
കൊച്ചി: ഹീമോഫീലിയ അടക്കമുള്ള ഗുരുതര രക്തസ്രാവ വൈകല്യങ്ങളുള്ള കുട്ടികൾക്ക് സർക്കാർ നൽകുന്ന പ്രോഫിലാക്സിസ് പ്രതിരോധ ചികിത്സ മുടങ്ങുന്നു. ഇവർക്ക് കുത്തിവെപ്പായി നൽകാനുള്ള രക്തഘടകങ്ങളുടെ ക്ഷാമമാണ് കാരണം.
സംസ്ഥാനത്ത് ഗുരുതര രക്തസ്രാവ വൈകല്യങ്ങളുള്ള പതിനെട്ട് വയസ്സുവരെയുള്ള തിരഞ്ഞെടുത്ത 250-ലധികം കുട്ടികൾക്കാണ് താലൂക്ക്, ജില്ലാ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലുമായി ആഴ്ചയിൽ രണ്ടുതവണ ഈ ചികിത്സ നൽകുന്നത്. പല താലൂക്ക് ആശുപത്രികളിലും രക്തഘടകങ്ങൾ കിട്ടാനില്ല. ഒരാഴ്ചയോളമായി പ്രതിസന്ധി തുടങ്ങിയിട്ട്.
പ്രോഫിലാക്സിസ് ചികിത്സയിലൂടെ സാധാരണ ജീവിതം നയിച്ചിരുന്ന കുട്ടികളുടെ ജീവൻ ഇപ്പോൾ ഭീഷണിയിലാണ്. മരുന്ന് കൃത്യമായി കുത്തിവെച്ചില്ലെങ്കിൽ ഇവരുടെ പഠനവും ഭാവിയും അവതാളത്തിലാവും. പത്താം ക്ലാസ്, പ്ലസ് ടു പോലെയുള്ള പ്രധാനപ്പെട്ട പരീക്ഷകൾ അടുത്തതിനാൽ കുട്ടികളും ആശങ്കയിലാണ്. സംസ്ഥാനത്ത് 96 ആശുപത്രികൾ വഴിയാണ് രക്തസ്രാവ രോഗികൾക്ക് ചികിത്സ നൽകുന്നത്. ക്ഷാമംമൂലം ഇത് ഒരിടത്താക്കി. രക്തസ്രാവം സംഭവിച്ച് ഗുരുതരാവസ്ഥയിലാവുന്ന രോഗി കിലോമീറ്ററുകൾ സഞ്ചരിച്ച് മരുന്നിനെത്തുമ്പോൾ ആരോഗ്യസ്ഥിതി കൂടുതൽ വഷളാവും.
തലയിൽ രക്തസ്രാവം, അടിക്കടി സന്ധികളിൽ നീർക്കെട്ട്, മൂത്രത്തിലൂടെ രക്തസ്രാവം തുടങ്ങിയവ മൂലം ദുരിതമനുഭവിക്കുന്ന കുട്ടികൾ പ്രോഫിലാക്സിസ് ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോഴാണ് ചികിത്സ താളംതെറ്റിയത്. രക്തഘടകങ്ങളുടെ അഭാവംമൂലമുള്ള രക്തസ്രാവ വൈകല്യമാണിത്. ഈ രോഗബാധിതരിൽ രക്തസ്രാവമുണ്ടായാൽ നിയന്ത്രിക്കാനാവാതെ വരും.
മുതിർന്നവർക്ക് ഉൾപ്പെടെ രക്തസ്രാവം സംഭവിച്ചാൽ അടിയന്തരമായി നൽകാനുള്ള സ്റ്റോക്ക് ഇല്ല. സർക്കാർ ഇവരുടെ ജീവൻവെച്ച് പന്താടുകയാണ്. 60 ശതമാനം ഫണ്ടും നൽകുന്നത് നാഷണൽ ഹെൽത്ത് മിഷനാണ്. എറണാകുളം ജില്ലാ പഞ്ചായത്ത് 40 ലക്ഷം രൂപയുടെ ജീവൻരക്ഷാ മരുന്നുകൾ വർഷങ്ങളായി കൊടുക്കുന്നുണ്ട്. എന്നാൽ, അതിന് കെ.എം.എസ്.സി.എല്ലിന്റെ അനുമതി നൽകുന്നില്ല. ഫണ്ട് നഷ്ടപ്പെടുമോയെന്ന് ആശങ്കയുണ്ട്.
രക്തസ്രാവരോഗങ്ങൾക്കുള്ള രക്തഘടകങ്ങൾക്ക് ക്ഷാമമുണ്ട്. ആഗോളതലത്തിലെ ലഭ്യതക്കുറവാണ് കാരണം. വിദേശ കമ്പനികളുടെ മരുന്നുകളാണ് രോഗബാധിതർക്ക് നൽകുന്നത്. ടെൻഡർ വിളിച്ചിട്ടും സ്റ്റോക്കില്ലാത്തതിനാൽ ചില കമ്പനികൾ പങ്കെടുത്തിരുന്നില്ല. നിലവിൽ മരുന്നുകൾ ലഭ്യമാക്കിത്തുടങ്ങി