ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
മനാമ: നിർദേശിക്കപ്പെട്ട എണ്ണം സ്വദേശികളെ ജോലിക്കെടുക്കാത്ത സ്ഥാപനങ്ങൾ വിദേശികളെ ജോലിക്കെടുക്കുകയാണെങ്കിൽ അവരിൽനിന്ന് ഉയർന്ന വർക്ക് പെർമിറ്റ് ഫീസ് ഈടാക്കണമെന്ന നിർദേശം പാർലമെന്റ് അംഗീകരിച്ചു. എം.പി മുനീർ സുറൂർ നേതൃത്വം നൽകിയ പ്രമേയമാണ് പാസായത്. പ്രവാസി വർക്ക് പെർമിറ്റിൽ ക്രമാനുഗതമായി ഉയർന്ന ഫീസ് ചുമത്തി ബഹ്റൈനികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ബിസിനസ് സ്ഥാപനങ്ങളെ പ്രേരിപ്പിക്കാനാണ് ലക്ഷ്യം.
70 ശതമാനം ബഹ്റൈനൈസേഷൻ ക്വാട്ടയിൽ കുറവുള്ള ബിസിനസുകൾക്ക് ഗണ്യമായ ഫീസ് വർധന നേരിടേണ്ടിവരും. ബഹ്റൈനൈസേഷൻ ക്വാട്ട കൈവരിക്കുന്നതിൽ പരാജയപ്പെട്ട കമ്പനികൾ വിദേശ ജീവനക്കാരനെ നിയമിക്കുമ്പോൾ ഉയർന്ന ഫീസ് ഈടാക്കാനാണ് നിർദേശം. നിലവിൽ, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) ഒരു പ്രവാസി തൊഴിലാളിക്ക് 100 ദീനാർ വാർഷിക ഫീസ് ഈടാക്കുന്നു.
പുതിയ നിർദേശം നടപ്പാകുമ്പോൾ, സ്വദേശിവത്കരണം പാലിക്കാത്ത ബിസിനസുകൾക്ക് ഈ ഫീസ് ആദ്യ വർഷം 120 ദീനാർ, രണ്ടാം വർഷം 135 ദീനാർ, മൂന്നാം വർഷം150 ദീനാർ എന്നിങ്ങനെ ഉയരും. അക്കൗണ്ടിങ്, ബാങ്കിങ്, അഡ്മിനിസ്ട്രേറ്റിവ് ജോലികളുൾപ്പെടെ 27 തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പാക്കേണ്ടതുണ്ടെന്ന് എം.പി സുരൂർ പറഞ്ഞു.
ബഹ്റൈനികൾക്കുള്ള നിയമന ക്വാട്ടകൾ നിറവേറ്റുന്നതിന് കമ്പനികളെ സാമ്പത്തികമായി പ്രചോദിപ്പിക്കുന്നത്, ചില വ്യവസായങ്ങളിലും വാണിജ്യ സ്ഥാപനങ്ങളിലും പ്രവാസി തൊഴിലാളികളെ അമിതമായി ആശ്രയിക്കുന്നത് കുറക്കാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എൽ.എം.ആർ.എ ചീഫ് എക്സിക്യുട്ടിവ് നിബ്രാസ് താലിബ് ഈ നിർദേശത്തെ പിന്തുണച്ചു. എന്നാൽ, എല്ലാ പ്രവാസി വർക്ക് പെർമിറ്റിനും ഉയർന്ന ഫീസ് ഏർപ്പെടുത്താനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.