ദി കേരള സ്റ്റോറിയുടെ പേരില്‍ കേരള രാഷ്ട്രീയം ചേരി തിരിയുന്നു. സിനിമയെ അനുകൂലിച്ച് സംഘപരിവാര്‍ വിഭാഗവും എതിര്‍ത്ത് ഇടത്-വലതുമുന്നണികളും നിലയുറപ്പിച്ചിരിക്കുകയാണ്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വന്നപ്പോള്‍ കേരളത്തിലെ രാഷ്ട്രീയം ചേരിതിരിഞ്ഞു തുടങ്ങി. കേരളത്തില്‍ നിന്ന് കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നു എന്നതാണ് സിനിമയുടെ പ്രമേയം എന്ന് വന്നപ്പോള്‍ തന്നെ കേരളത്തില്‍ വിവാദം പുകഞ്ഞു തുടങ്ങിയിരുന്നു.

ഏറെക്കാലത്തിനു ശേഷമാണ് ഇടത് വലതു മുന്നണികളില്‍ ഒരു വിഷയത്തെ സംബന്ധിച്ച് എകാഭിപ്രായം രൂപപ്പെടുന്നത്. ദി കേരള സ്റ്റോറി വളച്ചൊടിക്കപ്പെട്ട യാഥാര്‍ത്ഥ്യങ്ങളാണ് എന്നാണ് ഇടതു-വലതു മുന്നണി നേതാക്കള്‍ ചൂണ്ടിക്കാണി ക്കുന്നത്. എന്നാല്‍ സിനിമയില്‍ പരാമര്‍ശിക്കുന്ന ലവ് ജിഹാദും മതപരിവര്‍ത്തനവും ഐഎസിലേക്ക് കേരളത്തില്‍ നിന്നും ആളുകള്‍ പോയതുമെല്ലാം യാഥാര്‍ത്ഥ്യമല്ലേ എന്നാണ് സംഘപരിവാര്‍ നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. വോട്ടു ബാങ്കിന് വേണ്ടി പ്രീണിപ്പിക്കല്‍ തന്ത്രത്തിന്റെ ഭാഗമായാണ് ദി കേരള സ്റ്റോറിയെ എതിര്‍ക്കുന്നതെന്നും പരിവാര്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു
വരുന്ന അഞ്ചാം തീയതിയാണ് സിനിമയുടെ റിലീസ്. പക്ഷെ ട്രെയിലര്‍ പുറത്തിറങ്ങുകയും നായക നടി തന്നെ ഇത് 30000ത്തോളം പെണ്‍കുട്ടികള്‍ മതംമാറിയ കഥയാണ് എന്നൊക്കെ ട്വീറ്റ് ചെയ്യുകയും ചെയ്തപ്പോഴാണ് സിനിമ വിവാദമായി മാറിയത്.
‘ദി കേരള സ്റ്റോറി’ ഒരു പ്രൊപ്പഗണ്ടയുടെ ഒരു ഭാഗമാണ്- യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് പറയുന്നു. ഒരു സംഭവം സ്ഥാപിച്ചെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനുള്ള മാര്‍ഗങ്ങളില്‍ ഒന്നാണ് സിനിമ- പി.കെ.ഫിറോസ് ഇന്ത്യാ ടുഡേയോട് പറഞ്ഞു. ഞങ്ങള്‍ കേരള സ്റ്റോറിയെ എതിര്‍ക്കുന്നതിന് പിന്നില്‍ വസ്തുത കളുണ്ട്. 32000 പെണ്‍കുട്ടികള്‍ മതം മാറിപ്പോയി എന്ന് പറയുമ്പോള്‍ ഒരു പഞ്ചായത്തില്‍ നിന്നു 30 പെണ്‍കുട്ടികള്‍ എങ്കിലും കാണേണ്ടതാണ്. അപ്പോള്‍ അതുണ്ടാക്കുന്ന ഭീതി വ്യാപകമാകും. ഇതാണ് സിനിമയുടെ ലക്ഷ്യം. ഇപ്പോള്‍ അവര്‍ യുട്യൂബ് ഡിസ്ക്രി പ്ഷന്‍ മാറ്റിയിട്ടുണ്ട്. 30000 എന്നത് മാറ്റി മൂന്നു പെണ്‍കുട്ടികള്‍ എന്നാക്കിയിട്ടുണ്ട്-ഫിറോസ് പറയുന്നു.

കേരളത്തില്‍ നിന്നും ഒരു മതത്തില്‍ നിന്നും മറ്റൊരു മതത്തിലേക്ക് നീങ്ങുന്നത് ഒരു പ്രത്യേക മതത്തില്‍ മാത്രം സംഭവിക്കുന്നതല്ല. സംഘപരിവാറും ഇപ്പോള്‍ സിറിയയി ലേക്ക് പോയ പെണ്‍കുട്ടികളുടെ എണ്ണം കുറച്ചിട്ടുണ്ട്. ആര്‍എസ്എസുകാര്‍ കേരള ത്തില്‍ മുസ്ലിംങ്ങളെ കൊലപ്പെടുത്തിയിട്ടുണ്ട്. അതിന്റെ പേരില്‍ കേരളത്തില്‍ മുസ്ലി ങ്ങളെ ആര്‍എസ്എസുകാര്‍ കൊന്നൊടുക്കുന്നു എന്ന പ്രചാരണം വന്നാല്‍ പ്രതിഷേ ധമുണ്ടാകും. വസ്തുതകളാണ് പറയുന്നതെങ്കില്‍ വസ്തുതകള്‍ പറയണം.
കേരളത്തിനെ ലോകത്തിനു മുന്നില്‍ തന്നെ അപമാനിക്കുന്ന പ്രചാരണമാണ് കേരള സ്റ്റോറിയുടെ പേരില്‍ നടക്കുന്നത്. അതിന്നെതിരെ രംഗത്ത് വരേണ്ടത് മലയാളികള്‍ മുഴുവനാണ്. കാരണം കേരളമാണ് അപമാനിക്കപ്പെടുന്നത്. കേരളത്തിലെ പെണ്‍കുട്ടി കള്‍ക്കും അപമാനമാണ്. നായിക ട്വീറ്റ് ചെയ്യുന്നുണ്ട്. ഇത് കേരളത്തിലെ 32000 പെണ്‍കുട്ടികളുടെ കഥയാണെന്ന്. അങ്ങനെയുണ്ടെങ്കില്‍ അന്വേഷിക്കട്ടെ. യാഥാര്‍ ത്ഥ്യം വെളിയില്‍ വരട്ടെ. ആരെങ്കിലും കുറ്റക്കാര്‍ ആണെങ്കില്‍ നടപടിയെടുക്കട്ടെ. അല്ലാതെ കേരളത്തെ മുഴുവന്‍ അപമാനിക്കാന്‍ ശ്രമിക്കരുത്- ഫിറോസ് പറയുന്നു.
‘കേരള സ്റ്റോറി പച്ചയായ പരമാര്‍ത്ഥം വിളിച്ച് പറയുന്ന സിനിമയാണ്. കുട്ടികള്‍ക്ക് ബോധവത്കരണം നല്‍കുന്ന സിനിമയായിട്ടാണ് ദി കേരള സ്റ്റോറിയെ ഞങ്ങള്‍ കാണുന്നത്. അതുകൊണ്ട് തന്നെ സിനിമയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു-വിഎച്ച്പി സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി വി.ആര്‍.രാജശേഖരന്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ സിനിമയാണ് കേരള സ്റ്റോറി. മതപരമായ വിവേചനം കാണിക്കുന്ന നിരവധി സിനിമകള്‍ ഇവിടെ വന്നിട്ടുണ്ട്.
പല പല സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുള്ള നാടാണ്. സിനിമയ്ക്ക് എതിരെ നിലപാട് എടുക്കാനൊന്നും ഇടത് സര്‍ക്കാരിനു കഴിയുമെന്ന് ഞങ്ങള്‍ക്ക് തോന്നുന്നില്ല. സിനിമയില്‍ പ്രതിപാദിക്കുന്ന ലവ് ജിഹാദ് കേരളത്തിലുണ്ട്. ഞങ്ങളുടെ കയ്യില്‍ രേഖകളുണ്ട്. ജീവിക്കുന്ന സത്യങ്ങള്‍ വിഎച്ച്പിയുടെ കൈവശമുണ്ട്. 2005 മുതല്‍ കേരളത്തില്‍ ലവ് ജിഹാദ് നടക്കുന്നുണ്ട്. അടുത്ത വര്‍ഷം ഇങ്ങനെ ലവ് ജിഹാദില്‍ കുടുങ്ങിയ പെണ്‍കുട്ടികളുടെ വലിയ യോഗം സംഘടിപ്പിക്കുന്നുണ്ട്. ഐഎസില്‍ കുടുങ്ങിയ മലയാളി പെണ്‍കുട്ടികളുടെ പേരുകള്‍ കേരളത്തിലെ പൊതുസമൂഹത്തി ന്റെ കൈവശമുണ്ട്. ഇതെല്ലാം ചര്‍ച്ച ചെയ്യുന്ന സിനിമയെ വിഎച്ച്പി സ്വാഗതം ചെയ്യുന്നു-രാജശേഖരന്‍ പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെല്ലാം സിനിമയെ തള്ളിക്കളയുകയാണ്. കേരളത്തിലെ മത സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കാനുള്ള സംഘപരിവാര്‍ ശ്രമമമാണ് സിനിമയ്ക്ക് പിന്നിലുള്ള തെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.
കേരള സ്‌റ്റോറി എന്ന പേരിൽ പുറത്തിറങ്ങുന്ന സിനിമയുടെ ലക്ഷ്യം കേരള വിരുദ്ധത പ്രചരിപ്പിക്കലാണെന്ന് എം വി ഗോവിന്ദൻ വ്യക്‌തമാക്കിയത്. കോണ്‍ഗ്രസില്‍ ചേരി തിരിഞ്ഞു നില്‍ക്കുന്ന പ്രതിപക്ഷ നേതാവ് വിഡി.സതീശനും രമേശ് ചെന്നിത്തലയും കേരള സ്റ്റോറിയുടെ കാര്യത്തില്‍ ഏകാഭിപ്രായമാണ്. കേരള സ്‌റ്റോറി’ എന്ന സിനിമ കേരളത്തെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞപ്പോള്‍ ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമല്ല, ന്യൂനപക്ഷ വിഭാഗങ്ങളെ സംശയ നിഴലിലാക്കി സമൂഹത്തില്‍ വിഭാഗീയതയും ഭിന്നിപ്പും സൃഷ്ടിക്കുകയെന്ന സംഘ്പ രിവാര്‍ അജണ്ടയുടെ ഭാഗമാണെന്നാണ് സതീശന്‍ അഭിപ്രായപ്പെട്ടത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും വിവാദത്തില്‍ ഇടപെട്ടു രംഗത്ത് വന്നിരുന്നു. കക്കുകളി നാടകം ആവിഷ്‌കാരസ്വാതന്ത്ര്യമെന്ന് പറയുന്നവര്‍ സിനിമയെ എതിര്‍ക്കുന്നത് എന്തിനാണെന്നാണ് സുരേന്ദ്രന്‍ ചോദിച്ചത്. മറ്റുസിനിമകളും നാടകങ്ങളുമെല്ലാം വന്നപ്പോള്‍ അതെല്ലാം ആവിഷ്‌കാരസ്വാതന്ത്ര്യമാണെന്ന് പറഞ്ഞവരൊക്കെ ഇപ്പോള്‍ എന്തിനാണ് വരുന്നതെന്ന് അറിയാനാണ് ഞങ്ങളും കാത്തിരിക്കുന്നത്’-സുരേന്ദ്രന്‍ പറഞ്ഞു.
‘ദ് കേരള സ്റ്റോറി’ സിനിമയുടെ പ്രദർശനം തടയണം എന്നാവശ്യപ്പെട്ട അപേക്ഷ സുപ്രീം കോടതിയിൽ നിരസിച്ചു. വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട കേസിലാണ് സിനിമ യുടെ പ്രദർശനം തടയാനുള്ള അപേക്ഷ നൽകിയത്. അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം കോടതി നിരസിച്ചു. ചീഫ് ജസ്റ്റിന്റെ മുൻപാകെ ഉന്നയിക്കാനാണ് ജസ്റ്റിസ് കെ.എം.ജോസഫ് ഹർജിക്കാരോട് നിർദേശിച്ചത്.
‘ദ് കേരള സ്റ്റോറി’ സിനിമയിലെ അവകാശവാദം നിര്‍മ്മാതാക്കളും തിരുത്തിയിട്ടുണ്ട്. സിനിമയുടെ ട്രെയ്‌ലറിന്റെ യൂട്യൂബ് ഡിസ്ക്രിപ്ഷനിലാണ് മാറ്റം വരുത്തിയത്. കേരളത്തിലെ 32,000 യുവതികൾ മതം മാറി ഐഎസിൽ ചേർന്നുവെന്നത് മൂന്നുപേർ എന്നാക്കിയിട്ടുണ്ട്. മൂന്നു യുവതികളുടെ ജീവിതം ഇല്ലാതായ കഥ എന്നാണ് ട്രെയ്‌ലറിന്റെ പുതിയ ഡിസ്ക്രിപ്ഷൻ.