തിരുവനന്തപുരം: ഇ.ടി മുഹമ്മദ് ബഷീർ എംപിയുടെ പ്രസ്താവനയ്ക്കെതിരെയുളള പ്രതികരണം വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സിപിഎം നടത്തുന്ന പാലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ക്ഷണിക്കുകയാണെങ്കിൽ പങ്കെടുക്കുമെന്നായിരുന്നു ഇ.ടി മുഹമ്മദ് ബഷീറിന്റെ പ്രസ്താവന. ഇതേക്കുറിച്ചുളള ചോദ്യത്തിന് വരുന്ന ജന്മം പട്ടിയാകുന്നതിന് ഇപ്പോഴേ കുരയ്ക്കാൻ പറ്റുമോ എന്നായിരുന്നു സുധാകരന്റെ പ്രതികരണം.നടത്തിയ പ്രസ്താവന വിവാദമാകുന്ന പശ്ചാത്തലത്തിൽ ലീഗ് നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് കെ സുധാകരൻ.

ലീഗ് നേതാക്കളെ കെ. സുധാകരൻ ഫോണിൽ വിളിക്കുകയും നടത്തിയ പ്രസ്താവന ലീഗിനെക്കുറിച്ചല്ല എന്ന് വിശദീകരിക്കുകയും ചെയ്തു. ജനവിരുദ്ധമായ നയങ്ങൾ കൊണ്ട് അപ്രസക്തമായ സി.പി.എമ്മിനെ വെള്ളപൂശി ഏതുവിധേനെയും രക്ഷപ്പെടുത്താൻ ചില കൂലി എഴുത്തുകാരും സി.പി.എമ്മും ശ്രമിക്കുന്നതിന്റെ ഭാഗമാണ് മുസ്ലീം ലീഗുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്ന വിവാദമെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം കെ സുധാകരന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിർശനവുമായി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം രംഗത്തെത്തിയിരുന്നു. കെ സുധാകരൻ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.’
സിപിഎമ്മിന്‍റെ പാലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ലീഗ് സഹകരിക്കുമെന്നും റാലിയിലേക്ക് ക്ഷണിച്ചാൽ ഉറപ്പായും പങ്കെടുക്കുമെന്നുമാണ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞത്. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. ഏക സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കാത്തതിന്‍റെ സാഹചര്യം വേറെയാണെന്നും അദ്ദേഹം പറഞ്ഞു.
കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക മത വിഭാഗത്തിനെതിരെ വിദ്വേഷ പ്രചരണം പാടില്ല. പ്രതി പിടിയിലായത് നന്നായി, ഇല്ലെങ്കിൽ അവിടെ ഒരു ഇസ്ലാമോഫോബിയ സാഹചര്യം ഉണ്ടായേനെ. ജാതി സെൻസസിൽ കോൺഗ്രസിന്‍റെ നിലപാടിനോടൊപ്പമാണ് ലീഗ്’ ഇ ടി മുഹമ്മദ് ബഷീർ വ്യക്തമാക്കി.