
ന്യൂഡൽഹി: ചൈനീസ്, റഷ്യൻ പ്രസിഡന്റുമാർ വിട്ടുനിൽക്കുന്ന ജി20 ഉച്ചകോടി യുക്രെയ്ൻ വിഷയത്തിൽ എന്തു നിലപാട് സ്വീകരിയ്ക്കുമെന്ന് ഏവരും ഉറ്റുനോക്കുന്നു. നാളെയാണ് ഉദ്ഘാടനച്ചടങ്ങ്. സംയുക്ത പ്രസ്താവനയുടെ കരടിൽ യുക്രെയ്നിനെ പരാമർശിയ്ക്കുന്നിടത്തു യൂറോപ്യൻ യൂണിയൻ (ഇയു) വിയോജിപ്പ് രേഖപ്പെടുത്തിയതായാണ് വിവരം. കഴിഞ്ഞവർഷത്തെ ജി20 സംയുക്ത പ്രസ്താവന റഷ്യയെ വിമർശിക്കുന്നതായിരുന്നു.
ഇക്കുറി യുക്രെയ്ൻ വിഷയം ഉൾപ്പെടുത്തെരുതെന്നാണ് റഷ്യയുടെ നിലപാട്. തങ്ങളുടെ നിലപാട് പ്രതിഫലിക്കാത്ത പ്രസ്താവനയെ തടയുമെന്നും റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്‍റോവ് വ്യക്തമാക്കി. കരടിൽ യുദ്ധത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചു പറയുന്ന ഭാഗത്തെ ചൈനയും എതിർത്തിട്ടുണ്ട്. യുക്രെയ്ൻ സംഘർഷത്തെ അപലിപ്പിക്കുന്ന പ്രസ്താവനയിൽ റഷ്യയുടെയും ചൈനയുടെയും അഭിപ്രായം കൂടി രേഖപ്പെടുത്തണമെന്നാണ് ഇന്ത്യയുടെ നിലപാട്.
ഞായറാഴ്ച സമാപന യോഗത്തിനു പിന്നാലെ സംയുക്ത പ്രസ്താവന വന്നേക്കാം. എന്നാൽ അതിനുമുൻപ് ഉച്ചകോടിയിൽ അഭിപ്രായ ഐക്യമുണ്ടാകണം. ക്രിപ്റ്റോകറൻസി നിയന്ത്രണത്തിനുള്ള രാജ്യാന്തര സഹകരണത്തിന് ഉച്ചകോടിയിൽ ധാരണയായേക്കും. ക്രിപ്റ്റോകറൻസി സംബന്ധിച്ച് ഒരു രാജ്യത്തിനു മാത്രമായി തീരുമാനം എടുക്കാനാവില്ലെന്നും കൂട്ടായ ശ്രമം വേണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യങ്ങളുടെ കടക്കെണി, സുസ്ഥിര വികസന ലക്ഷ്യങ്ങൾ, പൊതുവായ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ തുടങ്ങിയവ ചർച്ചാ വിഷയങ്ങളാണ്.
അടുത്ത വർഷം അധ്യക്ഷപദവി അലങ്കരിക്കുന്ന ബ്രസീലിന് ഇന്ത്യ പ്രതീകാത്മകമായി ജി20 ബാറ്റൺ കൈമാറും. എങ്കിലും നവംബർ 30 വരെ ഇന്ത്യ അധ്യക്ഷപദവിയിൽ തുടരും.