500 രൂപയ്‌ക്ക് ഗ്യാസ്, സൗജന്യ കിറ്റും വൈദ്യുതിയും; വൻ പ്രഖ്യാപനവുമായി കോൺഗ്രസ്


ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വൻ പ്രഖ്യാപനവുമായി കോണ്‍ഗ്രസ്. അധികാരത്തില്‍ എത്തിയാല്‍ 500 രൂപയ്‌ക്ക് ഗ്യാസും സൗജന്യ റേഷനും 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയും ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് നല്‍കുമെന്ന് വ്യാഴാഴ്‌ച കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.

ഡൽഹിയിലെ എഐസിസി ചുമതലയുള്ള ഖാസി നിസാമുദ്ദീനും ഡൽഹി കോൺഗ്രസ് മേധാവി ദേവേന്ദർ യാദവും ചേർന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് പ്രഖ്യാപനം. ഡൽഹിക്ക് കോൺഗ്രസിന്‍റെ ഗ്യാരണ്ടി എന്ന് തുടങ്ങുന്ന ഒരു എക്‌സ് പോസ്റ്റും കോണ്‍ഗ്രസ് പങ്കുവച്ചിട്ടുണ്ട്.

“ഡൽഹിക്ക് കോൺഗ്രസിന്‍റെ ഗ്യാരണ്ടി. പണപ്പെരുപ്പം തടയാനുള്ള ദുരിതാശ്വാസ പദ്ധതി പ്രകാരം 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ, സൗജന്യ റേഷൻ കിറ്റ്. 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം തുടങ്ങി എല്ലാ ആവശ്യങ്ങളും കോണ്‍ഗ്രസ് നിറവേറ്റും,” എന്ന് എക്‌സില്‍ കുറിച്ചു

ഡൽഹിയിൽ അധികാരത്തിലെത്തിയാൽ കോൺഗ്രസ് നൽകിയ അഞ്ച് വാഗ്‌ദാനങ്ങൾ നിറവേറ്റുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും പറഞ്ഞു. അതേസമയം, ജനുവരി 6 ന് കോൺഗ്രസ് ‘പ്യാരി ദീദി യോജന’ പ്രഖ്യാപിച്ചിരുന്നു. പദ്ധതി പ്രകാരം അധികാരത്തിലെത്തിയാൽ സ്‌ത്രീകൾക്ക് പ്രതിമാസം 2,500 രൂപ ധനസഹായം നല്‍കും. ജനുവരി 8 ന് ‘ജീവൻ രക്ഷാ യോജന’ പ്രഖ്യാപിച്ചു, ഇതിന്‍റെ കീഴിൽ 25 ലക്ഷം രൂപ വരെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് നൽകുമെന്നും കോണ്‍ഗ്രസ് വാഗ്‌ദാനം ചെയ്‌തു.

വിദ്യാഭ്യാസ യോഗ്യത ഉണ്ടായിട്ടും തൊഴിലില്ലാത്ത ഡല്‍ഹിയിലെ യുവാക്കൾക്ക് ഒരു വർഷത്തേക്ക് എല്ലാ മാസവും 8,500 രൂപ നൽകുമെന്നും ഞായറാഴ്‌ച കോണ്‍ഗ്രസ് വാഗ്‌ദാനം ചെയ്‌തു. 70 അംഗ ഡൽഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 5 ന് നടക്കും. വോട്ടെണ്ണൽ ഫെബ്രുവരി 8 ന് നടക്കും.


Read Previous

പുതുചരിത്രമെഴുതി ആർഎൽവി രാമകൃഷ്‌ണൻ; കലാമണ്ഡലത്തിലെ ആദ്യ മലയാളി നൃത്താധ്യാപകനായി ചുമതലയേറ്റു

Read Next

ഐഎസ്‌ആർഒയുടെ മൂന്നാം വിക്ഷേപണത്തറയ്ക്ക് 3984.86 കോടി രൂപയുടെ അനുമതി നൽകി കേന്ദ്രമന്ത്രിസഭായോഗം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »