സൗദിയിലും യുഎഇയിലും കനത്ത മഴ; ജനജീവിതത്തെ സാരമായി ബാധിച്ചു, കൊടുങ്കാറ്റ് തുടരുമെന്ന് അറിയിപ്പ്


ഫയല്‍ ചിത്രം

റിയാദ് / ദുബായ്: സൗദിയിലും യുഎഇയിലും രണ്ടു ദിവസമായി പെയ്യുന്ന ശക്തമായ മഴ ജനജീവിതത്തെ സാരമായി ബാധിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദിയില്‍ ശനിയാഴ്ച തുടങ്ങിയ കനത്ത മഴ രാജ്യത്തിന്‍റെ ചില ഭാഗങ്ങളെ സാരമായി ബാധിച്ചു. പല പ്രദേശങ്ങളിലും ജനജീവിതം തടസ്സപ്പെട്ടു. രാജ്യത്ത് കനത്ത മഴ തുടരുമെന്നും ചില പ്രദേശങ്ങളില്‍ ജനങ്ങള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം ഞായറാഴ്ച മുന്നറിയിപ്പ് നല്‍കി. മക്ക ഉള്‍പ്പെടെയുള്ള പ്രദേശങ്ങളെ പേമാരി വലിയ തോതില്‍ ബാധിച്ചു.

അസീര്‍, അല്‍ ബഹ, ജിസാന്‍, കിഴക്കന്‍ മക്ക, മദീന എന്നീ ഉയര്‍ന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള തെക്കുപടിഞ്ഞാറന്‍, പടിഞ്ഞാറന്‍ സൗദി അറേബ്യയില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ മഴയും ഇടിമിന്നലും ആലിപ്പഴ വര്‍ഷവും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മദീനയില്‍ കഴിഞ്ഞ ദിവസം രാത്രി രണ്ട് മണിക്കൂറിനുള്ളില്‍ കാറ്റ് 100 കിലോമീറ്റര്‍ വേഗതയിലും അടിച്ചുവീശിയതായും 34 മില്ലിമീറ്റര്‍ മഴ പെയ്തതായും ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ വക്താവ് ഹുസൈന്‍ അല്‍ ഖഹ്താനി അഭിപ്രായപ്പെട്ടു. ജബല്‍ ഉഹുദില്‍ 37 മില്ലീമീറ്ററാണ് മഴ രേഖപ്പെടുത്തിയത്.

വാഹനമോടിക്കുന്നവര്‍ അപകടസാധ്യതയുള്ള സ്ഥലങ്ങള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. ഉഷ്ണമേഖലാ ഈര്‍പ്പം തെക്കന്‍ മേഖലകളിലേക്ക് നീങ്ങുന്നതിനാല്‍, ജിസാന്‍, അസീര്‍, അല്‍ ബഹ തുടങ്ങിയ പ്രദേശങ്ങളില്‍ കനത്തതും വ്യാപകവുമായ മഴ പെയ്യാന്‍ സാധ്യതയുണ്ട്. വരുദിനങ്ങളില്‍ മഴ തീവ്രമാകുമെന്ന് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നു. കൊടുങ്കാറ്റ്, ഇടിമിന്നല്‍, ആലിപ്പഴം എന്നിവ ചൊവ്വാഴ്ച പ്രതീക്ഷിക്കാം. കൊടുങ്കാറ്റ് ആഴ്ചയിലുടനീളം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു.

അതിനിടെ, ഷാര്‍ജ, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ഖൈമ, അല്‍ഐന്‍ എന്നിവിടങ്ങളില്‍ ഇന്നലെ ഉച്ചതിരിഞ്ഞ് പെയ്ത ശക്തമായ മഴയില്‍ റോഡുകള്‍ വെള്ളം കയറി. ചിലയി ടങ്ങളില്‍ ആലിപ്പഴ വര്‍ഷവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ശക്തമായ മഴ പെയ്യാനുള്ള സാധ്യത പരിഗണിച്ച് നാഷണല്‍ സെന്‍റര്‍ ഓഫ് മെറ്റീരിയോളജി ചില മേഖലകളില്‍ മഞ്ഞ അലര്‍ട്ട് പുറപ്പെടുവിച്ചു. അല്‍ ദൈദ് – ഷാര്‍ജ റോഡില്‍ ചെറിയ ആലിപ്പഴ വര്‍ഷവും ഷാര്‍ജയിലെ മലീഹ, അല്‍ ഫയ, അല്‍ മദാം എന്നിവിടങ്ങളില്‍ കനത്ത മഴയും ഉണ്ടായതായി കാലാവസ്ഥാ ബ്യൂറോ റിപ്പോര്‍ട്ട് ചെയ്തു


Read Previous

എട്ടുമാസം വൈകിച്ചു, ഇനി അതിവേ​ഗം നടപടി; കക്കാടംപൊയിലെ പി വി അൻവറിന്റെ പാർക്കിലെ തടയണ പൊളിക്കും

Read Next

വിസ, തൊഴില്‍, അതിര്‍ത്തി നിയമലംഘനം: സൗദിയില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ നാടുകടത്തിയത് 11,894 വിദേശികളെ, നിയമ ലംഘകരെ കണ്ടെത്തുന്നതിനായി വ്യാപക പരിശോധന.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »