ഏഴാം വയസിൽ അച്ഛന്റെ പകരക്കാരനായി, വിരലുകളാൽ തീർത്ത മാന്ത്രികത; തബലയെ വിശ്വത്തോളം ഉയർത്തിയ മഹാപ്രതിഭ, ‘ഇതാണെന്‍റെ പ്രാര്‍ഥന, അല്ലാ രഖ പറഞ്ഞു’, കുഞ്ഞു സാക്കിര്‍ ഹുസൈന്‍റെ ചെവികളില്‍ ആദ്യം കേട്ടത് തബലയുടെ താളങ്ങള്‍


ജനിച്ചപ്പോള്‍ മുതല്‍ സാക്കിര്‍ ഹുസൈന്റെ കാതുകളില്‍ നിറഞ്ഞു കേട്ടത് തബലയുടെ താളമാണ്. അച്ഛന്റെ കൈപിടിച്ച് സംഗീത ലോകത്തേക്ക് ചുവടുവച്ചു. വിരലുകള്‍ കൊണ്ട് തബലയില്‍ തീര്‍ത്ത മാന്ത്രികത അദ്ദേഹത്തെ ലോകത്തിന്റെ ഉസ്താദാക്കി. നാല് ഗ്രാമി അവാര്‍ഡുകള്‍ സ്വന്തമാക്കിയ അദ്ദേഹം ലോകത്തിനു മുന്നില്‍ ഇന്ത്യന്‍ സംഗീതത്തിന് അഭിമാനമായി മാറി.

സാന്‍ഫ്രാന്‍സിസ്‌കോ ആശുപത്രിയില്‍ വച്ചായിരുന്നു ലോകപ്രശസ്ത തബലമാന്ത്രികനായ സാക്കിര്‍ ഹുസൈന്റെ അന്ത്യം. ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായ സാക്കിര്‍ ഹുസൈന്‍ മരിച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും കുടുംബം നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് രാവിലെയോടെ കുടുംബം തന്നെയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.

1951 മാര്‍ച്ച് 9ന് മുംബൈയിലെ സംഗീത കുടുംബത്തിലാണ് സാക്കിര്‍ ഹുസൈന്‍ ജനിച്ചത്. വിഖ്യാത തബലിസ്റ്റ് ഉസ്താദ് അല്ല രഖ ഖാന്‍ ആയിരുന്നു അച്ഛന്‍. തബലയുടെ താളത്തിനൊപ്പമായിരുന്നു സാക്കിര്‍ ഹൂസൈന്റെ കുട്ടിക്കാലം. ഏഴാം വയസില്‍ ആദ്യമായി ലോകം സാക്കിര്‍ ഹുസൈനെ കേട്ടു. അച്ഛന്റെ പകരക്കാരനായാണ് സാക്കിര്‍ ഹുസൈന്‍ ആദ്യമായി വേദിയില്‍ കയറുന്നത്. 12ാം വയസില്‍ സംഗീതത്തില്‍ സ്വതന്ത്ര യാത്ര ആരംഭിച്ചു. ആ വിരലുകളുടെ മാന്ത്രികത ലോകത്തെ അമ്പരപ്പിച്ചു. സംഗീതരംഗത്തെ അതികായകന്റെ തുടക്കം അവിടെനിന്നായിരുന്നു.

കുട്ടിക്കാലം മുതല്‍ നിരവധി പ്രമുഖര്‍ക്കൊപ്പം അദ്ദേഹം തബല വായിച്ചു. മഹാനായ സിത്താര്‍ വാദകന്‍ ഉസ്താദ് അബ്ദുല്‍ ഹലിം ജാഫര്‍ ഖാന്‍, ഷഹനായി ചക്രവര്‍ത്തി ബിസ്മില്ലാ ഖാന്‍ എന്നിവരോടൊപ്പം തബല വായിക്കുമ്പോള്‍ 12 വയസ് മാത്രമായിരുന്നു പ്രായം. 18ാം വയസിലാണ് സിത്താര്‍ മാന്ത്രികന്‍ രവി ശങ്കറിനൊപ്പം കച്ചേരി അവതരിപ്പിച്ചത്. കേരളത്തിലെ പെരുവനം കുട്ടന്‍ മാരാര്‍ക്കും മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്കുമൊപ്പം വേദി പങ്കിട്ടിട്ടുണ്ട്.

സംഗീതത്തിനൊപ്പം പഠനവും മുന്നോട്ടുകൊണ്ടുപോയ അദ്ദേഹം മുംബൈ സെന്റ് സേവ്യേഴ്‌സ് കോളജില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. വാഷിങ്ടന്‍ സര്‍വകലാശാലയില്‍ എത്തനോമ്യൂസി ക്കോളജി വിഭാഗത്തില്‍ 19ാം വയസ്സില്‍ അസി.പ്രഫസര്‍ ആയി. മലയാളത്തിലെ ‘വാനപ്രസ്ഥം’ അടക്കമുള്ള ഏതാനും സിനിമകള്‍ക്കു സംഗീതം നല്‍കി. നാലു തവണ ഗ്രാമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1988ല്‍ പത്മശ്രീ ബഹുമതി ലഭിച്ചു. 2002 പത്മഭൂഷണും 2023ല്‍ പത്മവിഭൂഷണും ലഭിച്ചു. പ്രശസ്ത കഥക് നര്‍ത്തകി അന്റോണിയ മിനെക്കോളയാണു ഭാര്യ. അനിസ ഖുറേഷി, ഇസബെല്ല ഖുറേഷി എന്നിവര്‍ മക്കളാണ്.

ജനിച്ച് വീണപ്പോള്‍ തന്നെ തബലയുടെ താളങ്ങളാണ് കുഞ്ഞു സാക്കിര്‍ ഹുസൈന്റെ ചെവികളില്‍ അലയടിച്ചത്. വിഖ്യാത തബലിസ്റ്റും പിതാവുമായ ഉസ്താദ് അല്ല രഖാ ഖാന്‍ ആദ്യമായി മകന്റെ ചെവികളില്‍ ചൊല്ലിക്കൊടുത്തത് തബലയുടെ താളങ്ങളായിരുന്നു. എട്ട് വര്‍ഷം മുന്‍പ് സാക്കിര്‍ ഹുസൈന്‍ തന്നെയാണ് സംഗീത ലോകത്തേയ്ക്ക് തന്നെ സ്വാഗതം ചെയ്ത കഥ പറഞ്ഞത്.

പിതാവ് കുഞ്ഞിന്റെ ചെവിയില്‍ പ്രാര്‍ഥനകള്‍ ചൊല്ലുകയും നല്ല വാക്കുകള്‍ പറയുകയും ചെയ്യുന്ന ചടങ്ങുണ്ട്. എന്നാല്‍, ജനിച്ച് ദിവസങ്ങള്‍ക്ക് ശേഷം ആദ്യമായി വീട്ടിലേയ്ക്ക് എത്തിയപ്പോള്‍ കുഞ്ഞു സാക്കിര്‍ ഹുസൈനെ കൈകളിലെടുത്ത് ചെവികളില്‍ പ്രാര്‍ഥനകള്‍ക്ക് പകരം തബലയുടെ താളങ്ങളായിരുന്നു പിതാവ് ചൊല്ലിയത്. ഇത് കണ്ട് അമ്മ ദേഷ്യപ്പെട്ടു. പ്രാര്‍ഥനകളാണ് ചൊല്ലേണ്ടതെന്നും താളങ്ങള്‍ അല്ലെന്നും അമ്മ പിതാവിനെ ഓര്‍മിപ്പിച്ചു. എന്നാല്‍ ഈ താളങ്ങളാണ് തന്റെ പ്രാര്‍ഥന. ഇങ്ങനെയാണ് താന്‍ പ്രാര്‍ഥിക്കുന്നതെന്ന് പിതാവ് മറുപടി നല്‍കി. ഞാന്‍ സരസ്വതീ ദേവിയുടേയും ഗണേശന്റേയും ആരാധകനാണ്. ഇത് തന്റെ ഗുരുക്കന്‍മാരില്‍ നിന്ന് ലഭിച്ച അറിവാണെന്നും ഇതാണ് താന്‍ കൈമാറാന്‍ ആഗ്രഹിക്കുന്നതെന്നും പിതാവ് മറുപടി നല്‍കി.

ആദ്യ കാലങ്ങളില്‍ സാക്കിര്‍ ഹുസൈന്‍ ട്രെയിനുകളിലായിരുന്നു യാത്രകളധികവും. സീറ്റ് കിട്ടിയില്ലെങ്കില്‍ തറയില്‍ പത്രങ്ങള്‍ വിരിച്ച് ഉറങ്ങുമായിരുന്നു. അത്തരം യാത്രകളില്‍ ആരുടേയും കാലുകള്‍ തബലയില്‍ തൊടാതിരിക്കാന്‍ സംഗീതോപകരണങ്ങള്‍ മടിയില്‍ പിടിച്ച് അദ്ദേഹം ഉറങ്ങുമായിരുന്നു. 12 വയസുള്ളപ്പോള്‍ പിതാവിനൊപ്പം കച്ചേരിക്ക് പോയ അനുഭവവും സാക്കിര്‍ ഹുസൈന്‍ പങ്കുവെച്ചു. പണ്ഡിറ്റ് രവിശങ്കര്‍, ഉസ്താദ് അലി അക്ബര്‍ ഖാന്‍, ബിസ്മില്ല ഖാന്‍, പണ്ഡിറ്റ് ശാന്ത പ്രസാദ്, പണ്ഡിറ്റ് കിഷന്‍ മഹാരാജ് തുടങ്ങിയ സംഗീത പ്രഗത്ഭരുമുള്ള കച്ചേരിയില്‍ അദ്ദേഹവും പങ്കെടുത്തു. ആ പ്രകടനത്തിന് അഞ്ച് രൂപയാണ് പ്രതിഫലം നേടിയത്. ജീവിതത്തില്‍ ധാരാളം പണം സമ്പാദിക്കാന്‍ കഴിഞ്ഞെങ്കിലും ആ അഞ്ച് രൂപയായിരുന്നു ഏറ്റവും വിലപ്പെട്ടതെന്ന് സാക്കിര്‍ ഹുസൈന്‍ പറഞ്ഞിട്ടുണ്ട്.

1951 മാര്‍ച്ച് 9ന് മുംബൈയിലെ സംഗീത കുടുംബത്തിലാണ് സാക്കിര്‍ ഹുസൈന്‍ ജനിച്ചത്. സാന്‍ഫ്രാന്‍സിസ്‌കോ ആശുപത്രിയില്‍ വച്ചായിരുന്നു ലോകപ്രശസ്ത തബലമാന്ത്രികനായ സാക്കിര്‍ ഹുസൈന്റെ അന്ത്യം. സംഗീതത്തിനൊപ്പം പഠനവും മുന്നോട്ടുകൊണ്ടുപോയ അദ്ദേഹം മുംബൈ സെന്റ് സേവ്യേഴ്‌സ് കോളജില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. വാഷിങ്ടന്‍ സര്‍വകലാശാലയില്‍ എത്തനോമ്യൂസിക്കോളജി വിഭാഗത്തില്‍ 19ാം വയസ്സില്‍ അസി.പ്രഫസര്‍ ആയി.


Read Previous

അൺസോൾഡിൽ നിന്നും ഏറ്റവും മൂല്യമേറിയ താരത്തിലേക്ക്; കോടിത്തിളക്കത്തിൽ ഈ ധാരാവിക്കാരി

Read Next

വയനാട്ടിൽ ആദിവാസി യുവാവിനെ കാറിൽ അര കിലോമീറ്ററോളം വലിച്ചിഴച്ചു; കൊടുംക്രൂരത

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »