നയതന്ത്ര പങ്കാളിത്തത്തിൻ്റെ മികച്ച ചാമ്പ്യൻ; മൻമോഹൻ സിങ്ങിന് അന്ത്യാഞ്ജലി അർപ്പിച്ച് യുഎസ്


സാൻഫ്രാൻസിസ്കോ : മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎസ്. ഉഭയകക്ഷി പങ്കാളിത്തത്തിലെ ഏറ്റവും മികച്ച ചാമ്പ്യന്മാരിൽ ഒരാളാണ് മന്‍മോഹന്‍ സിങ് എന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ വിശേഷിപ്പിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യയും അമേരിക്കയും ഒരുമിച്ച് നേടിയ പല നേട്ടങ്ങള്‍ക്കും അടിത്തറയിട്ടത് മന്‍മോഹന്‍ സിങ് ആണെന്നും ബ്ലിങ്കൻ പറഞ്ഞു. യുഎസ് – ഇന്ത്യ സിവിൽ ആണവ സഹകരണ ഉടമ്പടി മുന്നോട്ട് കൊണ്ടുപോകുന്നതിൽ മന്‍മോഹന്‍ സിങ് കാണിച്ച നേതൃത്വത്തെപ്പറ്റിയും ബ്ലിങ്കൻ സൂചിപ്പിച്ചു.

‘ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ദ്രുതഗതിയില്‍ ഉത്തേജിപ്പിച്ച സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പേരില്‍ ഡോ. സിങ് ഓർമിക്കപ്പെടും. ഡോ. സിങ്ങിന്‍റെ വിയോഗത്തിൽ ഞങ്ങൾ വിലപിക്കുന്നു. അമേരിക്കയേയും ഇന്ത്യയേയും കൂടുതൽ അടുപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്‍റെ സമർപ്പണം എപ്പോഴും ഓർക്കും.’- ബ്ലിങ്കൻ പറഞ്ഞു.

ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിലേക്ക് നയിച്ച മുൻനിര സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പേരിൽ മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങനെ എക്കാലവും സ്‌മരിക്കപ്പെടുമെന്ന് ഇന്ത്യൻ അമേരിക്കൻ കോൺഗ്രസ് അംഗം റോ ഖന്ന പറഞ്ഞു. മന്‍മോഹന്‍ സിങ്ങിന്‍റെ മരണത്തിൽ അദ്ദേഹം ദുഖം രേഖപ്പെടുത്തി.

മുൻ പ്രധാനമന്ത്രിയുടെ കുടുംബത്തിനും ഇന്ത്യയിലെ ജനങ്ങൾക്കും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നുവെന്ന് യുഎസ് ഇന്ത്യ ബിസിനസ് കൗൺസിൽ പ്രസിഡന്‍റ് അതുൽ കേശപ് പറഞ്ഞു. മന്‍മോഹന്‍ സിങ്ങിന്‍റെ ദർശനങ്ങളും പാഠങ്ങളും നേതൃത്വവും ഭാവി തലമുറയ്ക്ക് പാഠമാകുമെന്ന് യുഎസ് ഇന്ത്യ സ്ട്രാറ്റജിക് ആൻഡ് പാർട്‌ണർഷിപ്പ് ഫോറം (യുഎസ്ഐഎസ്‌പിഎഫ്) ബോർഡ് ചൂണ്ടിക്കാട്ടി. പണ്ഡിതനും രാഷ്‌ട്ര തന്ത്രജ്ഞനും ആദരണീയനായ നേതാവും എന്നും ഓര്‍മിക്കപ്പെടും. രാഷ്‌ട്രത്തെ സേവിക്കുന്നതിനായി അദ്ദേഹം ജീവിതം സമർപ്പിച്ചു. ഒരു ബില്യണിലധികം ഇന്ത്യക്കാരുടെ ജീവിതത്തെ മന്‍മോഹന്‍ സിങ് സമ്പന്നമാക്കുകയും ചെയ്‌തെന്നും യുഎസ്ഐഎസ്‌പിഎഫ് പറഞ്ഞു.

മുൻ കനേഡിയൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപ്പറും മന്‍മോഹന്‍ സിങ്ങിന്‍റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി. തന്‍റെ മുൻ സഹപ്രവർത്തകൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്‍റെ മരണവാർത്ത അറിഞ്ഞതിൽ ദുഃഖമുണ്ട്. അസാധാരണമായ ബുദ്ധിശക്തിയും സമഗ്രതയും ജ്ഞാനവുമുള്ള വ്യക്തി യായിരുന്നു. അദ്ദേഹത്തിന്‍റെ എല്ലാ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും അനുശോചനം അറിയിക്കാൻ ആഗ്രഹിക്കുന്നുവെന്ന് സ്റ്റീഫന്‍ ഹാര്‍പ്പര്‍ പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കാര ങ്ങളുടെ ശില്‍പിയായിരുന്ന മന്‍മോഹന്‍ സിങ് വ്യാഴാഴ്‌ച രാത്രിയാണ് അന്തരിച്ചത്. 92 വയസായിരുന്നു. ഡല്‍ഹി എയിംസിലായിരുന്നു അന്ത്യം.


Read Previous

ക്രിയാത്മക നിർദേശങ്ങൾ നൽകിയിരുന്ന വ്യക്തി’; മൻമോഹൻ സിങ്ങിന് അന്ത്യാഞ്ജലി അർപ്പിച്ച് ഹമീദ് അൻസാരിയും സച്ചിൻ പൈലറ്റും

Read Next

കറുത്ത ആംബാൻഡ് ധരിച്ച് ഇന്ത്യൻ ടീം, സ്‌മരണയുമായി പ്രമുഖർ; മൻമോഹൻ സിങ്ങിൻറെ വിയോഗത്തിൽ അന്ത്യാഞ്ജലിയർപ്പിച്ച് കായിക ലോകം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »