
വാഷിങ്ടണ്‍: അമേരിക്ക-ചൈന വ്യാപാര ബന്ധത്തില്‍ വിള്ളല്‍ വീണ സാഹചര്യത്തില്‍ ആപ്പിള്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങ ലേല്‍ക്കുന്നു. അമേരിക്കയില്‍ വില്‍ക്കുന്ന ഐഫോണുകള്‍ അവിടെ തന്നെ നിര്‍മിക്കണമെന്ന പ്രസിഡന്റ് ട്രംപിന്റെ കര്‍ശന നിര്‍ദേശമാണ് പ്രതിസന്ധിയായത്.
അമേരിക്ക ചൈനയ്ക്ക് മേല്‍ പ്രഖ്യാപിച്ച ഇറക്കുമതി തീരുവയ്ക്ക് പിന്നാലെ ചൈനയും അതേ നാണയത്തില്‍ തിരിച്ചടിച്ചിരുന്നു. തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തില്‍ വലിയ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ആപ്പിള്‍ ഉള്‍പ്പെടെയുള്ള അമേരി ക്കന്‍ കമ്പനികളില്‍ ഇന്ത്യയില്‍ വലിയ നിക്ഷേപം നടത്തുമെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു.
ഇതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ നിര്‍ദേശം. യു.എസില്‍ വില്‍ക്കുന്ന ഐഫോണുകള്‍ ഇന്ത്യയിലോ മറ്റേതെങ്കിലും രാജ്യത്തോ നിര്‍മ്മിക്കേണ്ടതില്ല. അവ യു.എസില്‍ തന്നെ നിര്‍മ്മിക്കണം. അല്ലാത്തപക്ഷം കുറഞ്ഞത് 25 ശതമാനം തീരുവ ആപ്പിള്‍ നല്‍കേണ്ടി വരുമെന്നും ട്രംപ് ഇന്നലെ വ്യക്തമാക്കി.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആപ്പിള്‍ ഐഫോണുകളുടെ ഏറ്റവും വലിയ നിര്‍മാണ കേന്ദ്രങ്ങളില്‍ ഒന്നായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. കമ്പനിയുടെ രാജ്യത്തെ നിര്‍മാണ ശാലകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 12 മാസത്തിനുള്ളില്‍ 22 ബില്യണ്‍ ഡോളറിന്റെ സ്മാര്‍ട്ട് ഫോണുകളാണ് ഉത്പാദിപ്പിച്ചത്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആപ്പിള്‍ ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മാണം 60 ശതമാനം വര്‍ധിപ്പിച്ചിരുന്നു. ഇതിനിടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. എന്നാല്‍ യുഎസ് ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശത്തോട് ആപ്പിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.