Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇരുപത്തിയൊന്നു വർഷത്തെ പിണക്കം; പേടിച്ചോടിയ പുലി, ഒറ്റയ്ക്ക് ഒരു ശവഘോഷയാത്ര, ടൈറ്റാനിക് മുങ്ങുമ്പോൾ എനിക്കു 4 വയസ്സ്, ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടുമ്പോൾ 39’; സംഭവബഹുലം മറിയാമ്മയുടെ ജീവിതം


കരുവാരക്കുണ്ട് പുളിയക്കോട് പാപ്പാലിൽ വീട്ടിൽ മറിയാമ്മ ഉതുപ്പ് വലിയ സന്തോഷത്തിലായിരുന്നു. മക്കളും കൊച്ചുമക്കളും വന്നിരിക്കുന്നു. മറിയാമ്മ ഉതുപ്പ് നൂറ്റിപതിനാറാം ജന്മദിനം ആഘോഷിച്ചിട്ട് ഏതാനും മാസങ്ങളേ ആയുള്ളൂ. അതിനു ശേഷം വനിതയ്ക്കു വേണ്ടിയാണ് ഈ ഒത്തുചേരൽ. ക്യാമറ കണ്ടപ്പോൾ മറിയാമ്മ ച്ചിക്കൊരു സംശയം. ‘‘ഇ ന്നെന്റെ പിറന്നാളാണോ മക്കളേ…’’ അടുത്തു നിന്ന മകൻ വർഗീസിനോടു ചോദിച്ചു. അമ്മച്ചിയുടെ വിശേഷങ്ങൾ കേൾക്കാനും ഫോട്ടോ എടുക്കാനും ‘വനിത’യിൽ നിന്നു വന്നതാണെന്നു മരുമകൾ സൂസൻ വർഗീസ് അമ്മച്ചിയോടു പറഞ്ഞു.

ആൺമക്കളുടെ കൂടെ മാറി മാറിയാണു മറിയാമ്മച്ചിയുടെ ജീവിതം. ഇപ്പോൾ പാപ്പാലിൽ വർഗീസിന്റെ വീട്ടിലാണു മറിയാമ്മ. പതിന്നാലു മക്കളെ പ്രസവിച്ചു. ഒൻപതു ശിശുമരണങ്ങൾ. ബാക്കിയായത് അഞ്ചു പേർ. സാറാമ്മ, കുര്യാക്കോസ്, പൗലോസ്, വർഗീസ്, അന്നാമ്മ. മക്കളും ചെറു മ ക്കളും അവരുടെ മക്കളുടെ മക്കളും ഒക്കെയായി അഞ്ചു തലമുറയുടെ പുണ്യത്തിൽ 130 ആണ് ഇ പ്പോൾ കുടുംബത്തിന്റെ അംഗ ബലം.

മൂവാറ്റുപുഴ റാക്കാട് സെന്റ് മേരീസ് യാക്കോബായ പള്ളിയിലായിരുന്നു മറിയാമ്മ യുടെ മാമോദീസ എന്നാണു രേഖകൾ. 1908 ഓഗസ്റ്റ് 31–ാം തീയതിയാണു ജനനം എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ആധാർ രേഖകളിൽ വ്യത്യാസമുണ്ട്. (1947 –നു മുൻപുള്ള മാമോദീസ രേഖകൾ പല പള്ളികളിലും ഇപ്പോഴില്ല.) എങ്കിലും മറ്റു ബന്ധുക്കളുടെ രേഖകളുടെ അടിസ്ഥാനത്തിൽ മറിയാമ്മയ്ക്കു വയസ്സ് 116. ആധാർ ഉൾപ്പെടെയുള്ള രേഖകളിലും ഇതുതന്നെ പ്രായം. ഓർമ ഇടയ്ക്കൊക്കെ ഒളിച്ചു കളിക്കുമെങ്കിലും പഴയ കാര്യങ്ങളെല്ലാം വള്ളിപുള്ളി തെറ്റാതെ പറയും. എങ്കിലും വല്ലപ്പോഴുമൊക്കെ മനസ്സിലെ കാലം കലങ്ങി മറിയും. കർക്കടക മഴയിലെ മൂവാറ്റുപുഴയാറു പോലെ.

കഴുതക്കോട്ട് പുത്തൻപുരയ്ക്കൽ ചാക്കോ – ഇളച്ചി ദമ്പതികളുടെ മകളാണു മറിയാമ്മ. നൂറ്റാണ്ട് പിന്നിട്ട ജീവിതമായിരുന്നു ഇളച്ചിയമ്മയുടേത്. മറിയാമ്മയായിരുന്നു മൂത്തമകൾ. അനുജത്തി അന്നാമ്മയുമായുള്ള പ്രായവ്യത്യാസം 22. അതിനൊരു കാരണമുണ്ട്. ദാമ്പത്യജീവിതം സന്തോഷകരമായി മുന്നോട്ടു പോകുന്നതിനിടെ ചാക്കോയും ഇളച്ചിയമ്മയും തമ്മിലൊന്നു പിണങ്ങി. താമസം രണ്ടിടത്തായി. അതു കുറച്ചങ്ങു നീണ്ടു. കുറച്ചെന്നു പറഞ്ഞാൽ 21 വർഷം.

മകളെയും വളർത്തി ഇളച്ചിയമ്മ ജീവിതം മുന്നോട്ടു കൊണ്ടുപോയി. ഒടുവിൽ കുടുംബം ഒന്നായി. അന്നാമ്മയെ കുടാതെ ഒരനുജനും കൂടി പിറന്നു. കഴുതക്കോട്ട് വർഗീസ്. ഉലച്ചിലിന്റെ ആ ഘട്ടം കടന്നപ്പോൾ മറിയാമ്മയുടെ കല്യാണം വൈകി. അന്നത്തെ നാട്ടുനടപ്പനുസരിച്ച് ‘വെരി ലേറ്റ് മാര്യേജ്’ എന്നു പറയാം. അന്നു പന്ത്രണ്ടും പതിനഞ്ചും വയസ്സുള്ളപ്പോൾ പെൺകുട്ടികളുടെ വിവാഹം നടത്തുമായിരുന്നു. ഇരുപത്തിയഞ്ചാം വയസ്സിലായിരുന്നു മറിയാമ്മയുടെ കല്യാണം.

ഉതുപ്പിന്റെ രണ്ടാം വിവാഹമായിരുന്നു മറിയയുമായി. അദ്ദേഹത്തിന് കൃഷിയും ബിസിനസുമുണ്ടായിരുന്നു. നാലഞ്ചു ചരക്കു കാളവണ്ടികൾ ഉണ്ടായിരുന്നു. അതിൽ മൂവാറ്റുപുഴയിൽ നിന്നു സാധനങ്ങൾ കയറ്റി എറണാകുളം മാർക്കറ്റിലെത്തിക്കും. അവിടെ നിന്നു ചരക്കുമായി തിരികെ മടക്കം. ഇന്നത്തെ സാഹചര്യത്തിൽ മൂന്നു നാലു ട്രക്കുകൾ സ്വന്തമായി ഉള്ളതിനു തുല്യം. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടുന്നതിനു ഒരു വർഷം മുൻപ് 1946–ലാണു മറിയാമ്മയും കുടുംബവും മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് പുളിയക്കോട് കുടിയേറുന്നത്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തി ട്ടുള്ള വ്യക്തിയാണു ഉതുപ്പ്.

പുളിയക്കോട് ജീവിതം തുടങ്ങിയ കാലം. വീടെന്നു പറയാൻ പറ്റില്ല. ഒാല കുത്തി മറച്ച ഭിത്തികളുള്ള കുടിലാണ് പാർപ്പിടം. സന്ധ്യയ്ക്കാണു സംഭവം നടക്കുന്നത്. മറിയാമ്മ ഇരട്ടക്കുട്ടികളെ പ്രസവിച്ചു കിടക്കുന്നു.

മുരളൽ കേട്ട് നോക്കുമ്പോൾ അരണ്ടവെളിച്ചത്തിൽ കണ്ടു. തൊട്ടുമുന്നിലൊരു പുലി. വീട്ടിൽ വേറെ ആരുമില്ല. അതു മണം പിടിച്ചു കുഞ്ഞുങ്ങളുടെ അടുത്തേക്കാണു നീങ്ങുന്നതെന്നു മറിയാമ്മയ്ക്കു മനസ്സിലായി. നിലവിളിക്കണമെന്നുണ്ട്. സ്വരം പുറത്തുവരുന്നില്ല. മറിയാമ്മ മുന്നോട്ടാഞ്ഞിരുന്നു. ഒടുവിൽ ശബ്ദം അണപൊട്ടി യൊഴുകി, ആരെയും നടുക്കൊന്നൊരു അലർച്ചയായി. അതു കേട്ട് ഒന്നു പതുങ്ങി നിന്ന പുലി, ഒന്നുമറിയാത്തപോലെ കുടിലിൽ നിന്നു പുറത്തേക്കിറങ്ങി ഇരുട്ടിലേക്കു മറഞ്ഞു.

‘‘അന്ന് ഈ പ്രദേശത്തു പുലി ഇറങ്ങുന്നതു സാധാരണമാണ്. വളർത്തു മൃഗങ്ങളാണ് ഉന്നം. പൊതുവേ മനുഷ്യരെ ഉപദ്രവിക്കാറില്ല. അന്നും കാട്ടാനകൾ വരാറില്ല. കൃഷി നശിപ്പിക്കലോ ആൾക്കാരെ കൊല്ലലോ ഒന്നും ഉണ്ടായിട്ടില്ല.’’ ഇടറുന്ന സ്വരത്തിൽ നിരതെറ്റാതെ വാക്കുകളിലൂടെ പഴയ കാലം ഇറങ്ങി വന്നു.

ഉതുപ്പ്– മറിയാമ്മ ദമ്പതികളുടെ ഒൻപതു കുഞ്ഞുങ്ങളാണു മരിച്ചത്. മറിയാമ്മയുടെ നിലവിളിക്കിടയിൽ പലകയിൽ വെള്ളത്തുണി വിരിച്ച് അതിൽ കുഞ്ഞിന്റെ മൃതദേഹവും കെട്ടിവച്ച് അതു ചുമലിലേറ്റി പാട്ടും പാടി ഒറ്റയ്ക്ക് പള്ളിയിലേക്ക് നടക്കുന്ന ഉതുപ്പിന്റെ ചിത്രം ഇന്നും മറിയാമ്മയുടെ ബോധത്തെ ഇടയ്ക്കൊക്കെ അസ്വസ്ഥമാക്കാറുണ്ട്. ഒപ്പം പോകാൻ ബന്ധുക്കളോ അകമ്പടിക്കാരോ ഇല്ല. പള്ളിസെമിത്തേരിയിൽ കല്ലറയൊരുക്കാനും ആരുമില്ല.

ശരീരം മറവു ചെയ്യാനുള്ള കുഴിയെടുക്കുന്നതും ഉതുപ്പ് ഒറ്റയ്ക്കു തന്നെ. പിന്നെ, കണ്ണീരോടെ മരണാനന്തര പ്രാർഥന ചൊല്ലും. തിരികെ തളർന്നു വീടിന്റെ മുറ്റത്തു വന്നിരിക്കും. ‘മറിയാമ്മേ കുടിക്കാൻ ഇത്തിരി വെള്ളം.’ അപേക്ഷാസ്വരത്തിലുള്ള ആ വാചകം കണ്ണീരാണി പോലെ ഇന്നും അമ്മച്ചിയുടെ ഉള്ളു തുളയ്ക്കുന്നുണ്ട്.

ഉതുപ്പും കുടുംബവും വന്ന ശേഷമാണു പുളിയക്കോട് സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് ഉണ്ടാകുന്നത്. നിലംതല്ലി കൊണ്ടു തറയൊരുക്കി. പിന്നെ, ചാണകം മെഴുകി. ഓല കൊണ്ടു ഭിത്തികളും മേൽക്കൂരയും. അതായിരുന്നു പള്ളി. ആദ്യം പത്തു വീട്ടുകാരാണ് ഇടവകയിലുണ്ടായിരുന്നത്. ഇന്നതു നൂറുകണക്കിനു കുടുംബങ്ങളുള്ള വലിയൊരു ഇടവകയായി മാറി.

തുടർച്ചയായ പ്രസവങ്ങളിൽ മൂന്നെണ്ണം ഇരട്ടപ്രസവമായിരുന്നു. ആ ആറു പേരിൽ രക്ഷപ്പെട്ടത് ഒരേ ഒരാൾ മാത്രം. ഇപ്പോൾ 75 വയസ്സുള്ള വർഗീസ്. മലബാർ സ്പെഷൽ പൊലീസിൽ നിന്നു വിരമിച്ച വർഗീസ് പറഞ്ഞതു തന്റെ അതിജീവനം മാതാപിതാക്കൾക്ക് അദ്ഭുതമായിരുന്നുവെന്നാണ്. ‘‘അവർ ഒരിക്കലും എന്നെ ജീവനോടെ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ദൈവാനുഗ്രഹം കൊണ്ടു ഞാൻ എങ്ങനെയോ രക്ഷപ്പെട്ടു. അപ്പന്റെയും അമ്മയുടെയും ആരോഗ്യം ഒരു പരിധി വരെ ഞങ്ങൾക്കും കിട്ടിയുണ്ട്. ജീവിതശൈലി രോഗങ്ങളൊന്നുമില്ല.’’ വർഗീസ് ഇതു പറയുമ്പോൾ 85കാരനായ മകൻ കുര്യാക്കോസ് അമ്മയെ സ്നേഹത്തോടെ തലോടി. അമ്മയോടു അൽപം കൂടി ചേർന്നിരിക്കുന്നു 83 കാരനായ മകൻ പൗലോസ്. മണി എന്നാണു പൗലോസിന്റെ വിളിപ്പേര്.


Read Previous

പെരുമ്പാവൂർ മാർത്തോമ്മാ കോളജിൽ ആരോട് ചോദിച്ചാലും അഭിമാനത്തോടെയാണ് അവളെ പറ്റി പറയുന്നത് രജിതയുടെ പോരാട്ടകഥ; ആണും പെണ്ണും കെട്ട് നടക്കുന്നു എന്നാണ് ചിലർ പരിഹസിക്കുന്നത്… അവർക്കറിയില്ല എന്റെ വേദന, സ്വപ്നം.

Read Next

സ്കൂളിൽ നിന്നു ആരോടും പറയാതെ നാടു ചുറ്റാനിറങ്ങി ബാലികമാർ; സുരക്ഷിതമായി രക്ഷിതാക്കളെ ഏല്‍പ്പിച്ച് ഓട്ടോഡ്രൈവർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »