
അഹമ്മദാബാദ് (ഗുജറാത്ത്): ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരണവുമായി മുന്‍ ഉപരാഷ്ട്രപതിയും മുതിര്‍ന്ന ബിജെപി നേതാവുമായ വെങ്കയ്യ നായിഡു. തിരഞ്ഞെടുപ്പില്‍ വോട്ടുരേഖപ്പെടുത്തിയ ലക്ഷക്കണത്തിന് ജനങ്ങള്‍ മേല്‍ത്തട്ടുമുതല്‍ താഴേത്തട്ടുവരെയുള്ള എല്ലാവര്‍ക്കുമുള്ള സന്ദേശമാണ് നല്‍കിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യ മഹത്തായ ജനാധിപത്യ രാജ്യമാണെന്ന് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിലും തെളിയിക്കപ്പെട്ടു. വോട്ടുചെയ്ത ലക്ഷക്കണക്കിന് പേര് അവര്‍ ആഗ്രഹിച്ച മാറ്റം സമാധാനപരമായി സാധ്യമാക്കി. മേല്‍ത്തട്ടുമുതല്‍ താഴെത്തട്ടുവരെയുള്ള എല്ലാവര്‍ക്കുമുള്ള സന്ദേശമാണ് അവര്‍ നല്‍കിയത്. തെരഞ്ഞെടുപ്പ് ഫലം ഒരു സന്ദേശം ഉള്‍ക്കൊള്ളുന്നതാണ്. അത് എല്ലാവരും മനസിലാക്കിയെന്ന് കരുതുന്നു – ആനന്ദിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്‌മെന്റില്‍ നടന്ന ബിരുദദാന ചടങ്ങില്‍ സംസാരിക്കവ വെങ്കയ്യ പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യാം. അത് വലിയ കാര്യമല്ല. എന്നാല്‍ മൂല്യങ്ങള്‍, താഴേക്കിടയിലുള്ളവര്‍ക്ക് വേണ്ടിനടത്തുന്ന പ്രവര്‍ത്തനം, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും ദുരിതം അനുഭവിക്കുന്നവര്‍ക്കും നല്‍കുന്ന പരിഗണന എന്നിവയൊക്കെ പ്രധാനമാണ്. പാവപ്പെട്ടവരില്‍ പാവപ്പെട്ടവരെ സംരക്ഷിക്കാന്‍ മഹാത്മാഗാന്ധിയും അംബേദ്കറും നടത്തിയ ശ്രമങ്ങള്‍ക്കാണ് മനസില്‍ മുഖ്യപരിഗണന ഉണ്ടാകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ മാത്രമല്ല, ലോകമെങ്ങും ജനപ്രിയനാണ്. മൂന്നാം തവണയും അധികാരത്തിലെത്തുക എന്നത് തമാശയല്ല. രാഷ്ട്രീയകാര്യങ്ങളിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ലോകം ഇന്ത്യയെ അംഗീകരിക്കാനും ബഹുമാനിക്കാനും തുടങ്ങി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ത്യക്കാര്‍ ചെയ്യുന്ന കഠിനാധ്വാനമാണ് അതിനടിസ്ഥാനം. പല ബഹുരാഷ്ട്ര കമ്പനികളുടെയും തലവന്മാര്‍ ഇന്ന് ഇന്ത്യക്കാരാണ്.
അഴിമതിയും ദാരിദ്ര്യവും കുറയ്ക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്ന് നിസംശയം പറയാം. എന്നാല്‍ ദാരിദ്ര്യ നിര്‍മാര്‍ജനം, സംഘര്‍ഷങ്ങള്‍ കുറയ്ക്കല്‍, ഗ്രാമ – നഗര വ്യത്യാസം ഇല്ലാതാക്കല്‍ എന്നിവയ്ക്കുവേണ്ടി ഇനിയും കഠിനമായ പരിശ്രമം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.