
മംഗഫ്: കുവൈറ്റിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ 21 മലയാളികളെന്ന് കുവൈറ്റിലെ പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരിച്ചവരില്‍ രണ്ട് പേരെ തിരിച്ചറിഞ്ഞു. കൊല്ലം ആനയടി സ്വദേശി ഉമറുദ്ദീൻ്റെ ഷെമീര്‍ (33), കമ്പനി ഡ്രൈവര്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. രക്ഷാപ്രവര്‍ത്തന ങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് കുവൈറ്റിലേക്ക് തിരിച്ചു.
മരിച്ച 40 പേരിൽ 21 പേരുടെ വിവരങ്ങൾ ലഭ്യമായി. അൽ അദാൻ ആശുപത്രിയിൽ 30 ഇന്ത്യക്കാർ ചികിത്സയിലുണ്ട്. അൽ കബീർ ആശുപത്രിയിൽ ചികിത്സയിലുള്ളത് 11 പേരാണ്.
അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത നിലയില്‍. മരിച്ചവരില്‍ കൂടുതല്‍ പേര്‍ മലയാളികളെന്ന് സൂചനയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്
അപകടത്തില്‍ പരിക്കേറ്റ 43 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളതെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മലയാളി വ്യവസായി കെജി എബ്രഹാമി ന്‍റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ ആദര്‍ശ് സ്വൈക സംഭവ സ്ഥലം സന്ദര്‍ശിച്ചു.
അപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ പൗരന്മാരെ പ്രവേശിപ്പിച്ച അല്‍ അദാന്‍ ആശുപത്രി യിലും അദ്ദേഹം സന്ദര്‍ശിച്ചു. ആവശ്യമായ നടപടികൾക്കും അടിയന്തര മെഡിക്കൽ ആരോഗ്യ പരിപാലനത്തിനും കുവൈറ്റ് നിയമപാലകർ, അഗ്നിശമനസേന, ആരോഗ്യ വകുപ്പ് അധികൃതർ എന്നിവരുമായി ബന്ധപ്പെട്ടുവരികയാണെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കായി ഇന്ത്യൻ എംബസി ഹെൽപ്പ്‌ലൈൻ നമ്പറായ +965-65505246ല്‍ ബന്ധപ്പെടാമെന്നും എംബസി അറിയിച്ചു.
ദുഃഖം രേഖപ്പെടുത്തി മന്ത്രി എസ്. ജയശങ്കര്‍: കുവൈറ്റിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ദുഃഖം രേഖപ്പെടുത്തി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ‘കുവൈറ്റ് നഗരത്തിലുണ്ടായ തീപിടിത്തത്തെ കുറിച്ചുള്ള വാര്‍ത്ത അഗാധമായ ഞെട്ടലുണ്ടാക്കി. 40ലധികം പേരാണ് അപകടത്തില്‍ മരിച്ചത്. ഞങ്ങളുടെ അംബാസഡര്‍ ക്യാമ്പിലേക്ക് പോയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുന്നു. തീപിടിത്തത്തില്‍ പരിക്കേറ്റവര്‍ പൂര്‍ണമായും സുഖം പ്രാപിക്കട്ടെ’യെന്നും മന്ത്രി എക്‌സില്‍ കുറിച്ചു.
ഇന്ന് (ജൂണ്‍ 12) പുലര്‍ച്ചെയാണ് മംഗഫ് നഗരത്തിലെ ആറ് നില കെട്ടിടത്തില്‍ വന്‍ തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ 49 പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. ഇതോടെ മുകളിലെ നിലകളിലെത്തിയ പുക ശ്വസിച്ചാണ് നിരവധി പേര്‍ മരിച്ചത്. 195 പേര്‍ താമസിക്കുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്. അതേസമയം തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.