
റിയാദ്: അഞ്ച് വർഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാൻ വേണ്ടി എല്ലാം തയ്യാറാക്കി രാത്രി ഉറങ്ങാൻ കിടന്നു. റിയാദ് എക്സിറ്റ് 13 ൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന തിരൂർ കല്ലിങ്ങൽ സ്വദേശി മുഹമ്മദ് റഫീഖ് (42) ആണ് നാട്ടിലേക്ക് വരാനുള്ള എല്ലാ തയ്യാറെടുപ്പും പൂർത്തിയാക്കിയത്. ചൊവ്വാഴ്ച രാത്രി 11.55ന് റിയാദിൽ നിന്നും കോഴിക്കോടിനുള്ള എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ ആണ് റഫീഖ് ടിക്കറ്റ് ബുക്ക് ചെയ്തത്. പോകുന്ന ദിവസം രാവിലെ ചില സുഹൃത്തുക്കൾ ഫോണിൽ ബന്ധപ്പെട്ടു. ഫോൺ എടുക്കാതെ ആയപ്പോൾ ആണ് സുഹൃത്തുക്കൾ മുറിയിൽ വന്നു നോക്കിയത്. അപ്പോഴാണ് താമസസ്ഥലത്ത് മരണമടഞ്ഞ നിലയിൽ റഫീഖ കിടക്കന്നത് കണ്ടത്.
ഹൃദയാഘാതം ആണ് മരണ കാരണം എന്നാണ് റിപ്പോർട്ട്. നാട്ടിലേക്ക് കൊണ്ടു പോകാനുള്ള സാധനങ്ങൾ എല്ലാം പെട്ടിയിലാക്കി ലഗേജിന്റെ ഭാരവും തൂക്കി എല്ലാം കൃത്യമായി ഉറപ്പിച്ചാണ് കൂട്ടുക്കാർ സ്വന്തം മുറികളിലേക്ക് കിടക്കാൻ പോയത്. അതുവരെ റഫീഖ് വളരെ സന്തോഷത്തിലായിരുന്നു എന്ന് സുഹൃത്തുക്കൾ പറയുന്നു. വീട് പണി അടുത്തിടെയാണ് കഴിഞ്ഞത്. അഞ്ചു വർഷത്തിന് ശേഷം ആണ് നാട്ടിലേക്ക് പോകുന്നത്. ഭാര്യയെയും മക്കളെയും ഉമ്മയെയേയും ഞെട്ടിച്ചു കൊണ്ടു വേണം എനിക്ക് നാട്ടിലേക്ക് പോകാൻ എന്ന് എപ്പോഴും റഫീഖ് പറയുമായിരുന്നു എന്ന് സുഹൃത്തുക്കൾ പറയുന്നു.
സമയം കിട്ടുമ്പോഴൊക്കെ വീട്ടിലുള്ളവരെ ഫോണിൽ വിളിക്കും. നാട്ടിൽ പോകുന്നത് ആരും അറിയാതെ ഇരിക്കുന്നതിന്റെ സന്തോഷത്തിലായിരുന്നു റഫീഖ്. എല്ലാവ രേയും ഞെട്ടിക്കാനാണ് തന്റെ പ്ലാൻ എന്ന് എപ്പോഴും സുഹൃത്തുക്കളോട് പറയുമായിരുന്നു. രാത്രി വൈകിയും റൂമിൽ എല്ലാരോടും സ്നേഹസംഭാഷണങ്ങൾ നടത്തിയിരുന്നു. പുലർച്ചെയുള്ള വിമാനത്തിൽ കയറാൻ വേണ്ടി തയ്യാറായി ഇരിക്കുമ്പോൾ ആണ് മരണം സംഭവിക്കുന്നത്.
കൊവിഡ് കാലത്ത് ജോലി പോയി. അതോടെ നാട്ടിൽ പോകാൻ സാധിച്ചില്ല. പിന്നീട് മറ്റൊരു സ്പോൺസറുടെ കീഴിൽ ജോലികിട്ടി അവിടേക്ക് മാറി. പുതിയ ജോലിക്ക് കയറിയതോടെ രണ്ട് വർഷം കഴിഞ്ഞ് നാട്ടിലേക്ക് പോകാൻ സാധിക്കുകയുള്ളു. പിന്നീട് അവിടെ നിന്നും അവധി എടുക്കാനും ഒന്നും സാധിച്ചില്ല. വിസയുടെ മാറ്റം സ്പോൺസർ മാറ്റം എല്ലാം കഴിഞ്ഞപ്പോൾ അഞ്ച് വർഷം കടന്നു പോയി. ഇപ്പോഴുള്ള ജോലി ഉപേക്ഷിച്ച് നാട്ടിൽ പോയി പുതിയ വിസയിൽ തിരിച്ചു വരാൻ ആയിരുന്നു റഫീഖിന്റെ പ്ലാൻ അതിന് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും തയ്യാറെടുപ്പുകളും അദ്ദേഹം പൂർത്തിയാക്കിയിരുന്നു.