
ആലപ്പുഴ: പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ ഇതുവരെ കിട്ടിയ വരുമാനവും പെന്‍ഷനും താന്‍ കൈകൊണ്ട് തൊട്ടിട്ടില്ലെന്ന് കേന്ദ്രമന്ത്രിയും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപി. ബിജെപി ആലപ്പുഴ ജില്ലാ ഓഫീസ് ഉദ്ഘാടനത്തിനിടെയാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്.
‘രാജ്യസഭാ എം പി ആയിരുന്നപ്പോളും ഇപ്പോള്‍ തൃശൂര്‍ എം പിയായിരിക്കുമ്പോഴും പാര്‍ലമെന്റില്‍ നിന്ന് കിട്ടിയ വരുമാനവും പെന്‍ഷനും കൊകൊണ്ട് തൊട്ടിട്ടില്ല, താന്‍ ഈ തൊഴിലിന് വന്ന ആള്‍ അല്ല, ഇക്കാര്യം ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാം’ സുരേഷ് ഗോപി പറഞ്ഞു.
താന്‍ ഇഷ്ടപ്പെടുന്ന നേതാക്കളുണ്ട്, അവര്‍ക്ക് രാഷ്ട്രീയ പിന്‍ബലം നല്‍കാനാണ് രാഷ്ട്രീയത്തില്‍ വന്നത്. ഒരിക്കലും രാഷ്ട്രീയം ഉണ്ടാകില്ലെന്ന് കരുതിയ ആളാണ് താന്‍. ഗുജറാത്തില്‍ വച്ച് നരേന്ദ്ര മോദിയെ കണ്ടു കഴിഞ്ഞപ്പോഴും ഈ തീരുമാനത്തിന് മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍ എന്റെ അന്നം മുട്ടിക്കുന്ന ചില രാഷ്ട്രീയ നീക്കങ്ങള്‍ ഉണ്ടായപ്പോഴാണ് രാഷ്ട്രീയ നിലപാട് സ്വീകരിക്കേണ്ടി വന്നത്. അങ്ങനെയാണ് രാഷ്ട്രീയത്തിന്റെ താര നിരയിലേക്ക് ഇറങ്ങിയതെന്നും സുരേഷ് ഗോപി പറഞ്ഞു.