ഗാസ: തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നഗരത്തിൽ ഇന്ന് പുലർച്ചെ നടന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹമാസിന്റെ ഉന്നത നേതാവ് സലാഹ് അൽ ബർദവീലും ഭാര്യയും കൊല്ലപ്പെട്ടു. ഭാര്യയ്‌ക്കൊപ്പം ഖാൻ യൂനിസിലെ സുരക്ഷാ ടെന്റിൽ പ്രാർഥിച്ചു കൊണ്ടിരിക്കെയായിരുന്നു ഇസ്രയേൽ ആക്രമണം.

വ്യോമാക്രമണത്തിൽ സലാഹ് അൽ ബർദവീലും ഭാര്യയും കൊല്ലപ്പെട്ടതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ സംഭവത്തിൽ ഇസ്രയേൽ ഉദ്യോഗസ്ഥർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹമാസ് നേതൃത്വത്തിലുള്ള മാദ്ധ്യമ ഉപദേഷ്ടാവായ താഹെർ അൽ നോനോ തന്റെ ഫേസ്ബുക്കിൽ സലാഹ് അൽ ബർദവീലിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
‘അദ്ദേഹത്തിന്റെയും ഭാര്യയുടെയും മറ്റ് രക്തസാക്ഷികളുടെയും രക്തം വിമോചനത്തിനും സ്വാതന്ത്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിന്റെ ഇന്ധനമായി നിലനിൽക്കും. ശത്രുവിന് നമ്മുടെ നിശ്ചയദാർഢ്യത്തെ തകർക്കാനാവില്ല’ എന്ന് ഹമാസ് അറിയിച്ചു.
ഗാസയിൽ വെടിനിറുത്തൽ ലംഘിച്ച് കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ഇസ്രയേൽ ആക്രമണം രൂക്ഷമാക്കിയിരുന്നു. ഗാസയിലെ ഹമാസ് മിലിട്ടറി ഇന്റലിജൻസ് മേധാവി ഒസാമ തബാഷിനെ വ്യാഴാഴ്ച ഇസ്രയേൽ വധിച്ചിരുന്നു. തെക്കൻ ഗാസയിൽ നടന്ന ആക്രമണത്തിലാണ് ഒസാമയെ വധിച്ചതെന്നാണ് റിപ്പോർട്ട്. ഹമാസിന്റെ നിരീക്ഷണ യൂണിറ്റിന്റെ മേധാവിയും ഇയാളായിരുന്നു. ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ ചൊവ്വാഴ്ച മുതൽ കൊല്ലപ്പെട്ടവരുടെ എണ്ണം 600 കടന്നുവെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ കുട്ടികളും സ്ത്രീകളുമുണ്ട്.