വള്ളങ്ങൾക്ക് വഴിയൊരുക്കിയ വരട്ടാർ കാലംമായ്ക്കാത്ത ചരിത്രരേഖകൾ


പത്തനംതിട്ട: ഒരുകാലത്തെ ജലഗതാഗതത്തിന്റെ സ്മാരകമാവുകയാണ് വരട്ടാറിന്റെ തീരത്തെ മൈൽക്കുറ്റികൾ. ചരക്കുവള്ളങ്ങളിലെ യാത്രക്കാർക്ക് ദൂരമറിയാൻ അക്കാലത്ത് സ്ഥാപിച്ച മൈൽക്കുറ്റികൾ പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ അതിർത്തിയായ തിരുവൻവണ്ടൂർ പഞ്ചായത്തിൽ ഇപ്പോഴും കാണാം. 1937ൽ തുടങ്ങിയ ട്രാവൻകൂർ ഷുഗർ ഫാക്ടറിയിലേക്ക് പടിഞ്ഞാറൻ മേഖലകളിൽ നിന്ന് കരിമ്പും കിഴക്കൻ മലയോര മേഖലയിൽ നിന്ന് നാണ്യവിളകളും ഉൾപ്പെടെയുടെ വ്യാപാര സാധനങ്ങൾ വള്ളത്തിലൂടെ എ ത്തിച്ചിരുന്നത് പ്രധാനമായും വരട്ടാറിലൂടെയാണ്. പമ്പയിലെ ചുഴിയും ആഴം കൂടിയ ഇടങ്ങളും ഒഴിവാക്കുന്നതിന് വേണ്ടിയാണ് വരട്ടാറിനെ ആശ്രയിച്ചിരുന്നത്.

ആലപ്പുഴ പട്ടണത്തിലേക്കുള്ള മുഖ്യ യാത്രാമാർഗവും വരട്ടാറായിരുന്നെന്ന് പഴയ തലമുറ ഓർക്കുന്നു. ചെങ്ങന്നൂർ ശാസ്താംപുറം ചന്ത പ്രധാനപ്പെട്ട വിപണന കേന്ദ്രമായിരുന്നു. അതിന്റെ കവാടമായിരുന്നു അങ്ങാടിക്കലുള്ള ചുങ്കപ്പുര. സാധനങ്ങൾക്ക് ചുങ്കം പിരിക്കാനുള്ള ചുമതല എക്‌സൈസ് വകുപ്പിനായിരുന്നു. കൈയേറ്റം മൂലം പിന്നീട് വരട്ടാർ നാശാവസ്ഥയിലായി.. വീതി കുറഞ്ഞും മണൽപ്പുറ്രു നിറഞ്ഞും നീരൊഴുക്ക് കുറഞ്ഞു. പുനരുജ്ജീവന പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. . ആറ് പൂർവ സ്ഥിതിയിലായാൽ ആലപ്പുഴയിൽ നിന്ന് ആറന്മുളയിലേക്ക് ജലമാർഗമുള്ള വിനോദസഞ്ചാരത്തിനും വഴിയൊരുക്കാനാകും.

സ്മാരകമായി ചുങ്കപ്പുരയും

കെട്ടുവള്ളങ്ങളുടെ നിരന്തര യാത്രയും ഇടയ്ക്കുള്ള വിശ്രമവും കാരണം ഏക്സൈസ് കടവിലും മറുകരയിൽ വരട്ടാറിന്റെയും പൂർവ പമ്പയുടെയും സംഗമമായ ഇടപ്പള്ളിമുക്കിലും അന്ന് തിരക്കേറെയായിരുന്നു. തിരുവൻവണ്ടൂർ പഞ്ചായത്ത് മൃഗാശുപത്രിക്ക് സമീപം വരട്ടാറിന്റെ കരയിൽ ഇടനാടിന് 10 മൈലും ഇരമല്ലിക്കരയ്ക്ക് 3 മൈലും രേഖപ്പെടുത്തിയ മൈൽക്കുറ്റികൾ ഇപ്പോഴുമുണ്ട്. ഇടനാടിന് ആറ് മൈൽ രേഖപ്പെടുത്തിയ മൈൽക്കുറ്റി കുറ്റൂരിലുണ്ട്. വള്ളങ്ങളിൽ നിന്ന് നികുതി പിരിച്ചിരുന്ന എക്സൈസ് കടവിലെ ചുങ്കപ്പുരയും കാണാം.


Read Previous

സഞ്ചാരികള്‍ ഇനിയും കശ്‌മീരിലെത്തണം, ശത്രുക്കള്‍ വിജയിക്കാന്‍ പാടില്ല’: ഒമര്‍ അബ്‌ദുള്ള

Read Next

കുട്ടികൾക്കായി വികാസ് ഒരുക്കുന്ന കളിക്കൂട് പദ്ധതിക്ക് തുടക്കമായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »