അമിതഭാരം കൊണ്ടു വിഷമിക്കുന്ന വീട്ടമ്മമാര്‍ക്ക് പ്രചോദനമായി വനിതാ ദിനത്തില്‍ ഫിറ്റ്‌നസ് ട്രെയിനര്‍ ആര്യ


ഏതൊരു മനുഷ്യനെയും പോലെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും മോഹങ്ങളുമെല്ലാമുള്ളവരാണ് സ്‌ത്രീകളും. പക്ഷേ, ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും അവർക്കുമേൽ ചുമതലകൾ അടിച്ചേൽപ്പിക്കപ്പെടുന്നു. പണ്ടുമുതലേ കണ്ടുവരുന്ന രീതിയിൽ നിന്നും അൽപ്പമൊന്ന് മാറിയാൽ അവൾ അഹങ്കാരിയായി. സ്വന്തം ഇഷ്‌ടത്തിന് പ്രവർത്തിച്ചാൽ തന്റേടിയായി. കാലം മാറുന്നതിനനുസരിച്ച് പലരും മാറിച്ചിന്തിക്കുന്നുണ്ടെങ്കിലും ഇന്നും സ്‌ത്രീകളുടെ കഴിവുകളെ ചവിട്ടിത്താഴ്‌ത്താൻ ശ്രമിക്കുന്നവർ ഏറെയാണ്. അതിൽ ഭൂരിഭാഗവും സ്‌ത്രീകളാണെന്നുള്ളതാണ് വാസ്‌തവം.

എന്നാൽ, ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്‌തയായ ഒരു സ്‌ത്രീയാണ് ആലപ്പുഴ സ്വദേശി ആര്യ. തന്റെ ജീവിതത്തിലുണ്ടായ നല്ല മാറ്റം മറ്റ് സ്‌ത്രീകൾക്കും ഉണ്ടാകണമെന്ന ആഗ്രഹമാണ് ആര്യയ്‌ക്ക്. പിസിഒഡി, അമിതവണ്ണം തുടങ്ങി നിരവധി ശാരീരിക പ്രശ്‌നങ്ങൾ അനുഭവിച്ചിരുന്ന സ്‌ത്രീകളെ ആരോഗ്യത്തോടെയുള്ള ജീവിതത്തിലേക്ക് ആര്യ മടക്കിക്കൊണ്ടുവന്നു. ഈ വനിതാ ദിനത്തിൽ, സ്‌ത്രീകളുടെ ഉന്നമനത്തിലുവേണ്ടി പ്രയത്നിക്കുന്ന ഫിറ്റ്‌നസ് ട്രെയ്‌നർ ആര്യയെ പരിചയപ്പെടാം.

ഫാഷൻ ഡിസൈനിംഗിൽ നിന്ന് ഫിറ്റ്‌നസിലേക്ക്

ഡിഗ്രി പഠനകാലത്താണ് ആരോഗ്യമുള്ള ശരീരത്തിന്റെ പ്രാധാന്യത്തെപ്പറ്റി ആര്യ മനസിലാക്കുന്നത്. ഫാഷൻ ഡിസൈനിംഗാണ് ബിരുദത്തിനായി തിരഞ്ഞെടുത്തത്. അന്ന് പഠിപ്പിച്ചിരുന്ന അദ്ധ്യാപികയാണ് ജിമ്മിൽ പോയി ശരീരഭാരം കുറച്ചാൽ കുറച്ചുകൂടെ നന്നായിരിക്കും എന്ന് ആര്യയോട് ആദ്യം പറയുന്നത്. അങ്ങനെ ഒന്നുമറിയാതെ ജിമ്മിൽ പോയി പരിശീലനം നടത്തി.

ഇഷ്‌ടം തോന്നിയപ്പോൾ കൃത്യമായി കാര്യങ്ങൾ മനസിലാക്കാൻ എസിഎസ്‌എം, ഐഎസ്എസ്എ തുടങ്ങിയ ഫിറ്റ്‌നസ് ട്രെയിനിംഗ് ഇന്റർനാഷണൽ സർട്ടിഫിക്കേഷൻ കോഴ്‌സുകൾ പൂർത്തിയാക്കി. മുംബയ് യൂണിവേഴ്‌സിറ്റിയുടെ സിസിപിഎഫ്‌ടി കോഴ്‌സും പൂർത്തിയാക്കിയശേഷം അവരുടെ അക്കാഡമിയിലേക്ക് പാർട്ട്‌ ടൈം ജോലിയിൽ പ്രവേശിച്ചു. ഇതോടൊപ്പം ന്യൂടിഷൻ കോഴ്‌സും പൂർത്തിയാക്കി.

രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചശേഷം ആര്യ കൊച്ചിയിലേക്ക് താമസം മാറി. ആദ്യം ഫ്രീലാൻസായി ട്രെയിനിംഗ് നൽകിയിരുന്നു. പവർലിഫ്റ്റിംഗിൽ താൽപ്പര്യമുണ്ടായിരുന്ന ആര്യയ്‌ക്ക് ദേശീയ മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരവും ഇതിനിടെ ലഭിച്ചു. എന്നാൽ, ഈ സമയത്ത് അപ്രതീക്ഷിതമായുണ്ടായ വാഹനാപകടത്തിൽ ആര്യയുടെ കാലിന് പൊട്ടലുണ്ടായി. ഇതോടെ മത്സരത്തിൽ പങ്കെടുക്കാനുള്ള ആഗ്രഹം ഉപേക്ഷിക്കേണ്ടി വന്നു. ഈ സമയത്താണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ ഇടാൻ തുടങ്ങിയത്.

ഇൻസ്റ്റഗ്രാമിലൂടെ ഓൺലൈൻ ട്രെയിനിംഗ്

എങ്ങനെ തുടങ്ങണം എന്നറിയാതെയാണ് ആര്യ ആദ്യ വീഡിയോ പോസ്റ്റ് ചെയ്‌തത്. യൂട്യൂബ് ചാനൽ തുടങ്ങണമെന്ന മോഹവും ഇതിന് പ്രചോദനമായി. ആദ്യം സംശയങ്ങൾ ചോദിച്ച് നിരവധി മെസേജുകൾ വരുമായിരുന്നു. പിന്നീട് അവരുടെ ആവശ്യപ്രകാരം ഓൺലൈൻ ട്രെയിനിംഗ് നൽകാൻ തുടങ്ങി. ഇപ്പോൾ ഓൺലൈൻ ഫിറ്റ്‌നസ് ട്രെയിനിംഗിനായി ആര്യയുടെ മേൽനോട്ടത്തിൽ അഞ്ചംഗ ടീം തന്നെയുണ്ട്.

ഇൻസ്റ്റഗ്രാമിൽ ഒന്നരലക്ഷത്തോളംപേരാണ് ആര്യയെ ഫോളോ ചെയ്യുന്നത്. പല വീഡിയോകൾക്കും ദശലക്ഷക്കണക്കിന് വ്യൂസുണ്ട്. സംശയങ്ങൾ ചോദിക്കാനായി നിരവധിപേർ മെസേജയക്കാറുമുണ്ടെന്ന് ആര്യ പറയുന്നു. എല്ലാവർക്കും മറുപടി നൽകാറുമുണ്ട്. സ്‌ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും കുട്ടികൾക്കും വേണ്ടിയുള്ള ഫിറ്റ്‌നസ് ട്രെയിനിംഗ് ആര്യ ഇപ്പോൾ നൽകുന്നുണ്ട്

വ്യായാമത്തിന്റെ പ്രാധാന്യം

ഏതൊരു മനുഷ്യനും എപ്പോൾ വേണമെങ്കിലും വ്യായാമം ചെയ്യാം. ഇതിന് പ്രായപരിധി ഇല്ല. യുകെജിയിൽ പഠിക്കുന്ന മൂത്ത മകളും മൂന്ന് വയസായ ഇളയ മകളും ആര്യയോടൊപ്പം വ്യായാമം ചെയ്യുന്നുണ്ട്. എന്നാൽ, പവർ ലിഫ്റ്റിംഗ് പോലുള്ള കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ തീർച്ചയായും ഒരു ട്രെയിനറുടെ സഹായം തേടണം. പത്ത് വർഷമായി ഫിറ്റ്‌നസ് ട്രെയിനറായി പ്രവർത്തിക്കുന്നയാളാണ് ആര്യ. ഇത്രയും കാലം കണ്ടിട്ടുള്ളവരിൽ ഭൂരിഭാഗവും ശാരീരിക പ്രശ്‌നങ്ങൾ കാരണം വന്നവരാണ്. പ്രത്യേകിച്ച് സ്‌ത്രീകളിൽ, ഹോർമോൺ വ്യതിയാനം വരാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ഇതിനാൽ, പല അസുഖങ്ങളും വരാം. ഒപ്പം അമിത വണ്ണവും.

ഇങ്ങനെ പ്രശ്‌നങ്ങൾ വരുന്നതുവരെ കാത്തുനിൽക്കാതെ ആദ്യമേ ശരിയായ രീതിയിൽ വ്യായാമം ചെയ്യണമെന്നാണ് ആര്യ പറയുന്നത്. 30 വയസ് കഴിഞ്ഞാൽ സ്‌ത്രീകളുടെ ശരീരത്തിൽ വളരെയധികം മാറ്റങ്ങൾ വന്നുതുടങ്ങും. മെറ്റബോളിസം, എല്ലുകളുടെ ആരോഗ്യം, മസിൽ മാസ് തുടങ്ങിയവയെല്ലാം കുറയും. മാനസികമായും ശാരീരികമായും ഇതിനെ മറികടക്കണമെങ്കിൽ ആരോഗ്യം കൂടിയേതീരു. അതിനായി 20കളുടെ തുടക്കത്തിൽ തന്നെ സ്‌ത്രീകൾ വെയിറ്റ് ട്രെയിനിംഗ് വർക്കൗട്ടുകൾ ചെയ്‌ത് തുടങ്ങണമെന്നാണ് ആര്യ പറയുന്നത്. ഇതിനായി ജിമ്മിൽ തന്നെ പോകണമെന്ന് നിർബന്ധമില്ല. ആദ്യം ഒരു കോച്ചിന്റെ സഹായത്തോടെ വർക്കൗട്ടുകൾ മനസിലാക്കിയ ശേഷം വീട്ടിൽ തന്നെ പരിശീലിക്കാവുന്നതാണ്.

സ്‌ത്രീകളോട് പറയാനുള്ളത്

എപ്പോഴും സ്വന്തം ഇഷ്‌ടത്തിനും ആഗ്രഹത്തിനും അനുസരിച്ച് ജീവിക്കുക. എല്ലാകാലവും നമുക്ക് മറ്റുള്ളവരുടെ ഇഷ്‌ടത്തിന് ജീവിക്കാൻ സാധിക്കില്ല. ഏതെങ്കിലുമൊരു പോയിന്റിൽ നിങ്ങൾക്കത് മനസിലാകും. അപ്പോൾ തന്നെ അവിടെ നിന്നിറങ്ങുക. നിങ്ങളുടെ ശരിയായ വഴിയും ഇഷ്‌ടവും ഏതാണോ അവിടേക്ക് പോവുക. അല്ലാതെ ജീവിക്കുന്നുവെങ്കിൽ അതിനൊരു അർത്ഥമുണ്ടാകില്ല. സ്വയം തിരിച്ചറിഞ്ഞ് മുന്നോട്ട് പോവുക. എനിക്ക് കഴിയുമെങ്കിൽ നിങ്ങൾക്കും സാധിക്കും.

ഇനിയും മുന്നോട്ട്

‘എനിക്കറിയുന്ന കാര്യങ്ങൾ മറ്റുള്ളവരിലേക്കെത്തിക്കുക എന്നതാണ് ഇനിയും മുന്നോട്ടുള്ള ആഗ്രഹം. എന്തുചെയ്യണമെന്നറിയാതെ പല സ്‌ത്രീകളും മെസേജുകൾ അയയ്‌ക്കാറുണ്ട്. ഒരു സഹോദരിയുടെ സ്ഥാനത്തുനിന്ന് അതിനെല്ലാം മറുപടി നൽകാറുമുണ്ട്. ഇനിയും അത് തുടരും. കേരളത്തിലെ ആദ്യ പിലാറ്റേ സ്റ്റുഡിയോ തുടങ്ങണമെന്ന ആഗ്രഹമാണ് ഇപ്പോൾ മനസിൽ. ഒപ്പം എന്റെ മക്കൾക്കൊരു റോൾ മോഡലായി മാറണം.’, ആര്യ പറഞ്ഞു.


Read Previous

കർണാടകയിലെ ഹംപിക്ക് സമീപം വിദേശി ഉൾപ്പെടെ 2 സ്ത്രീകളെ ബലാത്സംഗം ചെയ്തു; ആക്രമണത്തിന് ശേഷം പുരുഷ വിനോദ സഞ്ചാരി മുങ്ങിമരിച്ചു

Read Next

പൊറോട്ടയും ചിക്കനും മാത്രമേ കഴിക്കൂ; നിലത്ത് കിടക്കില്ലെന്ന് പറഞ്ഞതോടെ അഫാന് പായ വാങ്ങി നൽകി പൊലീസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »