ലണ്ടൻ: ഹിന്ദു ദേശീയതയും ഖാലിസ്ഥാൻ തീവ്രവാദവും യുകെയിൽ വളർന്ന് വരുന്ന ഭീഷണികളുടെ പട്ടികയിൽ ഉൾപ്പെടുത്തി സർക്കാർ. ആഭ്യന്തര വകുപ്പിൽ നിന്ന് ചോർന്ന രേഖയിലാണ് ഇവ പട്ടികപ്പെടു ത്തിയിട്ടുള്ളത്. ‘ഹിന്ദു ദേശീയ തീവ്രവാദ’ത്തെ ‘തീവ്ര ആശയ’മെന്നാണ് റിപ്പോർട്ട് വിശേഷിപ്പിക്കുന്നത്. ഉയർന്ന് വരുന്ന ഭീഷണികളിൽ ഏറ്റവും ഗുരുതര പ്രശ്നമുള്ളത് ഖാലിസ്ഥാനി തീവ്രവാദമാണെന്നും സർക്കാർ രേഖയിൽ പറയുന്നു.
യു.കെ ആഭ്യന്തര വകുപ്പ് സെക്രട്ടറി യേറ്റ് കൂപ്പർ 2024 ആഗസ്റ്റിൽ കമീഷൻ ചെയ്ത സമിതിയുടെ റിപ്പോർട്ടാണ് പുറത്തായത്. ഹിന്ദു ദേശീയ തീവ്രവാദവും ഹിന്ദുത്വയും ആദ്യമായാണ് ഭീഷണി ഉയർത്തുന്ന ആശയങ്ങളുടെ പട്ടികയിൽ യു.കെ ഉൾപ്പെടുത്തുന്നത്. 2022 ആഗസ്റ്റ് 28 ന് നടന്ന ഇന്ത്യ-പാകിസ്ഥാൻ ഏഷ്യാ കപ്പ് 2022 മത്സരത്തിന് ശേഷം ലീസ്റ്ററിൽ ബ്രിട്ടീഷ് ഹിന്ദുക്കളും ദക്ഷിണേഷ്യൻ വംശജരായ ബ്രിട്ടീഷ് മുസ്ലീങ്ങളും ഏറ്റുമുട്ടിയതിനെ തുടർന്നാണ് ഹിന്ദു ദേശീയ തീവ്രവാദം ഒരു ഭീഷണിയായി ഉൾപ്പെടുത്തിയത്.
തീവ്രവാദ പ്രതിരോധത്തിനായുള്ള നയം രൂപവത്കരിക്കാനാണ് പട്ടിക തയാറാക്കിയത്. ഇസ്‌ലാമിസ്റ്റ് തീവ്രവാദം, തീവ്ര സ്ത്രീവിരുദ്ധത, ഖാലിസ്ഥാൻ അനുകൂല തീവ്രവാദം, ഹിന്ദു ദേശീയ തീവ്രവാദം, പാരിസ്ഥിതിക തീവ്രവാദം, ഇടതുപക്ഷം, അരാജകവാദം, എന്തെങ്കിലും പ്രത്യേക വിഷയത്തിലൂന്നി യുള്ള തീവ്രവാദം, അക്രമ തൽപരത, ഗൂഢാലോചന സിദ്ധാന്തങ്ങൾ എന്നിവയാണ് സർക്കാരിന്റെ പട്ടികയിലുള്ളത്. ഖാലിസ്ഥാൻ വാദികൾ മുസ്‌ലിം വിരുദ്ധത വളർത്തുന്നുവെന്നും ഇന്ത്യയും ബ്രിട്ടനും സിഖുകാർക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കുന്നുവെന്ന രീതിയിൽ ഗൂഢാലോചന സിദ്ധാന്തമുണ്ടാക്കുന്നു വെന്നും റിപ്പോർട്ടിൽ പറയുന്നു.
വിദേശത്ത് ഇന്ത്യയുടെ ഇടപെടലുകളെ കുറിച്ച് റിപ്പോർട്ടിൽ ആശങ്കപ്പെടുന്നുണ്ട്. കാനഡയിലെ സിഖുകാരുടെ മരണത്തിൽ വരെ ഇന്ത്യക്ക് പങ്കുള്ളതായും റിപ്പോർട്ടിൽ സംശയം ഉന്നയിക്കുന്നു. റിപ്പോർട്ട് ചോർന്നതിന് പിന്നാലെ ഇത് പുതിയ നയത്തിന്റെ ഭാഗമല്ലെന്നും മുമ്പേ തുടർന്നുവന്ന രീതിയുടെ ഭാഗമായി തയാറാക്കിയതാണെന്നും ആഭ്യന്തര മന്ത്രി ഡാൻ ജാർവിസ് പ്രതികരിച്ചു.
കേരളത്തിൽ നിന്നടക്കം നിരവധി ആളുകൾ ജോലിക്കും വിദ്യാഭ്യാസത്തിനുമായി കുടിയേറി താമസിക്കുന്ന രാജ്യമാണ് യു.കെ. പുതിയ ഭീഷണികളുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഇന്ത്യാ ഗവൺമെന്റ് പ്രതിഷേധം അറിയിച്ച് രംഗത്തെത്തി. പല ഇന്ത്യൻ അസോസിയേഷനു കളും വിഷയം ചർച്ച ചെയ്ത് പരിശോധിക്കുന്നുണ്ട്.