സിനിമ സ്‌റ്റൈൽ ഓപ്പറേഷൻ; എംഡിഎംഎ മൊത്തവിൽപനക്കാരനെ ബംഗളൂരുവിൽ നിന്ന് സാഹസികമായി പൊക്കി കേരള പൊലീസ്


തിരുവനന്തപുരം: എംഡിഎംഎയുടെ കേരളത്തിലെ മൊത്ത കച്ചവടക്കാരനെ നേമം പൊലീസ് ബംഗളൂരുവില്‍ നിന്നും പിടികൂടിയത് സിനിമ സ്‌റ്റൈലില്‍. രണ്ടാഴ്ച മുന്‍പ് നേമം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രാവച്ചമ്പലം ജംങ്ഷനില്‍ ബസ് പരിശോധനയ്ക്കിടെ എംഡിഎംഎയുമായി തിരുമല സ്വദേശി അജിന്‍ നൗഷാദിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നേമം പൊലീസ് കണ്ണൂര്‍ സ്വദേശിയായ അഷ്‌ക്കറി(43)ന് വേണ്ടി ബംഗളൂരുവിലേക്ക് യാത്രതിരിച്ചത്.

പൊലീസ് പിന്‍തുടരുന്ന വിവരം അറിഞ്ഞ് ഇയാള്‍ ബംഗളൂരു യെളഹങ്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആദിത്യ നഗറിലെ സുഹൃത്തിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ ഒളിക്കുകയായിരുന്നു. അഞ്ച് മണിക്കൂറോളം പരിശ്രമിച്ച് അവിടെയെത്തിയ പൊലീസ് പലതവണ ആവശ്യപ്പെട്ടിട്ടും വാതില്‍ തുറക്കാത്തതിനാല്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറി പ്രതിയെ മല്‍പ്പിടുത്തത്തിലൂടെ കീഴടക്കി.

ഡിസിപിയുടെയും ഫോര്‍ട്ട് എസിയുടെയും നേമം എസ്എച്ച്ഒയുടെയും മേല്‍നോട്ടത്തില്‍ എസ്‌ഐമാരായ രാജേഷ്, അരുണ്‍, സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ വിനീത്, ബിനൂപ്, വൈശാഖ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ ബാംഗ്ലൂരില്‍ നിന്ന് സാഹസികമായി പിടികൂടി വെള്ളിയാഴ്ച രാത്രിയോടെ കേരളത്തിലെത്തിച്ചത്. അഷ്‌ക്കറിനെ വിശദമായി ചോദ്യം ചെയ്യും.

അതേസമയം ഇന്നലെ കൊല്ലത്ത് നിന്നും എംഡിഎംഎയുമായി പിടിയിലായ യുവതിയുടെ ജനനേന്ദ്രിയത്തില്‍ ഒളിപ്പിച്ച നിലയില്‍ വീണ്ടും എംഡിഎംഎ കണ്ടെത്തി. മൂന്ന് ലക്ഷം രൂപയുടെ എംഡിഎംഎയാണ് ഇത്തരത്തില്‍ യുവതിയില്‍ നിന്നും കണ്ടെടുത്തത്. അഞ്ചാലും മൂട് പനയം രേവതിയില്‍ വാടയകയ്ക്ക് താമസിക്കുന്ന അനില രവീന്ദ്രന്‍ (34) ആണ് പിടിയിലായത്. വൈദ്യ പരിശോധന നടത്തുന്നതിടെയാണ് സ്വകാര്യ ഭാഗത്ത് എംഡിഎംഎ സൂക്ഷിച്ചത് ശ്രദ്ധയില്‍പ്പെട്ടത്.

യുവതിയെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചാണ് എംഡിഎംഎ പുറത്തെടുത്തത്. ഇന്നലെ ഇവരില്‍ നിന്ന് 50 ഗ്രാം എംഡിഎംഎ കണ്ടെത്തിയിരുന്നു. 2021 ല്‍ എംഡിഎംഎ കടത്തിയ കുറ്റത്തിന് തൃക്കാക്കരയില്‍ ഇവര്‍ അറസ്റ്റില്‍ ആയിരുന്നു.

കര്‍ണാടകയില്‍ നിന്ന് കൊല്ലം നഗരത്തിലെ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുവന്ന എംഡിഎംഎ സ്വന്തം കാറിലായിരുന്നു യുവതി കടത്തിയിരുന്നത്. നഗരത്തിലെ കോളജുകളിലെ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാന്‍ യുവതി ലഹരി കൊണ്ടുവരുന്നതായി കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ കിരണ്‍ നാരായണന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നഗര പരിധിയില്‍ വ്യാപക പരിശോധനയാണ് ആരംഭിച്ചത്.

കൊല്ലം എസിപി എസ് ഷെരീഫിന്റെ നേതൃത്വത്തില്‍ മൂന്ന് ടീമുകളായി തിരിഞ്ഞായിരുന്നു പരി ശോധന. വൈകുന്നേരം അഞ്ചരയോടെ നീണ്ടകര പാലത്തിന് സമീപം കാര്‍ കാണപ്പെട്ടു. പൊലീസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും യുവതി കാറുമായി മുന്നോട്ടുപോയി. ആല്‍ത്തറമൂട് ശക്തികുളങ്ങര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ച് പൊലീസ് വാഹനം തടഞ്ഞു. പരിശോധനയില്‍ കാറില്‍ ഒളിപ്പിച്ച നിലയില്‍ എംഡിഎംഎ കണ്ടെത്തുകയായിരുന്നു. കൊല്ലം സിറ്റി പൊലീസ് ഈ മാസം നടത്തിയ നാലാമത്തെ വലിയ എംഡിഎംഎ വേട്ടയാണിത്.


Read Previous

ബന്ദികളെ ഹമാസ് കൈമാറിയില്ലെങ്കിൽ ഗാസയിൽ ആക്രമണം കടുപ്പിക്കാൻ ഇസ്രയേൽ; കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കാൻ സൈന്യത്തിന് നിർദേശം

Read Next

മയക്കുമരുന്നിലൂടെ ലഭിക്കുന്ന പണം ഭീകരവാദത്തിന് ഉപയോഗിക്കുന്നു’; ആരെയും വെറുതെ വിടില്ലെന്ന് അമിത് ഷാ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »