍സി പറഞ്ഞു. ആദ്യമായി നൈറ്റ് ഡൈവ് പരിശീലനവും നടത്തി. കിണറ്റില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തനവും പ്രധാനപ്പെട്ട ഒന്നായിരുന്നെന്ന് ആന്‍സി ജെയിംസ് പറയുന്നു.

പരിശീലന കാലത്ത് ഇതുവരെ ഒരിടത്തുനിന്നും മാറ്റി നിര്‍ത്തപ്പെട്ടിട്ടില്ലെന്ന് ഇവര്‍ ഒരേസ്വരത്തില്‍ പറയുന്നു. രക്ഷാപ്രവര്‍ത്തനത്തിന് ഞങ്ങളും പോകുന്നുണ്ട്. ഉപകരണങ്ങള്‍ എടുത്ത് പരിശീലിക്കുവാനും, അതിന്റെ പ്രവര്‍ത്തനത്തെ പറ്റിയും സഹപ്രവര്‍ത്തകര്‍ പറഞ്ഞു തരുന്നുണ്ടെന്നും ഇവര്‍ പറയുന്നു.


Read Previous

സമൂഹമാധ്യമംവഴി അടുത്തു 20-കാരൻ വീട്ടിൽ താമസിക്കാനെത്തി; 14-കാരിയായ മകളെ കടത്തിക്കൊണ്ടുപോയി

Read Next

ശരീരഭാരം 4 കിലോ കുറഞ്ഞു, കെജരിവാളിന് എന്തെങ്കിലും പറ്റിയാല്‍ രാജ്യം മാത്രമല്ല ദൈവം പോലും പൊറുക്കില്ല: അതിഷി #If anything happens to Kejriwal, not only the country but even God will not forgive: Atishi

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »