ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
കവലയിലിരുന്ന് സ്ത്രീകൾ നടന്നുപോകുമ്പോൾ ദ്വായാർത്ഥ പ്രയോഗങ്ങളും അശ്ലീല വചനങ്ങളു മുരുവിട്ട് അവർ കേൾക്കയോ കേൾക്കാതെയോ കമന്റടിച്ചു ആത്മരതിയണിയുന്ന ഒരു വിഭാഗം പഴയപോലെ ഇന്ന് കാണാനിടയില്ല. അവരൊക്കെ (അമ്മാവൻമാരെന്ന് പുതിയ പിള്ളേർ വിളിക്കുന്ന വിഭാഗം ) ഇന്ന് സോഷ്യൽ മീഡിയയിൽ സദാചാര പോലിസ് പണിയിൽ തിരക്കിലാണ്. സോസാപി അഥവാ സോഷ്യൽ മീഡിയ സദാചാര പോലിസ് എന്ന ഉത്തരവാദിത്തമാണ് അവർക്ക്. സാധാരണയായി ഫേസ്ബുക്കിലാണ് ഈ വിഭാഗത്തെ അധികമായും കണ്ടു വരുന്നത്.
ഏതെങ്കിലും സ്ത്രീകൾ ഫോട്ടോയിട്ടാൽ അല്ലങ്കിൽ അവരുടെ വീഡിയോയുടെ ഒരു ഭാഗം എടുത്ത് അതിലെത്ര ശതമാനം അവരുടെ ശരീരം ദൃശ്യമാണ് എന്ന കണക്കെടുത്ത് അവർ പണി തുടങ്ങും. ശരീര വർണ്ണനകൾ ഉള്ളിലാണെങ്കിൽ കമന്റിൽ പുറത്തു വരിക ഉപദേശമായിട്ടോ കുറ്റപെടുത്തലായിട്ടോ ആയിരിക്കും. ഇക്കൂട്ടർ തന്റെ മൊബൈലിൽ ഒരു സ്ത്രീക്ക് നേരെ അശ്ലീല കമന്റിടുന്നത് സ്ത്രീകൾ അതാണസ്വദിക്കുമെന്ന് കരുതിയില്ല. ഒരാത്മ നിർവൃതിക്ക് വേണ്ടിയാണ്. സ്വയംഭോഗം പോലൊരു സുഖം ആ വരികൾ കൊണ്ടയാൾ അനുഭവിക്കുന്നുണ്ടാവണം.
ഇഷ്ടമുള്ള വസ്ത്രം ധരിച്ചതിന്റെ പേരിൽ മാത്രമല്ല ഇഷ്ടമുള്ള ആളുടെ കൂടെ ഫോട്ടോ എടുത്താലും ചിലപ്പോൾ ഇവരിൽ നിന്ന് ഇങ്ങനെ ചിലത് കേൾക്കാം. പൊട്ടന് ലോട്ടറിയടിച്ചു, പുരുഷുന് ഇപ്പോൾ യുദ്ധമൊന്നുമില്ലേ, മുൻതൂക്കം കൂടുതൽ ആണല്ലോ, പിന്നണി അഴിച്ചു വെക്കാനായില്ലേ തുടങ്ങി അവർക്കിഷ്ടപ്പെട്ട പ്രയോഗങ്ങൾ കൂടുതലാണ്. അവരുടെ വസ്ത്ര ധാരണമാണ് പീഡനത്തിലേക്ക് നയിക്കുന്നത് എന്നവാദം കൊണ്ട് വന്നത് മത പുരോഹിതന്മാരാണ് എന്ന് കാണാം.
ശാസ്ത്രീയമായി വസ്ത്രം പീഡനത്തിലേക്ക് നയിക്കുന്നുണ്ടോ എന്ന് നോക്കിയാൽ പുരുഷന്മാർ പീഡന സമയങ്ങളിൽ ധരിക്കുന്ന പാന്റും ഷർട്ടിനും സമാനതകളുണ്ട് എന്നല്ലാതെ സ്ത്രീ വേഷങ്ങൾ അങ്ങനെയാണെന്ന് കാണാൻ കഴിയില്ല. 2 വയസ്സ് മുതൽ 60 വയസ്സ് വരെ ക്രൂര പീഡനനങ്ങൾക്ക് ഇരയാകുന്ന സ്ത്രീകളുടെ വേഷങ്ങൾ പല തരത്തിലുള്ളതാണ് . അത്തരം വസ്ത്രങ്ങൾ ചില വിദേശ യൂണിവേഴ്റ്റികളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഒരു സ്ത്രീ ഏത് വസ്ത്രം ധരിക്കുന്നു എന്നതല്ല ഒരു പുരുഷന്റെ ലൈംഗിക നിയന്ത്രണശേഷിയുടെ അളവ്. അങ്ങനെയുള്ള പുരുഷന്മാർ ചികിത്സ ആവശ്യമുള്ളവരാണ്. പഴയ കാല കലാ രൂപങ്ങളിലെ മുഖ്യ ഇനമായിരുന്നു പബ്ലിക് ടോയ്ലറ്റ്, ട്രെയിൻ ടോയ്ലറ്റ് എന്നിവയിൽ ചിത്രം വരച്ചും അശ്ലീലമെഴുതിയും ആത്മരതിയടയുക എന്നത്. ന്യു ജനറേഷൻ കുട്ടികൾ വന്നതിൽ പിന്നെ ആ കലാരൂപം അധികമായി കാണാറില്ല. അവരൊക്കെ സോഷ്യൽ മീഡിയയിലേക്ക് കുടിയേറി.
സ്കളിലും കോളേജിലും പെൺകുട്ടികളുമായി ഇടകലർന്ന് വളർന്നു വരുന്ന പുതിയ കാല കുട്ടികളെ ഇത്തരം കമന്റ് സെഷനിൽ അധികം കാണാറില്ല. അവർക്ക് സ്ത്രീകളെ മനസ്സിലാക്കാനും ബഹു മാനിക്കാനും ആവുന്നുണ്ട്. പഴയ ചില ഞരമ്പുകൾ മാത്രമാണ് ഇപ്പോഴും സോസാപിയായി രംഗത്തുള്ളത്.
ഏതെങ്കിലും ഒരു ആണ് ഫോട്ടോയോ വീഡിയോയോ ഇട്ടാൽ അതിനടിയിൽ ഇത്തരം വൃത്തികേടുകൾ എഴുതുന്ന സ്ത്രീകളെയോ ട്രാൻസ് വിഭാഗക്കാരെയോ ഇന്നേവരെ കണ്ടിട്ടില്ല. അവർക്ക് നിങ്ങളുടെ ലിംഗവലിപ്പമോ നെഞ്ചളവോ കമന്റ്ലിട്ട് രതിസുഖം നേടേണ്ടതില്ല. ഇൻബോക്സിൽ എത്തുന്ന സോസാപ്പി കൾ വേറെയാണ്. പരിചയമുള്ള സ്ത്രീകളോട് ചോദിച്ചു നോക്കണം ഇത്തരം സോസാപ്പികളെ കൊണ്ടുള്ള ദ്രോഹം മനസ്സിലാക്കാൻ.