മിഡില്‍ ഈസ്റ്റിലേയ്ക്ക് പറക്കുന്ന വിമാനങ്ങള്‍ക്ക് സിഗ്‌നല്‍ നഷ്ടമാകുന്നു; ആശങ്ക പങ്കുവച്ച് ഡിജിസിഎ


ന്യൂഡല്‍ഹി: മിഡില്‍ ഈസ്റ്റ് ഭാഗത്തേക്ക് പറക്കുന്ന വിമാനങ്ങള്‍ക്ക് സിഗ്‌നല്‍ നഷ്ടമാകുന്നതില്‍ ആശങ്ക പങ്കുവച്ച് ഇന്ത്യയുടെ ഏവിയേഷന്‍ റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ).

മിഡില്‍ ഈസ്റ്റിലെ വ്യോമയാന മേഖലയില്‍വച്ച് വിമാനങ്ങള്‍ക്ക് ജിപിഎസ് നഷ്ടപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ആശങ്ക പങ്കുവച്ച് ഡിജിസിഎ രംഗത്തെത്തിയത്. ഇക്കാര്യം സംബന്ധിച്ച് എയര്‍ലൈന്‍ കമ്പനികള്‍ക്കും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കും ഡിജിസിഎ സര്‍ക്കുലര്‍ അയച്ചു.

എയര്‍ക്രാഫ്റ്റ് ഓപ്പറേറ്റര്‍മാര്‍, പൈലറ്റുമാര്‍, എയര്‍ നാവിഗേഷന്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍, എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ എന്നിവര്‍ക്കായി പ്രത്യേകം നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു.

ജിഎന്‍എസ്എസ് ജാമിങ്, സ്പൂഫിങ് തുടങ്ങിയ കാരണങ്ങള്‍ മൂലമാണ് തെറ്റായ സിഗ്‌നലുകള്‍ ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. തെറ്റായ സിഗ്‌നലുകള്‍ നല്‍കി ഒരു ജിപിഎസ് ഉപകരണത്തിന്റെ സ്ഥാനം മാറ്റാനുള്ള ശ്രമത്തെയാണ് ജിഎന്‍എസ്എസ് സ്പൂഫിങ് എന്ന് പറയുന്നത്. ജിപിഎസ് സിഗ്‌നലുകള്‍ തടസപ്പെടുമ്പോഴാണ് ജാമിങ് സംഭവിക്കുന്നത്. ഇക്കാര്യത്തെക്കുറിച്ച് പഠിക്കാന്‍ ഒക്ടോബറില്‍ ഡിജിസിഎ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു.

വിമാനങ്ങളുടെ സഞ്ചാരത്തെ നിയന്ത്രിക്കുന്ന ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റ്ലൈറ്റ് സിസ്റ്റം നേരിടുന്ന ഇത്തരം ഭീഷണികള്‍മൂലം അടുത്ത കാലത്തായി വലിയ വെല്ലുവിളികളാണ് ഈ മേഖല നേരിടുന്നത്.

ചില കൊമേഴ്‌സ്യല്‍ വിമാനങ്ങള്‍ക്ക് മിഡില്‍ ഈസ്റ്റ് ഭാഗങ്ങളിലേക്ക് എത്തുമ്പോള്‍ ജിപിഎസ് സിഗ്‌നല്‍ നഷ്ടപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് ഡിജിസിഎ മുന്നറിയിപ്പ്.


Read Previous

സ്വാതന്ത്ര്യത്തിനായുള്ള എല്‍ടിടിഇയുടെ പോരാട്ടം തുടരും’: വേലുപ്പിള്ള പ്രഭാകരന്റെ മകളെന്ന് അവകാശപ്പെടുന്ന യുവതിയുടെ വീഡിയോ

Read Next

ഈ വര്‍ഷം മാത്രം കേരളത്തിൽ രജിസ്റ്റർ ചെയ്തത്115  തട്ടിക്കൊണ്ടുപോകല്‍ കേസുകള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »