ചേർത്തല: അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പള്ളിപ്പുറത്തെ ഷെഡിന് സമീപം രണ്ട് കഞ്ചാവ് ചെടികൾ വളർത്തിയ യുവാവിനെ എക്‌സൈസ് ചേർത്തല റേഞ്ച് അധികൃതർ പിടികൂടി. അസം മാരിഗോൺ ജില്ലയിൽ ബോറിഗോൺ താലൂക്കിലെ സഹിദ്ദുൾ ഇസ്ലാം (26)ആണ് പിടിയിലായത്. ഇയാൾ താമസിക്കുന്ന ഷെഡിലെ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ 260 ഗ്രാം കഞ്ചാവും കണ്ടെടുത്തു. പള്ളിപ്പുറം വ്യവസായ പാർക്കിലെ ഒരു സ്ഥാപനത്തിലാണ് ഇയാൾ ജോലി ചെയ്യുന്നത്.

റേഞ്ച് ഇൻസ്‌പെക്ടർ പി.എം. സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ അസി.ഇൻസ്‌പെക്ടർ പി.ബിനേഷ്, അസി.ഇൻസ്‌പെക്ടർ ഗ്രേഡുമാരായ കെ.പി.സുരേഷ്,ജി.മനോജ് കുമാർ, ജി. മണികണ്ഠൻ എന്നിവരുമുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
കോട്ടയം ജില്ലയിൽ കഞ്ചാവ് കടത്താനും, സൂക്ഷിക്കാനുമായി മാത്രം അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ട്രെയിൻ വഴിയാണ് പ്രധാന കടത്ത്. അന്യസംസ്ഥാനക്കാർക്കിടയിൽ പ്രത്യേക ലഹരിക്കടത്ത് സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്. കഞ്ചാവ് പൂത്തുവിളയുന്ന ജാർഖണ്ഡ്, ഒഡീഷ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണിവർ. ഉപഭോക്താക്കളിലേറെയും അന്യസംസ്ഥാനക്കാരാണ്.
തൊഴിലാളി ക്യാമ്പുകളിൽ പരിശോധനയില്ലാത്തതാണ് സംഘം മുതലെടുക്കുന്നത്. നാട്ടിൽ നിസാര വിലയ്ക്കു കിട്ടുന്ന കഞ്ചാവാണ് ഇവിടെയെത്തിച്ച് ഉയർന്ന നിരക്കിൽ വിൽക്കുന്നത്. ഒരു മാസം കഷ്ടപ്പെട്ട് പണിയെടുക്കുന്നതിന്റെ ഇരട്ടിപ്പണം സമ്പാദിക്കാമെന്നതാണ് ഇവരെ ഇതിലേക്ക് ആകർഷിക്കുന്നത്. കഞ്ചാവ് വളർത്തലിൽ ഏർപ്പെട്ടവരുമുണ്ട്.
ഹോട്ടൽ, കെട്ടിനിർമ്മാണ മേഖലയിൽ ജോലി തേടി വന്നവരാണ് കഞ്ചാവുകടത്തിന്റെ പ്രധാന കണ്ണികൾ. പിടികൂടിയാലും ഹിന്ദി ഉൾപ്പെടെയുള്ള ഭാഷ വശമില്ലാത്തതിനാൽ അന്വേഷണം അധികം നീളാറില്ല. തൊണ്ടി പിടികൂടി മറ്റ് നടപടികളിലേയ്ക്ക് പോകുകയാണ് പതിവ്. നിരീക്ഷിക്കാനും വിവരങ്ങൾ അറിയാനും ഭാഷാപരിമിതിയുണ്ട്.