പനി, ക്ഷീണം, വയറുവേദന, ഈ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ വൈകരുത്


സംസ്ഥാനത്ത് ചൂട് കനക്കുകയാണ്. ഇതിനൊപ്പം പലജില്ലകളിലും മഞ്ഞപ്പിത്തം ബാധിക്കുന്നവരുടെ എണ്ണത്തിലും വർധനവ് രേഖപ്പെടുത്തുന്നുണ്ട്. ശുദ്ധമല്ലാത്ത വെള്ളം കുടിക്കുന്നതാണ് പലപ്പോഴും വില്ലനാകുന്നത്.

ആഘോഷപരിപാടികളിലും മറ്റും ശീതളപാനീയം നൽകുമ്പോൾ ശുദ്ധമായ വെള്ളമല്ലെങ്കിൽ അത് കൂട്ടമായി രോഗബാധയുണ്ടാക്കും. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കണം.

വൃത്തിയില്ലാത്ത വെള്ളം, ഭക്ഷണം എന്നിവ വഴി പകരുന്ന ഹെപ്പറ്റൈറ്റിസ് എ വിഭാഗം വൈറസ് അണുബാധയാണ് മഞ്ഞപ്പിത്തത്തിന് പ്രധാന കാരണമാകുന്നത്. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിങ്ങനെ വ്യത്യസ്ത വൈറസുകളുണ്ട്.

കരളിനെ ബാധിക്കുന്ന മഞ്ഞപ്പിത്തം ഗുരുതരമാകുന്നത് മരണത്തിന് കാരണമായേക്കും. ലക്ഷണങ്ങൾ മനസ്സിലാക്കി കൃത്യമായി ശാസ്ത്രീയമായ ചികിത്സ തേടുകയാണ് പ്രധാനം. ത്വക്കും കണ്ണും മഞ്ഞ നിറത്തിലാവുക, ഛർദി, ഓക്കാനം, പനി, ക്ഷീണം, വയറുവേദന, മൂത്രത്തിലെ നിറം മാറ്റം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.

ഹെപ്പറ്റെെറ്റിസ് എ വെെറസ് കരളിനെ ബാധിക്കുന്നതുമൂലമാണ് മഞ്ഞപ്പിത്തമുണ്ടാകുന്നത്. മഞ്ഞപ്പിത്തം(വൈറൽ ഹെപ്പറ്റൈറ്റിസ്-എ) പലപ്പോഴും മലിനമായ വെള്ളത്തിലൂടെയാണ് പകരുന്നത്. രോ​ഗം ബാധിച്ച വ്യക്തിയുടെ മലത്തിലൂടെ പുറത്തുവരുന്ന വെെറസുകൾ വെള്ളത്തിലോ ഭക്ഷണത്തിലോ കലർന്നാണ് മറ്റുള്ളവരിലേക്കെത്തുന്നത്. പനി, ഛർദി, ക്ഷീണം, കണ്ണുകളിലും മൂത്രത്തിലും മഞ്ഞനിറം എന്നിവയാണ് ലക്ഷണങ്ങൾ. വയറിളക്കമാണെങ്കിലും ശുദ്ധമല്ലാത്ത ഭക്ഷണം-വെള്ളം എന്നിവയിലൂടെ പിടിപെടും. ചൂടുകൂടുന്നതിനനുസരിച്ച് കിണറുൾപ്പെടെയുള്ള ജലസ്രോതസ്സുകളിലെ വെള്ളം കുറയാൻതുടങ്ങും. പലയിടത്തും വെള്ളം മലിനമാകും. വലിയ ആഘോഷങ്ങളിലും പരിപാടികളിലും വിതരണം ചെയ്യുന്ന വെള്ളം എപ്പോഴും തിളപ്പിച്ചാറ്റിയതാവണമെന്നില്ല. അതിനാൽ തന്നെ പരമാവധി സുരക്ഷയുറപ്പാക്കിമാത്രമേ അത്തരത്തിലുള്ള സ്ഥലങ്ങളിൽനിന്ന് പാനീയങ്ങൾ കുടിക്കാവൂവെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ശരീരത്തിൽ രോ​ഗാണു പ്രവേശിച്ചു കഴിഞ്ഞ് 2-7 ആഴ്ചയ്ക്കകം ലക്ഷണങ്ങൾ കണ്ടുതുടങ്ങും. ​ലക്ഷണങ്ങൾ കണ്ടാൽ വെെകാതെ ചികിത്സിക്കണം.

ശ്രദ്ധിക്കേണ്ടവ

എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം കഴിക്കാം. കൊഴുപ്പ്, എണ്ണ എന്നിവ കൂടുതലുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കണം. ഭക്ഷണത്തിൽ പഴങ്ങൾ, പച്ചക്കറികൾ എന്നിവ ധാരാളം ഉൾപ്പെടുത്തണം. തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കണം. തിളപ്പിച്ച വെള്ളത്തിൽ തണുത്ത വെള്ളം ചേർത്ത് കുടിക്കരുത്. കിണർവെള്ളം ഇടയ്ക്ക് ക്ലോറിനേറ്റ് ചെയ്ത് ശുദ്ധീകരിക്കണം. കിണറും സെപ്റ്റിക് ടാങ്കും തമ്മിൽ നിശ്ചിത അകലം ഉണ്ടായിരിക്കണം. തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസർജനം ഒഴിവാക്കണം. അത്തരം പ്രശ്നങ്ങളുള്ള പ്രദേശങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും ഒഴിവാക്കുക. ഭക്ഷണം തയ്യാറാക്കുന്നതിന് മുൻപും ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുൻപും കെെകൾ സോപ്പ് ഉപയോ​ഗിച്ച് കഴുകി വൃത്തിയാക്കണം. പാചകത്തിന് ഉപയോ​ഗിക്കുന്ന വെള്ളം 20 മിനിറ്റ് എങ്കിലും തിളപ്പിച്ചതായിരിക്കണം. തുറന്നുവെച്ച ഭക്ഷണങ്ങളും തണുത്ത ഭക്ഷണങ്ങളും ഒഴിവാക്കണം. മദ്യപാനവും പുകവലിയും ഒഴിവാക്കണം.


Read Previous

പാനൂര്‍ സ്‌ഫോടനം: പ്രതികള്‍ ബോംബ് നിര്‍മ്മിച്ചത് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ട്; പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് #Panur blast

Read Next

കാശ്മീർ പ്രശ്നം പരിഹരിക്കാൻ സൗദി ഇറങ്ങുമോ? പാക് പ്രധാനമന്ത്രിയുമായി രാജകുമാരന്റെ കൂടിക്കാഴ്ച, സംയുക്ത പ്രസ്താവന’ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »