
ഇസ്താംബൂൾ: ദക്ഷിണ പടിഞ്ഞാറൻ തുർക്കിയിൽ ഹെലികോപ്റ്റർ ആശുപത്രിയിൽ ഇടിച്ച് തകർന്ന് നാല് മരണം. രണ്ട് പൈലറ്റും ഒരു ഡോക്ടറും ജീവനക്കാരനുമാണ് മരിച്ചത്. ടേക്ക് ഓഫിനിടെയാണ് അപകടം. കനത്ത മൂടൽ മഞ്ഞാണ് അപകടത്തിനിടയാക്കിയതെന്ന് മുഗ്‌ള പ്രവിശ്യയുടെ ഗവർണർ ഇദ്രിസ് അക്ബിയിക് പറഞ്ഞു.
തുർക്കി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആംബുലൻസ് ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്. മുഗ്‌ളയിലെ ആശുപത്രിക്കെട്ടിടത്തിനുമുകളിൽ നിന്നും പറന്നുയർന്ന ഹെലികോപ്റ്റർ മുഗ്‌ള ട്രെയിനിങ് ആൻഡ് റിസർച്ച് ആശുപത്രിയുടെ നാലാം നിലയിൽ ഇടിച്ച് താഴേക്ക് പതിക്കുകയായിരുന്നു. പൈലറ്റിന്റെ കാഴ്ച മറയ്‌ക്കുന്ന തരത്തിൽ പ്രദേശത്ത് കനത്ത മൂടൽ മഞ്ഞ് വ്യാപിച്ചിരുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു.
രണ്ടാഴ്‌ചയ്‌ക്ക് മുൻപാണ് തുർക്കിയിലെ ഇസ്പാർട്ട പ്രവിശ്യയിൽ മറ്റൊരു ഹെലികോപ്റ്റർ അപകടം നടന്നത്. പരിശീലനത്തിനിടെ രണ്ട് സൈനിക ഹെലികോപ്ടറുകൾ കൂട്ടിയിച്ച് ആറ് സൈനികരാണ് മരിച്ചത്. അപകടകാരണം തുർക്കി പ്രതിരോധമന്ത്രാലയം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.