
ഗാസസിറ്റി: ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം ജന ജീവിതം ദുരിതത്തിലാക്കിയ ഗാസയില്‍ കുട്ടികളെ കാത്തിരിക്കുന്നത് പട്ടിണി മരണമെന്ന് മുന്നറിയിപ്പ്. ഗാസയിലേക്കുള്ള അന്താരാഷ്ട്ര മാനുഷിക സഹായങ്ങള്‍ തടഞ്ഞ ഇസ്രയേല്‍ നടപടിയാണ് ഇപ്പോള്‍ പ്രതിസന്ധി രൂക്ഷമാക്കുന്നത്. ബേബി ഫുഡ്, പോഷക സപ്ലിമെന്റുകള്‍ തുടങ്ങിയ വസ്തുക്കള്‍ ഉള്‍പ്പെടുന്ന മാനുഷിക സഹായങ്ങള്‍ ഉള്‍പ്പെടെ ഗാസയ്ക്ക് പുറത്ത് ഇസ്രയേല്‍ ഉപരോധം മൂലം കെട്ടിക്കിടക്കുകയാണ്. കുട്ടികള്‍ക്ക് അത്യാവശ്യമായ ഉത്പന്നങ്ങള്‍ പോലും തടയപ്പെടുന്ന സാഹചര്യത്തില്‍ ഗാസയിലെ 70,000-ത്തിലധികം കുട്ടികള്‍ കടുത്ത പോഷകാഹാരക്കുറവ് മൂലം ആശുപത്രിയില്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാസയിലെ ഗവണ്‍മെന്റുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഈ കണക്കുകള്‍ പങ്കുവയ്ക്കുന്നത്.
ഉപരോധം മൂലം ഗാസയിലെ അഞ്ച് വയസ്സിന് താഴെയുള്ള 3,500-ലധികം കുട്ടികള്‍ പട്ടിണി മൂലം ആസന്നമായ മരണത്തെ അഭിമുഖീകരിക്കുന്നു എന്നാണ് ഔദ്യോഗിക കണക്കുകള്‍ വിശദീകരിക്കു ന്നത്. ആകെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ 290,000 കുട്ടികള്‍ ഇത്തരത്തില്‍ മരണത്തിന്റെ വക്കിലാണെന്നും ഗാസ അധികൃതര്‍ ടെലിഗ്രാമില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറയുന്നു. ഒരു ദിവസം അതിജീവിക്കാനുള്ള ഏറ്റവും കുറഞ്ഞ പോഷകാഹാരം പോലും ലഭ്യമല്ലാത്ത പത്ത് ലക്ഷത്തിലധികം കുട്ടികള്‍ ഗാസയില്‍ ഉണ്ടെന്നാണ് കണക്കുകള്‍. സഹായങ്ങള്‍ തടഞ്ഞ് പട്ടിണിയെ ആയുധമായി ഉപയോഗിക്കുന്ന നിലയില്‍ ആണ് ഇസ്രായേല്‍ അധിനിവേശം പുരോഗമിക്കുന്നത്. ഇതിനെതിരെ അന്താരാഷ്ട്ര സമൂഹം ശബ്ദമുയര്‍ത്താത്തത് ലജ്ജാവഹമാണെന്നും പ്രസ്താവന കുറ്റപ്പെടുത്തുന്നു.
ഗാസയിലേക്കുള്ള മാനുഷിക സഹായങ്ങള്‍ തടഞ്ഞ ഇസ്രയേല്‍ നടപടി കാരണം കുറഞ്ഞത് 57 പലസ്തീനികള്‍ പട്ടിണി മൂലം മരിച്ചെന്ന് ഗാസയിലെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് പറയുന്നു. ഗാസ മുനമ്പിലേക്കുള്ള മാനുഷിക സഹായം തടയുന്ന ഇസ്രായേല്‍ ഉപരോധം ആരംഭിച്ച് രണ്ട് മാസം പിന്നിടുമ്പോഴാണ് കണക്കുകള്‍ പുറത്തുവരുന്നത്.