ഹജ്ജ് സീസണ് പരിസമാപ്തി; 2025 ഹജ്ജിലേക്കുള്ള ഒരുക്കങ്ങള്‍ പ്രഖ്യാപിച്ച് മന്ത്രി | ഉംറ വിസ അനുവദിക്കാന്‍ തുടങ്ങി


മക്ക: 18.3 ലക്ഷത്തിലേറെ തീര്‍ഥാടകര്‍ പങ്കെടുത്ത ഇത്തവണത്തെ ഹജ്ജിന് ഉജ്വല പരിസമാപ്തി. ഹജ്ജ് സമാപന പ്രഖ്യാപനവും ഹജ്ജുമായി ബന്ധപ്പെട്ട സേവന മികവിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള ലബ്ബൈത്തും അവാര്‍ഡ് ദാനവും ‘ഖിതാമുഹു മിസ്‌ക്’ എന്ന പേരില്‍ നടന്ന ചടങ്ങില്‍ ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ നിര്‍വഹിച്ചു.

മക്കയിലെ ഹജ്ജ് ഉംറ ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങില്‍ 2025ലെ ഹജ്ജ് സീസണി ലേക്കുള്ള ഒരുക്കങ്ങളും ക്രമീകരണങ്ങളും ചടങ്ങില്‍ വച്ച് മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യയുടെ മികച്ച ഉപയോഗത്തിലൂടെ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനം സുഗമവും സുരക്ഷിതവു മാക്കാന്‍ സാധിച്ചതായി മന്ത്രി അറിയിച്ചു.

ആഭ്യന്തര മന്ത്രാലയത്തിന്റെയും ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെയും നേതൃത്വത്തില്‍ ഇത്തവണ നടപ്പിലാക്കിയ ചില പ്രധാന പദ്ധതികള്‍ വന്‍ വിജയകരമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ‘അനുമതി ഇല്ലാതെ ഹജ്ജ് പാടില്ല’ എന്ന ക്യാമ്പയിന്‍ പെര്‍മിറ്റില്ലാതെ ഹജ്ജിനെത്തുന്നവരെ തടയുന്നതില്‍ പ്രധാന പങ്കുവഹിച്ചു. കൂടാതെ തീര്‍ഥാടകരെ ക്കുറിച്ചും അവര്‍ക്ക് നല്‍കുന്ന സേവനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി നുസുക് കാര്‍ഡ് പുറത്തിറക്കിയതും ഇത്തവണത്തെ പ്രധാന പ്രത്യേകതയാണെന്ന് മന്ത്രി പറഞ്ഞു.

ഈ വര്‍ഷത്തെ ഹജ്ജ് സീസണിന്റെ വിജയത്തില്‍ പങ്കുവഹിച്ചവരെ മന്ത്രി അഭിനന്ദിച്ചു. ഈ വര്‍ഷത്തെ ഹജ്ജ് സീസണിലെ നേട്ടങ്ങള്‍ തീര്‍ഥാടകരെ സേവി ക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന എല്ലാ മേഖലകളുടെയും ഏജന്‍സികളുടെയും സംയോ ജിത പരിശ്രമത്തിന്റെ ഫലമാണെന്നും തീര്‍ഥാടകരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതില്‍ ഹജ്ജ് കാര്യ ഓഫീസുകളുടെ സഹകരണം നിര്‍ണായക പങ്കുവ ഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ പിന്തുണയും, കിരിടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ മേല്‍നോട്ടവും ഈ വിജയത്തിന് കാരണമായതായും അദ്ദേഹം പറഞ്ഞു.

ഹജ്, ഉംറ മന്ത്രാലയം ഇന്നു മുതല്‍ ഉംറ വിസാ അപേക്ഷകള്‍ സ്വീകരിച്ച് വിസകള്‍ അനുവദിക്കാന്‍ തുടങ്ങി. ഉംറ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വകുപ്പുകളുമായും ഏകോപനം നടത്തിയാണ് മന്ത്രാലയം വിസകള്‍ അനുവദിക്കുന്നത്. കൂടുതല്‍ ഉംറ തീര്‍ഥാടകരെ സ്വീകരിക്കാനുള്ള പദ്ധതി അനുസരിച്ചാണ് മന്ത്രാലയം പ്രവര്‍ത്തിക്കുന്നത്.

മുന്‍ വര്‍ഷങ്ങളില്‍ ഹജ് സീസണ്‍ അവസാനിച്ച ശേഷം മുഹറം ഒന്നു മുതലാണ് ഉംറ വിസകള്‍ അനുവദിച്ചിരുന്നത്. ഈ വര്‍ഷം മുതല്‍ ഹജ് പൂര്‍ത്തിയായാലുടന്‍ ഉംറ വിസ അനുവദിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. വിദേശങ്ങളില്‍ നിന്നെത്തിയ ഹജ് തീര്‍ഥാടകരില്‍ ബഹുഭൂരിഭാഗവും ഇനിയും സ്വദേശങ്ങളിലേക്ക് മടങ്ങിയിട്ടില്ല. ഇതിനു മുമ്പു തന്നെ ഉംറ വിസ അനുവദിക്കുകയാണ് ചെയ്യുന്നത്.

2030 ഓടെ പ്രതിവര്‍ഷം പുണ്യഭൂമിയിലെത്തുന്ന തീര്‍ഥാടകരുടെ എണ്ണം മൂന്നു കോടി യിലേറെയായി ഉയര്‍ത്താനാണ് വിഷന്‍ 2030 ലക്ഷ്യമിടുന്നത്. കൂടുതല്‍ ഉംറ തീര്‍ഥാട കരെ സൗദിയിലേക്ക് ആകര്‍ഷിക്കാനും വിസാ നടപടികളെയും സൗദിയിലേക്കുള്ള മറ്റു പ്രവേശന നടപടികളെയും തീര്‍ഥാടകര്‍ക്ക് നല്‍കുന്ന പുതിയ ഇളവുകളെയും ആനുകൂല്യങ്ങളെയും കുറിച്ച് പരിചയപ്പെടുത്താനും ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ ഒരു ഡസനിലേറെ രാജ്യങ്ങള്‍ അടുത്തിടെ സന്ദര്‍ശിച്ചിരുന്നു.

ബിസിനസ്, വിസിറ്റ് വിസകള്‍ അടക്കം ഏതു വിസയിലും സൗദിയില്‍ പ്രവേശി ക്കുന്നവര്‍ക്ക് ഇപ്പോള്‍ ഉംറ കര്‍മം നിര്‍വഹിക്കാന്‍ സാധിക്കും. ഉംറ വിസാ കാലാവധി 90 ദിവസമായി ദീര്‍ഘിപ്പിച്ചിട്ടുമുണ്ട്. ഉംറ വിസയില്‍ രാജ്യത്ത് പ്രവേശിക്കുന്നവര്‍ക്ക് വിസാ കാലാവധിയില്‍ സൗദിയില്‍ എവിടെയും സ്വതന്ത്രമായി സഞ്ചരിക്കാനും കഴിയും. ഉംറ വിസക്കാര്‍ക്ക് സൗദിയിലെ ഏതു എയര്‍പോര്‍ട്ടുകളും അതിര്‍ത്തി പ്രവേശന കവാടങ്ങളും വഴി രാജ്യത്ത് പ്രവേശിക്കാനും അനുമതിയുണ്ട്.

കഴിഞ്ഞ കൊല്ലം വിദേശങ്ങളില്‍ നിന്ന് 1.355 കോടിയിലേറെ ഉംറ തീര്‍ഥാടകരെത്തി യിരുന്നു. ഇതിനു മുമ്പ് വിദേശ തീര്‍ഥാടകരുടെ എണ്ണം ഏറ്റവും ഉയര്‍ന്നത് 2019 ല്‍ ആയിരുന്നു. 2019 ല്‍ 85.5 ലക്ഷം തീര്‍ഥാടകരാണ് വിദേശങ്ങളില്‍ നിന്ന് എത്തിയത്. ഇതിനെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം തീര്‍ഥാടകരുടെ എണ്ണം 58 ശതമാനം തോതില്‍ വര്‍ധിച്ചു. 2019 നെ അപേക്ഷിച്ച് 2023 ല്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ 50 ലക്ഷം പേരുടെ വര്‍ധന രേഖപ്പെടുത്തി. വിസാ നടപടികള്‍ എളുപ്പമാക്കിയത് അടക്കമുള്ള ഇളവുകളു ടെയും സൗകര്യങ്ങളുടെയും ഫലമായാണ് വിദേശ തീര്‍ഥാടകരുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചത്.

സൗദി വിമാന കമ്പനികളിലെ യാത്രക്കാരെ ലക്ഷ്യമിട്ട് ട്രാന്‍സിറ്റ് വിസയും ആരംഭിച്ചിട്ടുണ്ട്. സൗദിയിലൂടെ ട്രാന്‍സിറ്റ് ആയി കടന്നു[പോകുന്ന ഏതു യാത്ര ക്കാര്‍ക്കും ടിക്കറ്റും ട്രാന്‍സിറ്റ് വിസയും ഓണ്‍ലൈന്‍ ആയി എളുപ്പത്തില്‍ നേടാന്‍ സാധിക്കും. ട്രാന്‍സിറ്റ് വിസയില്‍ നാലു ദിവസം സൗദിയില്‍ തങ്ങാന്‍ കഴിയും. ഇതിനിടെ ഉംറ കര്‍മം നിര്‍വഹിക്കാനും മസ്ജിദുബവി സിയാറത്ത് നടത്താനും സാധിക്കും.


Read Previous

ഒളിമ്പിക്‌സ് ആവേശം ഇന്ത്യയിലേക്ക് ഗീതികയിലൂടെ മാത്രം; പാരിസിലേക്ക് പറക്കാൻ റെഡിയായി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക

Read Next

സൗദിയിലേക്ക് 26 കിലോഗ്രാം മയക്കുമരുന്നുമായി വന്ന രണ്ട് പാകിസ്താന്‍ സ്വദേശികള്‍ അറസ്റ്റില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »