അലിയൻസ് അരീനയില്‍ ജര്‍മൻ ‘യൂത്ത് ഫെസ്റ്റ്’; യൂറോയില്‍ സ്‌കോട്‌ലന്‍ഡിനെ ഗോള്‍ മഴയില്‍ മുക്കി ജര്‍മനി


മ്യൂണിക്ക്: യൂറോ കപ്പ് 2024ലെ ആദ്യ മത്സരത്തില്‍ സ്‌കോട്‌ലാന്‍ഡിനെ നിലംപരി ശാക്കി ജര്‍മനി. മ്യൂണിക്കിലെ അലിയൻസ് അരീനയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെ തിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ജര്‍മൻ പടയുടെ വിജയം. യുവതാരങ്ങളുടെ കരുത്തിലായിരുന്നു ജര്‍മനി സ്‌കോട്‌ലന്‍ഡിനെ തകര്‍ത്തെറിഞ്ഞത്.

ആദ്യം മുതല്‍ അവസാനം വരെ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയ ജര്‍മനിയ്‌ക്ക് വേണ്ടി ഫ്ലോറിയൻ വിര്‍ട്‌സ്, ജമാല്‍ മുസിയാല, കെയ് ഹാവെര്‍ട്‌സ്, നിക്ലസ് ഫുള്‍ക്രഗ്, എംറെ കാൻ എന്നിവര്‍ ഗോള്‍ നേടി. അന്‍റോണിയോ റൂഡിഗറുടെ സെല്‍ഫ് ഗോളായിരുന്നു മത്സരത്തില്‍ സ്‌കോട്‌ലന്‍ഡിന് ആശ്വസിക്കാൻ വഴിയൊരുക്കിയത്. യൂറോ കപ്പ് ചരിത്രത്തില്‍ ജര്‍മനിയുടെ ഏറ്റവും വലിയ വിജയം കൂടിയാണ് ഇത്.

മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളുകള്‍ സ്‌കോട്‌ലന്‍ഡ് വലയിലേക്ക് അടിച്ചുകയറ്റാൻ ജര്‍മനിയ്‌ക്ക് സാധിച്ചു. പത്താം മിനിറ്റില്‍ ബയെര്‍ ലെവര്‍കൂസന്‍റെ ഫ്ലോറിയൻ വിര്‍ട്‌സാണ് ജര്‍മനിയുടെ ഗോള്‍ വേട്ട തുടങ്ങി വച്ചത്. ജോഷുവ കിമ്മിച്ചിന്‍റെ അസിസ്റ്റില്‍ നിന്നും തകര്‍പ്പൻ ഒരു ബുള്ളറ്റ് ഷോട്ടിലൂടെയായിരുന്നു വിര്‍ട്‌സിന്‍റെ ഗോള്‍.

ഇതോടെ, യൂറോയില്‍ ജര്‍മനിക്കായി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും 21കാരനായ വിര്‍ട്‌സ് മാറി. 19-ാം മിനിറ്റില്‍ രണ്ടാം ഗോളും സന്ദര്‍ശകരുടെ വലയിലെത്തി. കയില്‍ ഹാവെര്‍ട്‌സിന്‍റെ അസിസ്റ്റില്‍ നിന്നും ജമാല്‍ മുസിയാലയായിരുന്നു ജര്‍മനിയുടെ ലീഡ് ഉയര്‍ത്തിയത്.

ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് ജര്‍മനിയ്‌ക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി കെയ് ഹാവെര്‍ട്‌സും ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ, 3-0 എന്ന സ്കോറിനാണ് ആദ്യ പകുതി ജര്‍മനി അവസാനിപ്പിച്ചത്. റയാന്‍ പോര്‍ട്ടിയസ് റെഡ് കാര്‍ഡ് കണ്ട് പുറത്തായതോടെ രണ്ടാം പകുതിയില്‍ സ്‌കോട്‌ലന്‍ഡ് 10 പേരായി ചുരുങ്ങി.

68-ാം മിനിറ്റിലാണ ജര്‍മനി ലീഡ് നാലാക്കി ഉയര്‍ത്തുന്നത്. കെയ് ഹാവെര്‍ട്‌സിന് പകരമെത്തിയ നിക്ലസ് ഫുള്‍ക്രഗായിരുന്നു ഗോള്‍ സ്കോറര്‍. ഫൈനല്‍ വിസിലിന് തൊട്ടുമുന്‍പായിരുന്നു എംറെ കാൻ ജര്‍മനിയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്. അതിനിടെ, 87-ാം മിനിറ്റില്‍ അന്‍റോണിയോ റൂഡിഗറുടെ സെല്‍ഫ് ഗോള്‍ ജര്‍മൻ വലയില്‍ വീഴുകയും ചെയ്‌തിരുന്നു.

അതേസമയം, യൂറോ കപ്പില്‍ ഹംഗറിക്കെതിരെയാണ് ജര്‍മനിയുടെ രണ്ടാമത്തെ മത്സരം. ജൂണ്‍ 19നാണ് ഈ മത്സരം. അടുത്ത മത്സരത്തില്‍ സ്കോട്‌ലന്‍ഡ് സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും. ജൂണ്‍ 20നാണ് ഈ പോരാട്ടം.


Read Previous

കിട്ടിയ കളി കൈവിട്ട് നേപ്പാള്‍, തോല്‍വി ഒരു റണ്ണിന്; ഗ്രൂപ്പില്‍ അപരാജിതരായി ദക്ഷിണാഫ്രിക്ക

Read Next

വിഎസ് ആവേശമാണ്; എന്റെ രാഷ്ട്രീയ ഗുരു, അദ്ദേഹത്തിന് പകരം ആരുമില്ല’: ജി സുധാകരന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »