വീട്ടിൽ നടത്തിയ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീന്‍ പൊലീസ് കസ്റ്റഡിയിൽ


കൊച്ചി : മലപ്പുറത്ത് വീട്ടിൽ നടത്തിയ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പെരുമ്പാവൂരിലെ ആശുപത്രിയിൽ നിന്ന് മലപ്പുറം പൊലീസാണ് ഇയാളെ കസ്റ്റ്ഡിയിലെടുത്തത്. പിന്നാലെ ഇയാളെ മലപ്പുറത്തേക്ക് കൊണ്ടുപോയി. സീറാജുദ്ദീനെ പ്രതിയാക്കി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. അഞ്ചാം പ്രസവത്തിൽ 35കാരിയായ അസ്‌മ മരിച്ചത് രക്തം വാർന്നാണെന്ന് കണ്ടെത്തി. പ്രസവശേഷം മതിയായ പരിചരണം നൽകിയിരുന്നുവെങ്കിൽ മരണം സംഭവിക്കില്ലായിരുന്നുവെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് മലപ്പുറം പൊലീസിന് കൈമാറും. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

അസ്‌മയുടെ ആദ്യത്തെ രണ്ട് പ്രസവങ്ങൾ ആശുപത്രിയിലും മൂന്ന് പ്രസവങ്ങൾ വീട്ടിലുമായിരുന്നു നടന്നത്. അക്യുപംഗ്‌ച്ചർ ചികിത്സാരീതിയാണ് പ്രസവത്തിനായി അസ്‌മയും ഭർത്താവ് സിറാജുദ്ദീനും ഉപയോഗിച്ചതെന്നാണ് വിവരം. ശനിയാഴ്‌ച ആറുമണിയോടെയാണ് അസ്‌മ പ്രസവിച്ചത്. രാത്രി ഒൻപത് മണിയോടെയാണ് ഭാര്യ മരിച്ചതായി സിറാജുദ്ദീൻ മനസിലാക്കുന്നത്. പിന്നാലെ മൃതദേഹം സിറാജുദ്ദീൻ പെരുമ്പാവൂരിലെ വീട്ടിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് പൊലീസെത്തിയാണ് മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. കുഞ്ഞ് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്

.പ്രസവവേദന ഉണ്ടായിട്ടും ആശുപത്രിയിൽ കൊണ്ടുപോയില്ലെന്ന് അസ്മയുടെ വീട്ടുകാർ പൊലീസിനോട് പറഞ്ഞിരുന്നു. വേദനകൊണ്ട് പുളഞ്ഞ ഭാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കരഞ്ഞപേക്ഷിച്ചിട്ടും സിറാജുദ്ദീൻ അനുവദിച്ചില്ലെന്നാണ് പുറത്തുവരുന്ന വിവരം. മന്ത്രവാദവും അന്ധവിശ്വാസവും കൊണ്ടുനടന്ന ഇയാൾ സിദ്ധവെെദ്യത്തിൽ ആണ് വിശ്വാസമർപ്പിച്ചിരുന്നത്.സിറാജുദ്ദീൻ ആലപ്പുഴ സ്വദേശിയാണ്. മലപ്പുറം ചട്ടിപ്പറമ്പിൽ വാടക വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്. ഒന്നര വർഷം മുൻപാണ് ഈ കുടുംബം വാടകവീട്ടിലെത്തിയത്. കുടുംബത്തിൽ നാലുകുട്ടികൾ ഉള്ളതുപോലും പ്രദേശവാസികൾക്ക് അറിയിവില്ലായിരുന്നുവെന്നാണ് വിവരം. കുട്ടികളെ സ്കൂൾ വണ്ടിയിൽ വിടാനായി മാത്രമാണ് സിറാജുദ്ദീന്റെ ഭാര്യ പുറത്തിറങ്ങുന്നതെന്നും നാട്ടുകാർ പറയുന്നു. ഒൻപതാം ക്ലാസിലും രണ്ടാം ക്ലാസിലും എൽകെജിയിലും പഠിക്കുന്ന കുട്ടികളെ പലരും കണ്ടിട്ടുണ്ടെങ്കിലും മറ്റൊരു കുഞ്ഞ് കൂടി അവിടെയുണ്ടെന്നുള്ളത് ആർക്കും അറിവില്ലായിരുന്നു.


Read Previous

സബ് രജിസ്ട്രാര്‍ ഓഫീസിലെ ലക്ഷങ്ങളുടെ ക്രമക്കേട്, കയ്യോടെ പൊക്കി വിജിലന്‍സ്

Read Next

മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ് ചൈനയ്ക്ക് 50 ശതമാനം അധിക തീരുവ കൂടി ചുമത്തും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »