
കട്ടക്ക്: ക്യാപ്റ്റന്‍ രോഹിത് ശര്‍മ കത്തും ഫോമിലേക്ക് ഇടവേളയ്ക്ക് ശേഷം മടങ്ങി യെത്തിയ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ. തുടരെ രണ്ടാം ഏകദിനവും ജയിച്ച് ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കി. രണ്ടാം മത്സരവും ഇന്ത്യ 4 വിക്കറ്റിനാണ് ജയിച്ചത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-0ത്തിനു ഉറപ്പിച്ചു. ടി20 പരമ്പരയ്ക്കു പിന്നാലെ ഏകദിന പരമ്പരയും ഇന്ത്യ ഉറപ്പിച്ചു. ചാംപ്യന്‍സ് ട്രോഫി പടിവാതില്‍ക്കല്‍ നില്‍ക്കെ പരമ്പര ഇന്ത്യയെ സംബന്ധിച്ചു വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 304 റണ്‍സെന്ന മികച്ച സ്‌കോര്‍ ഉയര്‍ത്തി. ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 44.3 ഓവറില്‍ 308 റണ്‍സെടുത്താണ് വിജയവും പരമ്പരയും ഉറപ്പിച്ചത്. രോഹിത് ശര്‍മയുടെ സെഞ്ച്വറിയും തുടരെ രണ്ടാം പോരാട്ടത്തിലും അര്‍ധ സെഞ്ച്വറി കണ്ടെത്തിയ ശുഭ്മാന്‍ ഗില്ലിന്റെ മികവും ഫോം തുടര്‍ന്ന ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍ എന്നിവരും അവസരോചിത ബാറ്റിങും ഇന്ത്യന്‍ ജയം അനായാസമാക്കി.
ഒടുവില്‍ ഫോമിലെത്തി!
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ നായകന്റെ 32ാം ഏകദിന സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യ വിജയം ഉറപ്പിച്ചത്. ഓപ്പണിങില്‍ 136 റണ്‍സ് എടുത്ത് രോഹിത് ഗില്‍ സഖ്യം ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. 30 പന്തില്‍ നാല് വീതം സിക്സും ഫോറും സഹിതം രോഹിത് 52 റണ്‍സെടുത്തു. പിന്നാലെ 76 പന്തില്‍ നായകന്‍ സെഞ്ച്വ റിയും തൊട്ടു. 9 ഫോറും 7 സിക്സും തൂക്കിയാണ് രോഹിത് ശതകത്തിലെത്തിയത്. 90 പന്തില്‍ 12 ഫോറും 7 സിക്‌സും സഹിതം രോഹിത് 119 റണ്‍സുമായി മടങ്ങുമ്പോള്‍ ഇന്ത്യ ജയം ഏതാണ്ടുറപ്പിച്ചിരുന്നു.
ശുഭ്മാന്‍ ഗില്‍ തുടരെ രണ്ടാം പോരാട്ടത്തിലും അര്‍ധ സെഞ്ച്വറി നേടി. താരം 9 ഫോറും ഒരു സിക്സും സഹിതം 60 റണ്‍സെടുത്തു പുറത്തായി. പിന്നാലെ വന്ന വിരാട് കോഹ്ലി ക്ക് ഫോം വീണ്ടെടുക്കാന്‍ ഇത്തവണയും സാധിച്ചില്ല. താരം 5 റണ്‍സുമായി മടങ്ങി. പിന്നീട് ക്രീസില്‍ ഒന്നിച്ച ശ്രേയസ്- അക്ഷര്‍ സഖ്യം ടീമിനെ മുന്നോട്ടു നയിച്ചു. അതി നിടെ ശ്രേയസ് റണ്ണൗട്ടായി. താരം 3 ഫോറും ഒരു സിക്സും സഹിതം 44 റണ്‍സെടുത്തു.
മറുഭാഗത്ത് അക്ഷര്‍ പുറത്താകാതെ നിന്നു. താരം 4 ഫോറുകള്‍ സഹിതം 41 റണ്‍സു മായി നിന്നു. അതിനിടെ ഹര്‍ദിക് പാണ്ഡ്യ (10), കെഎല്‍ രാഹുല്‍ (10) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായിരുന്നു. രവീന്ദ്ര ജഡേജ 11 റണ്‍സുമായി അക്ഷറിനൊപ്പം പുറത്താകാതെ നിന്നു വിജയമുറപ്പിച്ചു. ഇംഗ്ലണ്ടിനായി ജാമി ഓവര്‍ടന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഗസ് അറ്റ്കിന്‍സന്‍, ആദില്‍ റഷീദ്, ലിയാം ലിവിങ്‌സ്റ്റന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.