വാഷിംഗ്‌ടൺ: ദീർഘകാല ബഹിരാകാശ ദൗത്യങ്ങൾ മനുഷ്യ ശരീരത്തെ എങ്ങനെയെല്ലാം ബാധിക്കുമെന്ന ചോദ്യമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലുൾപ്പെടെ വ്യാപിക്കുന്നത്. ഒമ്പത് മാസത്തെ ദൗത്യത്തിന് ശേഷം സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് മടങ്ങാനിരിക്കുന്ന സാഹചര്യത്തിലാണ് ഈ ചോദ്യം ചർച്ചയാവുന്നത്. വലിയ വെല്ലുവിളികളാവും ഇരുവർക്കും ഭൂമിയിലെത്തിയാൽ നേരിടേണ്ടി വരിക.

സുനിത വില്യംസും ബുച്ച് വിൽമോറും 288 ദിവസമാണ് ഇപ്പോഴത്തെ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്ത് ചെലവഴിച്ചത്. ഇത്രയും ദിവസം ബഹിരാകാശത്ത് തങ്ങിയതിനാൽ പല പ്രശ്‌നങ്ങളുമുണ്ടാകും. ഭൂമിയുടെ ഗുരുത്വാകർഷണത്തിന് അനുസരിച്ച് ജീവിക്കാൻ പാകത്തിന് പരിണമിച്ചതാണ് മനുഷ്യശരീരം. ഗുരുത്വാകർഷണമില്ലാതെ ബഹിരാകാശത്ത് ജീവിക്കുന്നതിനാൽ ശരീരത്തിൽ പല മാറ്റങ്ങളും സംഭവിക്കാം. അതിൽ പ്രധാനപ്പെട്ടത് പേശികൾക്കുണ്ടാകുന്ന ബലക്ഷയമാണ്. മൂന്ന് മുതൽ ആറ് മാസം വരെ ബഹിരാകാശത്ത് ചെലവഴിച്ചാൽ ശരീരത്തിലെ മസിൽ മാസ് 30 ശതമാനം വരെ നഷ്‌ടമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്.
കാലിലെയും കഴുത്തിലെയും പുറത്തെയും പേശികൾക്കാണ് പ്രധാനമായും ബലക്ഷയം സംഭവിക്കുക. എല്ലുകൾക്കും ഇതേ രീതിയിൽ ബലക്ഷയം ഉണ്ടാകും. ഒരു പരിധി വരെ ഇത് മറികടക്കാനുള്ള പദ്ധതികൾ നാസയുൾപ്പെടെയുള്ള ബഹിരാകാശ ഏജൻസികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. ബഹിരാകാശത്ത് പോകുന്നതിന് ഒരു വർഷം മുമ്പ് തന്നെ ഇതിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കും. പ്രത്യേക പരിശീലത്തിലൂടെ ബഹിരാകാശ സഞ്ചാരത്തിനായി ശരീരത്തെ പാകപ്പെടുത്തിയെടുക്കും. അന്താരാഷ്ട്രബഹിരാകാശ നിലയത്തിൽ എത്തിക്കഴിഞ്ഞാൽ സഞ്ചാരികൾ രണ്ടര മണിക്കൂർ പ്രത്യേക വ്യായാമങ്ങൾ നിർബന്ധമായി ചെയ്തിരിക്കണം. ഇതിനായി ഒരു പ്രത്യേക ജിം തന്നെ നിലയത്തിൽ സജ്ജമാക്കിയിട്ടുണ്ട്. സഞ്ചാരികളുടെ ഭക്ഷണക്രമവും പ്രത്യേകം ചിട്ടപ്പെടുത്തയതാണ്.
ഗുരുത്വാകർഷണം കുറവായതിനാൽ ശരീരഭാരം അനുഭവപ്പെടില്ല. ഇതിനാൽ, സഞ്ചാരികളുടെ നട്ടെല്ലിന് നീളം കൂടും. ഭൂമിയിലെത്തി കുറച്ച് കാലത്തിനുള്ളിൽ തന്നെ ഇത് പഴയപടിയാകും. എന്നാൽ, കഠിനമായ പുറംവേദനയും ഡിസ്‌ക് പ്രശ്‌നങ്ങളും ഇവർക്ക് അനുഭവിക്കേണ്ടി വരും.