
മുംബൈ: ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി ഇന്ത്യ 3-1നു കൈവിട്ടതിനേക്കാള്‍ വലിയ തിരിച്ചടി സ്വന്തം മണ്ണില്‍ ന്യൂസിലന്‍ഡിനോടു ടെസ്റ്റ് പരമ്പര വൈറ്റ് വാഷ് ചെയ്യപ്പെട്ടതാണെന്നു ഇതിഹാസ താരം യുവരാജ് സിങ്. നിലവിലെ ടീമിന്റെ മോശം ഫോമില്‍ വിരാട് കോഹ്‌ലി, ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരെ കുറ്റപ്പെടുത്തുന്നതിനോടു തനിക്ക് യോജിപ്പില്ലെന്നും യുവരാജ്.
‘ന്യൂസിലന്‍ഡിനോടു സമ്പൂര്‍ണമായി പരാജയപ്പെട്ടതാണ് വേദനാജനകം. സ്വന്തം നാട്ടില്‍ 3-0ത്തിനു തോല്‍ക്കുക എന്നത് ഒട്ടും സ്വീകാര്യമായ സംഗതിയല്ല. ഓസീസ് മണ്ണില്‍ രണ്ട് തവണ ബിജിടി പരമ്പര നേടിയിട്ടുണ്ട്. ഇത്തവണ തോറ്റു. അതത്ര വലിയ സംഭവമല്ല. കാരണം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഓസ്‌ട്രേലിയ ശക്തമായ ടീമാണ്.’
‘ഒറ്റ പരമ്പര കൊണ്ടു രോഹിതിനേയും കോഹ്‌ലിയേയും തള്ളി പറയുന്നതിനോടു യോജിക്കാന്‍ സാധിക്കില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാന്മാരായ താരങ്ങളാണ് ഇരുവരും. പക്ഷേ നമ്മള്‍ അവരെക്കുറിച്ചു ഇപ്പോള്‍ മോശം കാര്യങ്ങളാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. അവര്‍ മുന്‍ കാലങ്ങളില്‍ ടീമിനു ചെയ്ത സംഭാവനകള്‍ മുഴുവന്‍ മറന്നാണ് നാം സംസാരിക്കുന്നത്. വര്‍ത്തമാന കാലത്ത് ഏറ്റവും മികച്ച ക്രിക്കറ്റ് കളിച്ച രണ്ട് താരങ്ങളാണവര്‍. നിലവിലെ ഫോം ഔട്ടില്‍ നമ്മളേക്കാള്‍ മനഃക്ലേശം അനുഭവിക്കുന്നത് അവരായിരിക്കും.’
ഈ അവസ്ഥയില്‍ നിന്നു ടീം ഉടന്‍ തന്നെ കരകയറും. കോച്ച് ഗംതം ഗംഭീര്‍, രോഹിത്, വിരാട്, സെലക്ടര്‍ അജിത് അഗാര്‍ക്കര്‍, ബുംറ തുടങ്ങിയവര്‍ ശരിയായ തീരുമാനങ്ങളുമായി എത്തുമെന്നു പ്രതീക്ഷിക്കാം. ഭാവിയിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം എങ്ങനെയാകണം എന്നതും ഇവര്‍ തീരുമാനിക്കും. അതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു.’
‘മോശം ഫോമാണെന്നു തിരിച്ചറിഞ്ഞ് ടീമില്‍ നിന്നു സ്വയം മാറി നില്‍ക്കാനുള്ള രോഹിതിന്റെ തീരുമാനം മഹത്തരമാണ്. ഞാന്‍ ഇതുവരെ കാണാത്ത കാര്യമാണ് സംഭവിച്ചത്. ടീമിനാണ് തന്നേക്കാള്‍ പ്രാധാന്യമെന്ന അദ്ദേഹത്തിന്റെ മനോഭാവമാണ് വലിയ കാര്യം. ജയിച്ചാലും തോറ്റാലും രോഹിത് മികച്ച നായകനാണ്. അദ്ദേഹത്തിന്റെ നായക മികവില്‍ നമ്മള്‍ ഏകദിന ഫൈനല്‍ കളിച്ചു. നമ്മള്‍ ടി20 ലോകകപ്പും നേടിയിട്ടുണ്ട്. കൂടാതെ നിരവധി നേട്ടങ്ങള്‍ വേറെയുമുണ്ട്.’
‘പ്രകടനം മോശമാകുന്നതു സാധാരണമായ കാര്യമാണ്. വിമര്‍ശനവും ആവാം. പക്ഷേ ടീമിനെ അടച്ചാക്ഷേപിക്കുന്ന പ്രതികരണങ്ങളോടു യോജിപ്പില്ല. താരങ്ങള്‍ ഫോം ഔട്ടാകുമ്പോള്‍ അവരെ തള്ളിപ്പറയല്‍ എളുപ്പം കഴിയും. എന്നാല്‍ പിന്തുണ നല്‍കല്‍ വളരെ ബുദ്ധിമുട്ടു നിറഞ്ഞതാണ്. താരങ്ങളെ കുറിച്ചു മോശം പറയുക എന്നതാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ എന്റെ ജോലി ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ്. ലളിതമാണ് കാര്യം. അവരെല്ലാം എന്റെ കുടുംബാംഗങ്ങളാണ്’- യുവരാജ് സിങ് വ്യക്തമാക്കി.