ഹിന്‍ഡന്‍ബര്‍ഗ്-അദാനി വിവാദം; സെബി മേധാവി മാധബി പുരി ബുച്ചിനെതിരെ കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രക്ഷോഭം


ന്യൂഡല്‍ഹി : ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ സെബി മേധാവി മാധബി പുരി ബുച്ചിനും ഭര്‍ത്താവ് ധവാല്‍ ബുച്ചിനുമെതിരെ ഇന്ന് കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രക്ഷോഭം. മാധബി രാജി വയ്ക്കണമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രധാന ആവശ്യം. ഇതിന് പുറമെ സംയുക്ത പാര്‍ലമെന്‍ററി സമിതി അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുണ്ട്. ജന്തര്‍മന്ദറില്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കുന്ന കൂറ്റന്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.

സംഭവത്തില്‍ നിഷ്‌പക്ഷ അന്വേഷണത്തിന് സംയുക്ത പാര്‍ലമെന്‍ററി സമിതി രൂപീകരിക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് ആവശ്യപ്പെട്ടു. സംയുക്ത പാര്‍ലമെന്‍ററി സമിതി അന്വേഷണം എന്ന ആവശ്യവുമായി രാജ്യമെമ്പാടും കോണ്‍ഗ്രസ് വാര്‍ത്താസമ്മേളനം സംഘടിപ്പിച്ചു.

ന്യായ് യാത്രയുടെ അവസാനഘട്ടമായ ഇന്ന് ഗുജറാത്ത് കോണ്‍ഗ്രസ് മാധബി ബുച്ചിന്‍റെ രാജി ആവശ്യപ്പെടും. മോര്‍ബിയില്‍ നിന്ന് ഈ മാസം ഒന്‍പതിന് ആരംഭിച്ച ന്യായ് യാത്ര 350 കിലോമീറ്റര്‍ പിന്നിട്ട് ഇന്ന് അഹമ്മദാബാദില്‍ അവസാനിക്കും. പാര്‍ട്ടി ആസ്ഥാനമായ രാജീവ് ഭവനില്‍ നിന്ന് ആരംഭിച്ച് സബര്‍മതി ആശ്രമത്തില്‍ അവസാനിക്കുന്ന റാലിയോടെയാണ് സമാപന ചടങ്ങുകള്‍ക്ക് തുടക്കമാകുകയെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ശക്തി സിങ് ഗോഹില്‍ പറഞ്ഞു.

സെബി അധ്യക്ഷയ്‌ക്കെതിരെ ആരോപണങ്ങളുമായി ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ കോണ്‍ഗ്രസ് സര്‍ക്കാരിനെ ശക്തമായി കടന്നാക്രമിക്കുകയാണ്. അദാനിക്ക് വിദേശത്തുള്ള നിക്ഷേപത്തില്‍ മാധബി ബുച്ചിനും ഭര്‍ത്താവിനും പങ്കുണ്ടെന്ന ആരോപണമാണ് ഹിന്‍ഡന്‍ബര്‍ഗ് മുന്നോട്ട് വയ്ക്കുന്നത്. എന്നാല്‍ ഈ ആരോപണങ്ങള്‍ അവര്‍ നിഷേധിച്ചു.

ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ തുറന്ന പുസ്‌തകമാണെന്നും ഇവര്‍ വാദിക്കുന്നു. തങ്ങള്‍ക്ക് സെബി അധ്യക്ഷയുമായും അവരുടെ ഭര്‍ത്താവുമായും യാതൊരു വാണിജ്യ ഇടപാടുമില്ലെന്ന് അദാനി ഗ്രൂപ്പും ആവര്‍ത്തിക്കുന്നു. ഓഹരി വിപണിയിൽ പണം നിക്ഷേപിക്കുന്ന ദശലക്ഷക്കണക്കിന് ചെറുകിട നിക്ഷേപകരുടെ താത്‌പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് സെബി മേധാവിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

അദാനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ വിഷയത്തിലും സുപ്രീം കോടതി നീതിയുക്തമായ അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നിര്‍ണായക വിജയം നേടിയതിന് പിന്നാലെ കോണ്‍ഗ്രസ് നടത്തുന്ന ഏറ്റവും വലിയ രാജ്യവ്യാപക പ്രക്ഷോഭമാകുമിത്.

സെബി ചെയര്‍പേഴ്‌സണ്‍ രാജ്യത്തെ ഓഹരി വിപണികളെ ആകമാനം നിയന്ത്രിക്കുകയും അതിന്‍റെ വിശ്വാസ്യത നിലനിര്‍ത്തുകയും തകരാറുണ്ടാകുമ്പോള്‍ അത് പരിഹരിക്കാനും ഉത്തരവാദിതപ്പെട്ടവരാണ്. ഇതേ സെബി ചെയര്‍പേഴ്‌സണ് അദാനിയുടെ ഷെല്‍ കമ്പനികളില്‍ നിക്ഷേപമുണ്ടെന്ന് വെളിപ്പെട്ടിരിക്കുന്നത് വലിയ രാജ്യദ്രോഹക്കുറ്റമാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.


Read Previous

ബോംബ് ഭീഷണി; മുംബൈ-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി

Read Next

തമിഴക വെട്രി കഴകം’: വിജയ്‌യുടെ പാര്‍ട്ടിയുടെ പതാകയും ഗാനവും പുറത്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »