പ്രായമായ കന്നുകാലികളെ പരിപാലിക്കുന്നതിനും ചത്തവയെ സംസ്കരിക്കുന്നതിനും കർഷകർ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് കർണാടകയിലെ മൃഗസംരക്ഷണ, വെറ്ററിനറി സയൻസ് മന്ത്രി കെ വെങ്കിടേഷ്. എരുമകളെയും കാളകളെയും കശാപ്പ് ചെയ്യാമെങ്കിൽ പശുവിനെ കൊല്ലുന്നതിൽ എന്താണ് തെറ്റെന്നും മന്ത്രി ചോദിച്ചു.

സംസ്ഥാനത്തെ കർഷകരുടെ താൽപര്യം മുൻനിർത്തിയാണ് ബില്ലിൽ ഭേദഗതി കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിലെ ഭരണകക്ഷിയായ കോൺഗ്രസ് കർശനമായ കർണാടക ഗോവധ നിരോധനവും കന്നുകാലി സംരക്ഷ ണവും (ഭേദഗതി) ബിൽ നടപ്പാക്കാൻ ആലോചിക്കുന്ന സമയത്താണ് ഇത്.
എന്താണ് പശു കശാപ്പ് വിരുദ്ധ ബിൽ?
സംസ്ഥാനത്ത് പശുക്കളെ കശാപ്പ് ചെയ്യുന്നത് പൂർണമായി നിരോധിക്കണമെന്നും കള്ളക്കടത്ത്, നിയമവിരുദ്ധ ഗതാഗതം, പശുക്കൾക്ക് നേരെയുള്ള അതിക്രമങ്ങൾ, കശാപ്പ് എന്നിവയിൽ ഏർപ്പെടുന്നവർക്ക് കടുത്ത ശിക്ഷ നൽകണമെന്നും ബിൽ ആവശ്യപ്പെടുന്നു. ഓർഡിനൻസ് അനുസരിച്ച്, കന്നുകാലികളെ കശാപ്പ് ചെയ്താൽ 3-7 വർഷം വരെ തടവും 50,000 രൂപ മുതൽ 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കും. തുടർന്നുള്ള കുറ്റങ്ങൾക്ക് ഏഴു വർഷം തടവും ഒരു ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കും.
2020 ഡിസംബറിൽ ബിജെപി സർക്കാർ കർണാടക നിയമസഭയിൽ ബിൽ പാസാക്കി യപ്പോൾ, വിധാന സൗധയിൽ നിന്ന് പ്രതിഷേധിച്ച് കോൺഗ്രസ് വാക്കൗട്ട് നടത്തി.