റിയാദ്: ഇരുപത്തിനാലു മണിക്കൂറിനിടെ മൂന്നു ഹൃദയമാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ നടത്തി മൂന്നു രോഗികള്‍ക്ക് പുതുജീവന്‍ നല്‍കി റിയാദ് കിംഗ് ഫൈസല്‍ ഹോസ്പിറ്റല്‍ ആന്റ് റിസേര്‍ച്ച് സെന്റര്‍ മെഡിക്കല്‍ സംഘങ്ങള്‍ അത്യപൂര്‍വ നേട്ടം കൈവരിച്ചു. അബുദാബിയില്‍ നിന്നും ജിദ്ദയില്‍ നിന്നും റിയാദില്‍ നിന്നുമാണ് ശസ്ത്രക്രിയകള്‍ക്ക് ആവശ്യമായ ഹൃദയങ്ങള്‍ കിംഗ് ഫൈസല്‍ ആശുപത്രിയിലെത്തിച്ചത്.

കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘങ്ങള്‍ എയര്‍ ആംബുലന്‍സില്‍ അബുദാബിയിലും ജിദ്ദയിലും എത്തിയാണ് മസ്തിഷ്‌ക മരണം സംഭവിച്ച രോഗികളില്‍ നിന്നുള്ള ഹൃദയങ്ങള്‍ നീക്കം ചെയ്ത് റിയാദിലെത്തിച്ചത്. ഇതേ സമയം മറ്റൊരു മെഡിക്കല്‍ സംഘം റിയാദില്‍ നാഷണല്‍ ഗാര്‍ഡിനു കീഴിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെത്തി മറ്റൊരു രോഗിയുടെ ഹൃദയവും നീക്കം ചെയ്ത് കിംഗ് ഫൈസല്‍ ആശുപത്രിയിലെത്തിച്ചു.
അബുദാബി ക്ലെവ്‌ലാന്റ് ക്ലിനിക്കിലും ജിദ്ദയില്‍ നാഷണല്‍ ഗാര്‍ഡിനു കീഴിലെ കിംഗ് അബ് ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലും മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച രോഗികളില്‍ നിന്ന് നീക്കം ചെയ്ത ഹൃദയങ്ങള്‍ പ്രത്യേക വിമാനങ്ങളില്‍ റിയാദ് എയര്‍പോര്‍ട്ടിലെത്തിച്ച ശേഷം ആംബുലന്‍സുകളില്‍ കിംഗ് ഫൈസല്‍ ആശുപത്രി യിലെത്തിക്കുകയായിരുന്നു. റിയാദ് കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ രോഗിയില്‍ നിന്ന് നീക്കം ചെയ്ത ഹൃദയവും ആംബുലന്‍സിലാണ് എത്തിച്ചത്. രോഗികളില്‍ നിന്ന് നീക്കം ചെയ്ത ഹൃദയങ്ങള്‍ റെക്കോര്‍ഡ് സമയത്തിനകം കിംഗ് ഫൈസല്‍ ആശുപത്രിയിലെത്തിക്കാന്‍ റിയാദ് ട്രാഫിക് ഡയറക്ടറേറ്റുമായി ഏകോപനം നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ എയര്‍പോര്‍ട്ടില്‍ നിന്നും റിയാദ് കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയില്‍ നിന്നും ഹൃദയങ്ങള്‍ വഹിച്ച ആംബുലന്‍സുകള്‍ക്ക് മുന്നിലും പിന്നിലും ട്രാഫിക് പോലീസ് വാഹനങ്ങള്‍ അകമ്പടി സേവിച്ചു.