വ്യക്തമായ ഭൂരിപക്ഷമില്ലെങ്കില്‍, സര്‍ക്കാരുണ്ടാക്കാന്‍ രാഷ്ട്രപതി ആരെ വിളിക്കണം?


ന്യൂഡല്‍ഹി: ഏതെങ്കിലും പാര്‍ട്ടിക്കോ മുന്നണിക്കോ വ്യക്തമായ ഭൂരിപക്ഷമില്ലെങ്കില്‍ സര്‍ക്കാരുണ്ടാക്കാന്‍ രാഷ്ട്രപതി ആരെയാണ് വിളിക്കേണ്ടത്? ഭരണഘടനയില്‍ ഇതേക്കുറിച്ച് ഒന്നും പറയുന്നില്ല. പ്രധാനമന്ത്രിയെ എങ്ങനെ നിയമിക്കുമെന്നതിനേക്കുറിച്ചും ഭരണഘടനയില്‍ മൗനമാണ്. അതിനാല്‍ കീഴ്‌വഴക്കങ്ങളാണ് ഇക്കാര്യങ്ങളില്‍ പാലിക്കപ്പെടുന്നത്.

ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ആരെയാണ് രാഷ്ട്രപതി സര്‍ക്കാരുണ്ടാക്കാന്‍ വിളിക്കേണ്ടതെന്നോ അതിന്റെ മാനദണ്ഡങ്ങളെന്താണെന്നോ ഭരണഘടയില്‍ പറയുന്നില്ല. 1983-ല്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സര്‍ക്കാരിയ കമ്മിഷന്റെ റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച ചില മാര്‍ഗനിര്‍ദേശങ്ങള്‍ പറയുന്നതെന്ന് ലോക്‌സഭാ മുന്‍ സെക്രട്ടറി ജനറല്‍ പി.ഡി.ടി. ആചാരി ചൂണ്ടിക്കാട്ടി. ഇതുപ്രകാരം ഏറ്റവും കൂടുതല്‍ സീറ്റ് ലഭിച്ച, തിരഞ്ഞെടുപ്പിന് മുന്‍പുള്ള സഖ്യത്തേയാണ് ആദ്യം ക്ഷണിക്കേണ്ടത്. രണ്ടാമത്തെ അവസരം ഏറ്റവും വലിയ ഒറ്റക്കക്ഷിക്കാണ്. അതിന് ശേഷമാണ് തിരഞ്ഞെടുപ്പിന് ശേഷമുണ്ടാക്കിയ സഖ്യത്തെ വിളിക്കേണ്ടത്.

1998-ല്‍ ബി.ജെ.പി. നേതാവ് എ.ബി. വാജ്പയിയെ ക്ഷണിക്കുമ്പോള്‍ സുസ്ഥിര സര്‍ക്കാരുണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിക്കുമോ എന്ന് ബോധ്യപ്പെടുന്നതിനായി, പിന്തുണയ്ക്കുന്ന അംഗങ്ങളുടെ രേഖാമൂലമുള്ള തെളിവ് വേണമെന്ന് അന്നത്തെ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ ആവശ്യപ്പെട്ടിരുന്നു. അന്ന് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പി.ക്ക് 182 സീറ്റുകളാണുണ്ടായിരുന്നത്. തുടര്‍ന്ന് സഭയില്‍ വിശ്വാസം തെളിയിച്ചെങ്കിലും ഒരു വര്‍ഷത്തിന് ശേഷം അണ്ണാ ഡി.എം.കെ. പന്തുണ പിന്‍വലിച്ചതോടെ സര്‍ക്കാര്‍ വീണു.

രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ 1998-ലെ കുറിപ്പ് ശ്രദ്ധേയമാണെന്ന് സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് പദ്മനാഭന്‍ ചൂണ്ടിക്കാട്ടുന്നു. ഏതെങ്കിലും പാര്‍ട്ടിക്കോ തിരഞ്ഞെടുപ്പിന് മുന്‍പുള്ള സഖ്യത്തിനോ വ്യക്തമായ ഭൂരിപക്ഷമില്ലെങ്കില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിക്ക് അവസരം നല്‍കണമെന്നും അങ്ങനെ വന്നാല്‍ പ്രധാനമന്ത്രി നിശ്ചിതസമയത്തിനകം സഭയില്‍ വിശ്വാസം തെളിയിക്കണമെന്നും അതിൽ പറയുന്നു.

രാഷ്ട്രപതിക്ക് തന്റെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാന്‍ സഹായോപദേശങ്ങള്‍ നല്‍കുന്നതിന് പ്രധാനമന്ത്രി തലവനായി മന്ത്രിസഭയുണ്ടായിരിക്കണം എന്നാണ് ഭരണഘടനയുടെ 74(1) അനുച്ഛേദത്തില്‍ പറയുന്നത്. മന്ത്രിസഭയിലെ തുല്യരില്‍ മുമ്പനാണ് പ്രധാനമന്ത്രി. രാഷ്ട്രപതിക്കാണ് പ്രധാനമന്ത്രിയെ നിയമിക്കാന്‍ അധികാരമെന്നല്ലാതെ അത് എങ്ങനെയായിരിക്കണം എന്ന് ഭരണഘടനയില്‍ വ്യക്തമാക്കുന്നില്ല.

കൂട്ടുകക്ഷി സര്‍ക്കാര്‍: രാഷ്ട്രപതിമാരുടെ കീഴ്‌വഴക്കങ്ങള്‍

1979-ല്‍ മൊറാര്‍ജി ദേശായി പ്രധാനമന്ത്രിപദം രാജിവെച്ചപ്പോള്‍ അന്നത്തെ രാഷ്ട്രപതി നീലം സഞ്ജീവ് റെഡ്ഡി പ്രതിപക്ഷ നേതാവായിരുന്ന വൈ.ബി. ചവാനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു. ചവാന് അംഗങ്ങളുടെ പിന്തുണ ലഭിച്ചില്ല. തുടര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച ചരണ്‍ സിങ്ങിന് സഭയില്‍ വിശ്വാസം തെളിയിക്കാനാവാത്തതിനേത്തുടര്‍ന്ന് രാഷ്ട്രപതി പാര്‍ലമെന്റ് പിരിച്ചുവിട്ടു.

1989-ലെ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമുണ്ടായില്ല. തുടര്‍ന്ന് സര്‍ക്കാരുണ്ടാക്കാനുള്ള രാഷ്ട്രപതി ആര്‍. വെങ്കട്ടരാമന്റെ ക്ഷണം രാജീവ് ഗാന്ധി സ്വീകരിച്ചില്ല. തുടര്‍ന്ന് വി.പി. സിങ് അധികാരമേറ്റെങ്കിലും ബി.ജെ.പി. പിന്തുണ പിന്‍വലിച്ചതോടെ വീണ്ടും രാജീവ് ഗാന്ധിയെ തന്നെ രാഷ്ട്രപതി ക്ഷണിച്ചു. രാജീവ് ഒരിക്കല്‍ കൂടി ക്ഷണം നിരസിച്ചുകൊണ്ട് ചന്ദ്രശേഖറിന് പിന്തുണ നല്‍കുകയും അദ്ദേഹം പ്രധാനമന്ത്രിയാവുകയും ചെയ്തു.

1996-ല്‍ വാജ്പയിക്ക് ഭൂരിപക്ഷം തെളിയിക്കാനാവാതെ 13 ദിവസത്തിനകം രാജിവെക്കേണ്ടിവന്നു. തുടര്‍ന്ന് 1996 ജൂണ്‍ ഒന്നിന് അധികാരമേറിയ എച്ച്.ഡി. ദേവെ ഗൗഡയ്ക്ക് അടുത്തവര്‍ഷം ഏപ്രില്‍ 11-ന് കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചപ്പോള്‍ രാജിവെക്കേണ്ടിവന്നു. തുടര്‍ന്ന് 1997 ഏപ്രില്‍ 21-ന് പ്രധാനമന്ത്രിയായ ഐ.കെ. ഗുജറാളിനോട് രണ്ട് ദിവസത്തിനകം വിശ്വാസം തെളിയിക്കാനാണ് രാഷ്ട്രപതി ആവശ്യപ്പെട്ടത്. പിന്നീട് 1997 നവംബര്‍ 28-ന് കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതോടെ ഗുജ്‌റാള്‍ സര്‍ക്കാര്‍ വീണു. പിന്നീടാണ് വാജ്പയിയുടെ, 13 ദിവസവും പിന്നീട് 13 മാസവും അതിന് ശേഷം കാലാവധി പൂര്‍ത്തിയാക്കിയതുമായ മൂന്ന് സര്‍ക്കാരുകള്‍ വന്നത്.


Read Previous

പ്ലസ്ടു വിദ്യാര്‍ഥികളുടെ മരണം: കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്ക് രണ്ട് വര്‍ഷം കഠിന തടവും പിഴയും

Read Next

തിരഞ്ഞെടുപ്പ് ഫല പ്രവചനം നടത്തുന്ന പരിപാടി നിര്‍ത്തുന്നു; പ്രശാന്ത് കിഷോര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »