
ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലെ ഇന്ത്യ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിന് പിന്നാലെ തുടങ്ങിയ പ്രകോപനം പാകിസ്ഥാൻ തുടരുന്നു. ഇന്ന് രാത്രി വീണ്ടും പ്രകോപനം തുടർന്ന പാകിസ്ഥാൻ ഇന്ത്യയുടെ അതിർത്തി മേഖലയിലെ വിവിധയിടങ്ങളിലേക്ക് ഡ്രോൺ ആക്രമണം നടത്തിയെങ്കിലും എല്ലാം നിഷ്പ്രഭമാക്കി ഇന്ത്യൻ സേന. നിയന്ത്രണരേഖയിലെ ഷെല്ലിങിൽ തുടങ്ങി ബാരാമുള്ള മുതൽ ഗുജറാത്തിലെ ഭുജ് വരെ 26 സ്ഥലങ്ങളിലേക്കുള്ള ഡ്രോൺ ആക്രമണം വരെയെത്തി പാക് പ്രകോപനം. ജമ്മുവിൽ മാത്രം 100 ഡ്രോണുകളെത്തിയെന്നാണ് വിവരം. എല്ലാം ഇന്ത്യൻ സേന തകർത്തു.
എന്നാൽ ഫിറോസ്‌പൂരിൽ ജനവാസമേഖലയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റു. ബാരാമുള്ള മുതല് ഭുജ് വരെ പാകിസ്ഥാൻ ആക്രമണ ശ്രമം നടത്തിയെന്ന് സൈന്യം വ്യക്തമാക്കി. ജമ്മു കാശ്മീർ, പഞ്ചാബ്, രാജസ്ഥാന്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് പാക് ഡ്രോണുകൾ എത്തിയത്. ഇതിൽ പഞ്ചാബിലെ ഫിറോസ്‌പൂരിൽ മാത്രമാണ് പാക് ഡ്രോൺ ആക്രമ ണത്തിൽ അപകടമുണ്ടായത്. മേഖലയിലെ ഒരു വീടിന് മേലെ പതിച്ച ഡ്രോൺ, വലിയ തീപിടിത്തത്തിന് കാരണമായി. ഒരു സ്ത്രീക്ക് ഗുരുതരമായി പൊള്ളലേറ്റു. പരിക്കേറ്റ രണ്ട് പേരുടെ നില സാരമുള്ളതല്ലെ ന്നാണ് വിവരം