ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകളെ പോലും ഭയപ്പെടുന്നു’; സിപിഎമ്മിന് മറുപടിയായി മുന്‍മുഖ്യമന്ത്രിയുടെ വിഴിഞ്ഞം പ്രസംഗം പങ്കുവെച്ച് പ്രതിപക്ഷ നേതാവ്


തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കിടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ സംസാരിക്കുന്ന പഴയ വിഡിയോ പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിഴിഞ്ഞം തുറമുഖത്തിന് എല്ലാവിധ ആശംസകളും നേര്‍ന്ന് കൊണ്ട് വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പാക്കുമെന്ന ഉമ്മന്‍ ചാണ്ടിയുടെ പഴയ പ്രസംഗമാണ് വിഡി സതീശന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.

ഒരു കല്ലിട്ടാല്‍ തുറമുഖമാകുമോ എന്ന് ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്ക് തുടക്കമിട്ടത്. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കിയതിന്റെ മുഴുവന്‍ ക്രെഡിറ്റും എല്‍ഡിഎഫ് സര്‍ക്കാരിനാണ് എന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് വിഴിഞ്ഞം തുറമുഖം എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ‘ഉമ്മന്‍ ചാണ്ടി ഇന്നില്ല. മായ്ച്ചാലും മായാത്ത ചരിത്രമായി ഉമ്മന്‍ ചാണ്ടി ജന ഹൃദയങ്ങളില്‍ ജീവിക്കുന്നു. ചരിത്രത്തെ ബോധപൂര്‍വം മറക്കുകയും തിരുത്തി എഴുതാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകളെ പോലും ഭയപ്പെടുന്നവരാണ്.വിഴിഞ്ഞം തുറമുഖത്തിന് എല്ലാ ആശംസകളും നേരുന്നു.’- എന്ന കുറിപ്പിനൊപ്പമാണ് വി ഡി സതീശന്‍ ഉമ്മന്‍ ചാണ്ടിയുടെ പഴയ നിയമസഭ പ്രസംഗത്തിന്റെ വിഡിയോ പങ്കുവെച്ചത്.

വീഡിയോ

കേരളത്തിന്റെ സ്വപ്‌ന പദ്ധതിയാണിത്. അതിന് വേണ്ടി 1991 മുതല്‍ നമ്മള്‍ ശ്രമിക്കുകയാണ്. പക്ഷേ ഇതുവരെ വിജയിച്ചിട്ടില്ല. ഇപ്പോള്‍ അതൊരു അവസാന ഘട്ടത്തിലേക്ക് എത്തി. ഒരു കാര്യം വ്യക്തമാണ്. സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിച്ച് കൊണ്ട് ഈ വിഴിഞ്ഞം പദ്ധതി നടപ്പിലാക്കിയിരിക്കും. യാതൊരു സംശയവും വേണ്ട. നിങ്ങള്‍ ഏത് സംശയവും പറഞ്ഞോ. ഏത് നിര്‍ദേശവും വെച്ചോ. അതൊക്കെ സ്വീകരിക്കാവുന്നത് മുഴുവന്‍ സ്വീകരിക്കാന്‍ തയ്യാറാണ്. പക്ഷേ അഴിമതി ആരോപണം ഉന്നയിച്ച് ഇത് ഇല്ലാതാക്കാമെന്ന് ധരിച്ചാല്‍ നടക്കില്ല എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്’- വിഡിയോയിലെ ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍.


Read Previous

കൊടും തണുപ്പിലും ചുട്ടുപൊള്ളി കശ്‌മീർ താഴ്‌വര; പാഠപുസ്‌തകങ്ങള്‍ക്ക് പകരം കുട്ടികളെ പഠിപ്പിക്കുന്നത് വെടിയുണ്ടകളിൽ നിന്ന് രക്ഷനേടാൻ

Read Next

വിഴിഞ്ഞത്തിന്റെ പിതാവ് ഉമ്മന്‍ ചാണ്ടി; പിണറായി സര്‍ക്കാര്‍ റോഡ്, റെയില്‍ സൗകര്യങ്ങള്‍ ഒരുക്കിയില്ല’: പുതുപ്പള്ളിയിലെത്തി എം വിന്‍സെന്‍റ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »