ഗവര്‍ണറും-മുഖ്യമന്ത്രിയും വീണ്ടും നേര്‍ക്കുനേര്‍: തന്റെ അധികാരം ഉടനെ അറിയുമെന്ന് ഗവര്‍ണര്‍; സ്വര്‍ണക്കടത്ത് തടയാന്‍ കേന്ദ്രത്തോട് പറയൂ എന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത്, ഹവാല ഇടപാടുകള്‍ രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ എന്തുകൊണ്ട് മുഖ്യമന്ത്രി ഇക്കാര്യം തന്നെ അറിയിച്ചില്ലെന്ന് വീണ്ടും ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

മുഖ്യമന്ത്രി ദി ഹിന്ദു ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖം ആയുധമാക്കി നേര്‍ക്കുനേര്‍ പോരിനൊരുങ്ങുകയാണ് ഗവര്‍ണര്‍. മുഖ്യമന്ത്രിയെയാണോ ഹിന്ദു പത്രത്തെയാണോ, ആരെയാണ് പി.ആര്‍ വിവാദത്തില്‍ വിശ്വസിക്കേണ്ടത്? ഹിന്ദു പത്രമാണ് കള്ളം പറയുന്നതെങ്കില്‍ അവര്‍ക്കെതിരെ മുഖ്യമന്ത്രി എന്തുകൊണ്ട് കേസെടുത്തില്ല? തനിക്ക് വിശദീകരണം നല്‍കാന്‍ മുഖ്യമന്ത്രിക്ക് ഭരണഘടനാ ബാധ്യത ഉണ്ട്. രാഷ്ട്രപതിയെ വിവരങ്ങള്‍ അറിയിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ ഭരണ തലവനായ തന്നെ സര്‍ക്കാര്‍ ഇരുട്ടില്‍ നിര്‍ത്തുകയാണ്.

തനിക്ക് അധികാരം ഉണ്ടോ ഇല്ലയോ എന്ന് ഉടന്‍ അറിയും. തന്റെ കത്തിനു മറുപടി തരാന്‍ 20 ലേറെ ദിവസം മുഖ്യമന്ത്രി എടുത്തെന്നും അത് എന്തോ ഒളിക്കാനുള്ളത് കൊണ്ടാണ് ഇതെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. രാജ്ഭവന്‍ ആസ്വദിക്കാന്‍ അല്ല ഞാന്‍ ഇരിക്കുന്നതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറല്ലെന്ന് സര്‍ക്കാര്‍ നിലപാട് എടുത്തതാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്.

എന്നാല്‍ തനിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും എന്തെങ്കിലും വിവരങ്ങള്‍ ഗവര്‍ണറെ അറിയിക്കുന്നതില്‍ ബോധപൂര്‍വമായ വീഴ്ച വരുത്തിയിട്ടില്ലെന്നും ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണറുടെ കത്തില്‍ ശക്തമായ പ്രതിഷേധം അറിയി ക്കുന്നതായും അദേഹം കത്തില്‍ വ്യക്തമാക്കി.

സ്വര്‍ണക്കടത്ത് തടയുന്നതിന് ആവശ്യമായ നടപടികള്‍ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രത്തിനാണ് കൂടുതല്‍ ചുമതലയുള്ളതെന്നും സ്വര്‍ണക്കടത്ത് തടയുന്നതിനുള്ള നടപടികള്‍ ഫലപ്രദമായി ഏറ്റെടുത്ത് ചെയ്യാന്‍ ഗവര്‍ണര്‍ കേന്ദ്ര ത്തോട് ആവശ്യപ്പെടണമെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞിട്ടുണ്ട്.


Read Previous

ഡിവെെഎഫ്ഐക്കാരുടെ ‘ജീവൻരക്ഷാപ്രവർത്തനം’; ന്യായീകരിച്ച മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

Read Next

ഇവിഎം ക്രമക്കേട്: ഹരിയാനയില്‍ 20 മണ്ഡലങ്ങളിലെ ഫലം മരവിപ്പിക്കണം: തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »